
മലയാള സിനിമയിലെ എവര്‍ഗ്രീന്‍ നായികമാരില്‍ മുന്‍നിരയിലുളള താരമാണ് നദിയ മൊയ്തു. തന്റെ ഹോളി ആഘോഷ ചിത്രങ്ങൾ പങ്കിടുകയാണ് താരമിപ്പോൾ. സമൂഹമാധ്യമങ്ങളിൽ നദിയ പങ്കുവച്ച ഹോളി ആഘോഷവീഡിയോയിൽ രൺബീർ കപൂറിനെയും ആലിയയേയും മകൾ റാഹയേയും കാണാം.
രൺബീറിന്റെയും ആലിയയുടെയും കവിളിൽ വർണ്ണപ്പൊടികൾ തേയ്ക്കുന്ന നദിയയെ ആണ് വീഡിയോയിൽ കാണാനാവുക. നാനിയ്ക്ക് ഒപ്പം നിൽക്കുന്ന കുഞ്ഞു റാഹയേയും വീഡിയോയിൽ കാണാം.
മുംബൈയിൽ കുടുംബത്തോടൊപ്പം താമസിക്കുകയാണ് നദിയ. 1988 ൽ ഷിരിഷ് ഗോദ്ബോലെയുമായി വിവാഹിതയായ നദിയ 2007 കാലഘട്ടം വരെ വിദേശത്താണ് താമസിച്ചിരുന്നത്. പിന്നീട് 2008 ലാണ് മുംബൈയിൽ തിരിച്ചെത്തിയത്. ഫാസിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'നോക്കത്താ ദൂരത്ത് കണ്ണുംനട്ട്' എന്ന ചിത്രത്തിലൂടെയാണ് നദിയ സിനിമാലോകത്തെത്തുന്നത്.
മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ അറുപത്തോളം സിനിമകളില്‍ നദിയ അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം വിദേശത്തേയ്ക്കു പോയ നദിയ പിന്നീട് 2004 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം 'എം കുമരന് സണ്‍ ഓഫ് മഹാലക്ഷ്മി' യിലൂടെയാണ് തിരിച്ചുവരുന്നത്.'വണ്ടർ വുമൺ' ആണ് അവസാനമായി പുറത്തിറങ്ങിയ നദിയയുടെ മലയാള ചിത്രം.






