
കോട്ടയം: ഭര്‍ത്താവിന് പിറന്നാള്‍ സമ്മാനം വാങ്ങി മടങ്ങവേ, ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. നീറിക്കാട് കല്ലമ്പള്ളി കൊല്ലംകുഴിയില്‍ ബിനോയിയുടെ ഭാര്യ പ്രിയ(48)യാണ് മരിച്ചത്. ഇന്നലെ െവെകിട്ട് ആറോടെ നാഗമ്പടം റെയില്‍വേ മേല്‍പ്പാലത്തിലാണ് അപകടം. ഇന്നലെ ബിനോയിയുടെ പിറന്നാള്‍ ദിനമായിരുന്നു.
ആഘോഷത്തിന്റെ ഭാഗമായി ബിനോയിയ്ക്കു ഇരുവരും ചേര്‍ന്ന് സമ്മാനം വാങ്ങി ടൗണില്‍ നിന്നു വരുമ്പോഴാണ് അപകടമുണ്ടായത്.
ബിനോയി ഓടിച്ചിരുന്ന സ്കൂട്ടറില്‍ ലോറി തട്ടുകയും പ്രിയ റോഡിലേക്കു വീഴുകയുമായിരുന്നു. റോഡിന് നടുവിലേക്ക് തലയിടിച്ച് വീണപ്പോഴുണ്ടായ ഗുരുതര പരുക്കാണ് മരണകാരണമായത്. ബിനോയി പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.
പ്രിയ ലോറിക്കടിയിലേക്കു വീണത് ലോറി ഡ്രൈവര്‍ അറിഞ്ഞിരുന്നില്ല. മറ്റൊരു അപകട സ്ഥലത്തേക്കു പോയ പോലീസ് സംഘം പ്രിയ ടയറിനടിയില്‍ കുടുങ്ങിക്കിടക്കുന്നതു കണ്ട് ലോറി നിര്‍ത്തിക്കുകയായിരുന്നു.
പൊടി ഉല്‍പ്പന്നങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഓട്ടോറിക്ഷയില്‍ എത്തിച്ച് വില്പന നടത്തുന്നയാളാണ് ബിനോയി. പ്രിയയും വില്‍പ്പനയില്‍ സഹായിക്കാറുണ്ട്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. മക്കള്‍: ഗംഗ (ഫാഷന്‍ ഡിെസെനര്), ഗായത്രി (പത്താം ക്ലാസ് വിദ്യാര്‍ഥി). ഗായത്രിയുടെ പരീക്ഷ ഇന്നലെയാണ് അവസാനിച്ചത്.






