
നിര്‍മ്മാണത്തിലെ വിചിത്ര പ്രത്യേകതകള്‍ കൊണ്ട് ലോകത്തെ ഞെട്ടിച്ച പല നിര്‍മ്മിതികളും ഉണ്ട്. ഇവയെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇടംനേടാറുണ്ട് . ഇത്തരത്തില്‍ നിര്‍മ്മാണ പ്രത്യേകതകൊണ്ട് നെറ്റീസണ്‍സിനിടയില്‍ ചര്‍ച്ചയാകുകയാണ് ഇറ്റലിയിലെ ഒരു കെട്ടിടം.
ഈ കെട്ടിടം അതിന്റെ പരിമിതമായ വലിപ്പം കൊണ്ടാണ് ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളുടെ ഹൃദയം കീഴടക്കുന്നത്. ലോകത്തിലെ ഏറ്റവും ഇടുങ്ങിയ വീട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കെട്ടിടം ഇറ്റലിയിലെ പെട്രോലിയ സോട്ടയിലാണ് സ്ഥിതി ചെയ്യുന്നത്. ദൂരസ്ഥലങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ പോലും കെട്ടിടത്തിന്റെ നിര്മ്മാണ് വൈദഗ്ദ്ധ്യം കാണാന്‍ ഇവിടേക്ക് എത്താറുണ്ട്. കാസ ഡു കുറിവു(Casa Du Currivu) ഹൗസ് ഓഫ് സ്പൈറ്റ് എന്നാണ് ഈ കുഞ്ഞന്‍ വീട് അറിയപ്പെടുന്നത്. സിസിയിലെ മലനിരകളില്‍ സ്ഥിതിചെയ്യുന്ന ഈ ഇരുനില വീടിന് വെറും 3 അടി മാത്രമാണ് വീതി. അതായത് ഒരേ സമയം രണ്ട് വ്യക്തികള്‍ക്ക് പോലും ഇതിനുള്ളില്‍ ഒരുമിച്ച് നില്ക്കാന് കഴിയില്ല.
1950 കളില്‍ അയല്‍ക്കാര്‍ തമ്മിലുണ്ടായ ഒരു തര്‍ക്കമാണ് ഈ വിചിത്രമായ വാസസ്ഥലത്തിന്റെ നിര്‍മ്മാണത്തില്‍ കലാശിച്ചത്. ഇറ്റലിയിലെ പ്രാദേശിക കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ അനുസരച്ച് ഒരു വ്യക്തിയ്ക്ക് തന്റെ കെട്ടിടത്തിന്റെ മേല്‍ക്കൂര ഉയര്‍ത്തി പണിയണമെങ്കില്‍ അയല്‍വാസിയുടെ സമ്മതം വാങ്ങിക്കണം. എന്നാല്‍ ഒരാള്‍ മറ്റൊരാളുടെ സമ്മതം വാങ്ങാതെ അവരുടെ മേല്‍ക്കൂര ഉയര്‍ത്താന്‍ തീരുമാനിച്ചതോടെ ഇരുവരും തമ്മില്‍ കലഹാമായി.
ഇതിനൊടുവില്‍ പകപോക്കാന്‍ അനധികൃതമായി കെട്ടിട നിര്‍മ്മാണം നടത്തിയ അയല്‍വാസിയുടെ വീടിനോട് ചേര്‍ന്ന് കിടന്ന സ്ഥലത്ത് പുതിയൊരു കെട്ടിടം പണിയാന്‍ തര്‍ക്കത്തിലേര്‍പ്പെട്ട മറ്റേ അയല്ക്കാരന് തീരുമാനിച്ചു. അങ്ങനെ ആ പ്രതികാരത്തില്‍ നിര്‍മ്മിച്ചതാണ് ഈ മൂന്നടിയുള്ള ഇടുങ്ങിയ കെട്ടിടം.






