
കഴിഞ്ഞ കുറെ ദിവസങ്ങളായി കലാമണ്ഡലം സത്യഭാമയും ആര്‍എല്‍വി രാമകൃഷ്ണനുമാണ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. നിറത്തിന്റെ പേരില്‍ രാമകൃഷ്ണനെ അവഹേളിച്ചും അപമാനിച്ചും കലാമണ്ഡലം സത്യഭാമ സംസാരിച്ചതാണ് വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്. പേരെടുത്ത് പറഞ്ഞില്ലെങ്കിലും കേട്ടാല്‍ ആര്‍ക്കും മനസ്സിലാകുന്ന തരത്തിലാണ് മോഹിനിയാട്ടം കലാകാരനെ അധിക്ഷേപിച്ച സത്യഭാമ ഒരു യൂട്യൂബില്‍ ചാനലില്‍ സംസാരിച്ചത്. ഈ സംഭവത്തില്‍ പല താരങ്ങളും സാധാരണക്കാരും തങ്ങളുടെ അമര്‍ഷവും അഭിപ്രായങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ട്. ആര്‍എല്‍വി രാമകൃഷ്ണനെ പിന്തുണച്ചാണ് പലരുടെയും പോസ്റ്റ്.
ഇപ്പോഴിതാ കലാമണ്ഡലം സത്യഭാമയുടെ പരാമർശത്തോടുള്ള തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടൻ ഫഹദ് ഫാസില്‍.
പറഞ്ഞതും ചെയ്തതും തെറ്റെന്നായിരുന്നു ഫഹദ് പറഞ്ഞത്. ആലുവ യുസി കോളേജില്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ആവേശ’ത്തിന്റെ പ്രൊമോഷന് എത്തിയപ്പോഴാണ് സത്യഭാമക്കെതിരെ ഫഹദ് ഫാസില്‍ പ്രതികരിച്ചത്.
ആവേശം സിനിമയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കിടെ ഒരു പെണ്‍കുട്ടിയാണ് സത്യഭാമയുടെ പരാമർശത്തോട് ഫഹദ് ഫാസില്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് ചോദിച്ചത്. ‘‘എന്റെ നിലപാട് ഞാൻ അങ്ങു പറഞ്ഞേക്കാം. ഇനി ഇങ്ങനത്തെ ചോദ്യങ്ങള്‍ ചോദിക്കണ്ട, അവർ ചെയ്തത് തെറ്റാണ്, പറഞ്ഞത് തെറ്റാണ്...’’ ഫഹദ് ഫാസില്‍ പറഞ്ഞു.
2023ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകന് ജിത്തു മാധവന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവേശം. രങ്കൻ എന്ന കഥാപാത്രമായാണ് സിനിമയില്‍ ഫഹദ് എത്തുന്നത്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.






