
ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ മറ്റൊരു മോഡലിനെ കൂടി പ്രദര്‍ശിപ്പിച്ച് ഞെട്ടിച്ചിരിക്കുകയാണ്. കൂപ്പെ എസ്യുവി സ്റ്റൈലുമായാണ് പുത്തന്‍ വാഹനം എത്തുന്നത്. ബസാള്‍ട്ട് എന്നാണ് ഈ വാഹനത്തിന് പേര് ഇട്ടിരിയ്ക്കുന്നത്. ഈ വര്‍ഷം രണ്ടാം പകുതിയില്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്താനിരിക്കുന്ന മോഡലിന്റെ എക്സ്റ്റീരിയര്‍ ഡിസൈനാണ് സിട്രണ്‍ പരിചയപ്പെടുത്തിയിരിക്കുന്നത്. കണ്‍സെപ്റ്റ് പതിപ്പിലാണ് അരങ്ങേറ്റം കുറിച്ചിരിക്കുന്നതെങ്കിലും പ്രൊഡക്ഷന്‍ പതിപ്പും ഏതാണ്ട് സമാനമായിരിക്കും. ബസാള്‍ട്ട് ഇവിടെ ഇന്ത്യയില്‍ തന്നെ പ്രാദേശികമായി നിര്‍മിക്കാനാണ് പദ്ധതി. കൂടാതെ ദക്ഷിണ അമേരിക്കന്‍ വിപണികളിലേക്കും കയറ്റുമതി ചെയ്യും.
ഡിസൈന്‍ അനുസരിച്ച് ഉയര്‍ന്ന റൈഡിംഗ് സ്റ്റാന്‍സുള്ള ഒരു സെഡാന് പോലെ തോന്നിക്കുന്ന സവിശേഷമായ നോച്ച്ബാക്ക് ഡിസൈനാണ് ബസാള്‍ട്ടിന്റെ സവിശേഷത. പുതുതായി രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ട്വീക്ക് ചെയ്ത ഫ്രണ്ട് ബമ്പറുകള്‍, പുതിയ അലോയ് വീലുകള്‍, ചങ്കി വീല്‍ ആര്‍ച്ചുകള്‍, ഡ്യുവല്‍-ടോണ്‍ എക്സ്റ്റീരിയര്‍ ഹ്യൂ എന്നിവയെല്ലാം അതിമനോഹരമാണ്. ഗണ്‍-മെറ്റല്‍ ഫിനിഷുള്ള സ്റ്റൈലിഷ് അലോയ് വീലുകളാണ് വശക്കാഴ്ച്ചയിലെ ഹൈലൈറ്റ്. പിന്‍ഭാഗത്തേക്ക് വന്നാല്‍ എല്‍ഇഡി ടെയില്‍ലാമ്പുകള്‍, സില്‍വര്‍ ഫോക്സ് പ്ലേറ്റ്, മധ്യഭാഗത്ത് ഒരു വലിയ സിട്രോണ്‍ ലോഗോ എന്നിവയാണ് ബസാള്‍ട്ടിനെ സ്റ്റൈലാക്കുന്നത്.
അകത്ത് ബസാള്‍ട്ട് കൂപ്പെ എസ്യുവിക്ക് വയര്‍ലെസ് കണക്റ്റിവിറ്റി, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, കീലെസ് എന്‍ട്രി, വയര്‍ലെസ് ചാര്‍ജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ക്രൂയിസ് കണ്ട്രോള് എന്നിവയെല്ലാം ലഭിക്കും. ഒപ്പം വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്ക്രീനും വണ്ടിയിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സേഫ്റ്റി ഫീച്ചറുകളിലേക്ക് നോക്കിയാല്‍ സ്റ്റാന്‍ഡേര്‍ഡായി ആറ് എയര്‍ബാഗുകള്‍, സെന്‍സറുകളുള്ള റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ISOFIX, TPMS എന്നിവ പോലുള്ള മോഡേണ്‍ സംഗതികളാല്‍ സിട്രണ്‍ ബസാള്‍ട്ട് സമ്പന്നമായിരിക്കും. ഈ വര്‍ഷം അവസാന പകുതിയില്‍ വില്‍പ്പനയ്ക്കെത്തുന്നതിന് മുമ്പ് കൂപ്പെ എസ്യുവിയെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പ്രഖ്യാപിക്കുമെന്ന് സിട്രണ്‍ പറയുന്നു.






