
പാട്ന: ബീഹാറിലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് നിലയിൽ 'ഇന്ത്യ' സഖ്യം ധാരണയിലെത്തി. ആർ ജെ ഡിക്കൊപ്പം കോൺഗ്രസും സി പി എമ്മും സി പി ഐയും ഒന്നിച്ചാണ് എൻ ഡി എ സഖ്യത്തെ നേരിടുക. കോൺഗ്രസ് നേതാവ് മുകുൾ വാസ്നിക്കിന്റെ നേതൃത്വത്തിലാണ് ബിഹാറിലെ സീറ്റ് വിഭജന ഫോർമുലയുമായി ബന്ധപ്പെട്ട അവസാനവട്ട ചർച്ചകൾ നടന്നത്
40 ലോക്സഭാ മണ്ഡലങ്ങളിൽ ലാലു പ്രസാദിന്റെയും തേജസ്വി യാദവിന്റെയും ആർ ജെ ഡി 26 സീറ്റിലാകും ഇക്കുറി പോരാടുക. ഗയ, നവാഡ, ജഹാനാബാദ്, ഔറംഗബാദ്, ബുക്സര്, പാടലീപുത്ര, മുംഗര്, ജാമുയി, ബാഹ്ക, വാല്മീകി നഗര്, പൂര്വി ചമ്പാരണ്, ഷെയോഹര്, സീതാമാര്ഹി, വൈശാലി, സരണ്, സിവാന്, ഗോപാല്ഗഞ്ജ്, ഉജിയാര്പൂര്, ദര്ഭംഗ, മധുബനി, ജാന്ഝാന്പൂര്, സുപോള്, മധേപുര, പുരുനിയ, അരാരിയ, ഹാസിപൂര് എന്നിവയാണ് ആര്ജെഡി മത്സരിക്കുന്നത്.
9 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ 'ഇന്ത്യ' സഖ്യത്തിനായി ഗോദയിലിറങ്ങും. കിഷന്ഗഞ്ച്, കട്ടീഹാര്, ഭഗല്പൂര്, മുസഫര്പൂര്, സമസ്തിപൂര്, വെസ്റ്റ് ചമ്പാരണ്, പട്ന സാഹിബ്, സാസരം, മഹാരാജ്ഗഞ്ച് എന്നീ സീറ്റുകളില് കോണ്ഗ്രസ് മത്സരിക്കും.
ഇടതുപക്ഷ പാർട്ടികൾക്കെല്ലാം കൂടി 5 സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. ആരാഹ്, കരാകട്ട്, നളന്ദ സീറ്റുകളാണ് സിപിഐ-എംഎല്ലിനു നല്കിയിട്ടുള്ളത്. ബെഗുസരായിയില് സിപിഐയും ഖഗാരിയയില് സിപിഎമ്മും മത്സരിക്കും. ഏപ്രിൽ 19നാണ് ബിഹാറിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ്.







Comments