
2024 ഏപ്രില്‍ മൂന്നിന് ഇന്ത്യന്‍ വിപണിക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ടൈസറിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ടൊയോട്ട. പുതിയ ഡിസൈന്‍ എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളുള്ള ചുവന്ന നിറത്തിലുള്ള കാറാണ് ടീസറില്‍ കാണപ്പെടുന്നത്. ടൊയോട്ടയുടെ ഡിസൈന്‍ ഭാഷയിലുള്ള പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഗ്രില്ലും മറ്റ് ചില കോസ്റ്റെറ്റിക് പരിഷ്കാരങ്ങളും കാറിന് ലഭിക്കുന്നു. അപ്ഡേറ്റഡ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, നവീകരിച്ച എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, പുതുക്കിപ്പണിത ഫ്രണ്ട് ആന്‍ഡ് റിയര്‍ ബമ്പറുകള്‍, ഒരു പുതിയ സെറ്റ് അലോയ് വീലുകള്‍ എന്നിവയായിരിക്കും ഫ്രോങ്ക്സില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ ടൈസറില്‍ വരുത്തുന്ന മാറ്റങ്ങള്‍.
മാരുതി സുസുക്കി ഫ്രോങ്ക്സിന് സമാനമായ സ്ക്വാറിഷ് വീല്‍ആര്‍ച്ചുകളും കൂപ്പെ ശൈലിയിലുള്ള ചെരിഞ്ഞ റൂഫും ക്രോസ്ഓവറിനുണ്ടാകുമെന്നാണ് ടീസര്‍ ചിത്രം സൂചിപ്പിക്കുന്നത്. ക്രോസ്ഓവറിന്റെ അകത്തളത്തില്‍ എന്തൊക്കെ ഒരുക്കിയിരിക്കുന്നു എന്നതിനെ കുറിച്ചുള്ള യാതൊരു സൂചനകളും ടൊയോട്ട ഇതുവരെ നല്‍കിയിട്ടില്ല. അര്‍ബന്‍ ക്രൂയിസര്‍ ടൈസറിന്റെ ഇന്റീരിയര്‍ ഫ്രോങ്ക്്സിന് സമാനമായിരിക്കും. ഫ്രോങ്ക്സില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്തുന്നതിനായി സീറ്റും അപ്ഹോള്‍സ്റ്ററിയും ടൊയോട്ട മാറ്റുന്നതായിരിക്കും. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള വലിയ ഫ്രീ സ്റ്റാന്‍ഡിംഗ് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ചാര്‍ജര്‍, ആംബിയന്റ് ലൈറ്റിംഗ്, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ഹെഡ് അപ്പ് ഡിസ്പ്ലേ (HUD), ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് തുടങ്ങിയ സവിശേഷതകള്‍ ക്യാബിനില്‍ പ്രതീക്ഷിക്കാം.
പവര്‍ട്രെയിനുകളും ടൈസര്‍ ഫ്രോങ്ക്സില്‍ നിന്ന് കടംകൊള്ളാനാണ് സാധ്യത. പെട്രോള്‍, പെട്രോള്‍-സിഎന്‍ജി ബൈ-ഫ്യുവല്‍ ഓപ്ഷനുകളിലും ടൈസര്‍ ലഭ്യമാകും. 89 bhp പവറും 113 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 99 bhp പവറും 148 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ യൂണിറ്റും ഇതില്‍ ഉള്‍പ്പെടുന്നു. രണ്ട് എഞ്ചിനുകളും സ്റ്റാന്‍ഡേര്‍ഡായി 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിലാണ് വരുന്നത്. അതേസമയം 1.0 ലിറ്റര്‍ എഞ്ചിന് ഓപ്ഷണലായി 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്സ്മിഷന് ലഭിക്കുമ്പോള്‍ 1.2 ലിറ്റര്‍ യൂണിറ്റില്‍ 5 സ്പീഡ് എഎംടി ഗിയര്‍ബോക്സും സജ്ജീകരിക്കാം. ഫ്രോങ്ക്സിന്റെ പെട്രോള്‍ ഓട്ടോമാറ്റക് വേരിയന്റുകള്‍ക്ക് 22.89 കിലോമീറ്ററും മാനുവല്‍ വേരിയന്റുകള്‍ക്ക് 21.79 കിലോമീറ്ററുമാണ് മൈലേജ് പറയുന്നത്.






