
പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതത്തെ പ്രശംസിച്ച് തമിഴ് സംവിധായകൻ ചിമ്പു ദേവൻ. ലോകം കണ്ട ഏറ്റവും മികച്ച സർവൈവൽ ത്രില്ലറുകളിൽ ഒന്നാണ് ആടുജീവിതം എന്നാണ് അദ്ദേഹം പറയുന്നത്. സിനിമയുടെ ആഖ്യാനം അതിഗംഭീരമാണെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
'വിസ്മയിപ്പിക്കുന്ന സിനിമ! ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സർവൈവൽ ത്രില്ലറാണിത്. മികച്ച ആഖ്യാനം. പൃഥ്വിയുടെ അഭിനയ മികവും സാങ്കേതിക വൈദഗ്ധ്യവുമാണ് ചിത്രത്തിൻ്റെ മേന്മ. പെട്ടെന്നൊന്നും മനസ്സിൽ നിന്നും പോവില്ല. അഭിനന്ദനങ്ങൾ,' ചിമ്പു ദേവൻ കുറിച്ചു. വിജയ് ചിത്രം പുലിയുടെ സംവിധായകനാണ് ചിമ്പു ദേവൻ.
അതേസമയം അആടുജീവിതം ആഗോളതലത്തിൽ 75 കോടിയിലധികം കളക്ഷനുമായി മുന്നേറുകയാണ്. അഞ്ച് ദിവസം കൊണ്ടാണ് സിനിമ 75 കോടി ക്ലബിൽ ഇടം നേടിയത്. വാരാന്ത്യത്തിൽ നേടിയ കളക്ഷൻ തിങ്കൾ, ചൊവ്വ ദിവസങ്ങളിലും തുടരാൻ ആടുജീവിതത്തിന് സാധിക്കുന്നുണ്ട്. ഈ കുതിപ്പ് തുടരുകയാണെങ്കിൽ എട്ട് ദിവസം കൊണ്ട് 100 കോടി ക്ലബിൽ ഇടം നേടാൻ സാധിക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.






