
കാരെന്‍സിന്റെ 2024 മോഡലിനെ വിപണിയില്‍ അവതരിപ്പിച്ചു കൊണ്ടാണ് കിയ പുതിയൊരു മാറ്റത്തിന് തുടക്കം കുറിക്കുന്നത്. എംപിവി മോഡലിലേക്ക് 9 പുതിയ വേരിയന്റുകള്‍ അവതരിപ്പിച്ചു കൊണ്ട് കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ കാരെന്‍സ് ലൈനപ്പിനെ അടിമുടി പൊളിച്ചെഴുതിയിരിക്കുകയാണ്. അങ്ങനെ മൊത്തത്തിലുള്ള വേരിയന്റുകളുടെ എണ്ണം 30 ആയി ഉയര്‍ത്തി. 2024 മോഡല്‍ കിയ കാരെന്‍സിലെ പ്രധാന മാറ്റങ്ങളില്‍ ഒരു പുതിയ ഡീസല്‍ എഞ്ചിന്-മാനുവല്‍ ഗിയര്‍ബോക്സ് കോമ്പോ, നിരവധി അധിക ഫീച്ചറുകള്‍, പുതിയ എക്സ്റ്റീരയര്‍ കളര്‍ ഓപ്ഷന് എന്നിവയെല്ലാമാണ് ഉള്‍പ്പെടുന്നത്. കാരെന്‍സ് ബേസ് മോഡലിന്റെ വില 10.52 ലക്ഷം രൂപയായി തുടരുകയാണെങ്കിലും പുതുതായി കൊണ്ടുവന്ന വേരിയന്റുകളുടെ എക്സ്ഷോറൂം വില 12.12 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.
അതേസമയം എക്സ്ക്ലൂസീവ് ഫീച്ചറുകളോടെ അപ്ഡേറ്റ് ചെയ്ത കിയ കാരെന്‍സിന്റെ ടോപ്പ് എന്‍ഡ് തലൈന് വേരിയന്റിന് 19.67 ലക്ഷം രൂപ എക്സ്ഷോറൂം രൂപ വിലവരും. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആദ്യമായി എംപിവിയിലേക്ക് അവതരിപ്പിച്ച തലൈന് പതിപ്പിന്റെ ഫീച്ചര്‍ ലിസ്റ്റും കമ്പനി മെച്ചപ്പെടുത്തിയിട്ടുണ്ട്. എല്ലാ വിന്‍ഡോകളും നിയന്ത്രിക്കുന്നതിനുള്ള വോയ്സ് കമാന്‍ഡുകളും ഡാഷ്ക്യാമും അവതരിപ്പിച്ചതാണ് ടോപ്പ് എന്‍ഡ് വേരിയന്റിനെ വേറിട്ടു നിര്‍ത്തുന്നത്. നേരത്തെ 6 സീറ്റര്‍ ഓപ്ഷനില്‍ മാത്രം വിറ്റിരുന്ന തലൈനില് 7 സീറ്റ് കോണ്‍ഫിഗറേഷനും കിയ ചേര്‍ത്തിട്ടുണ്ട്. കൂടാതെ കാരെന്‍സിന്റെ ഈ സ്പോര്‍ട്ടിയര്‍ പതിപ്പില്‍ വാഗ്ദാനം ചെയ്തിരുന്ന പഴയ 120W ചാര്‍ജറിന് പകരം പുതിയ 180W ചാര്‍ജര്‍ ഉപയോഗിച്ച് കൂടുതല്‍ മെച്ചപ്പെടുത്താനും കമ്പനി തയാറായിട്ടുണ്ട്.
എംവിയുടെ എല്ലാ വേരിയന്റുകളിലും ഈ ഫീച്ചര്‍ ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് ആണെന്ന കാര്യവും കിയ ഇന്ത്യ പ്രത്യേകം ഓര്‍മപ്പെടുത്തിയിട്ടുണ്ട്. പലരും കാത്തിരുന്ന ഡീസല്‍-മാനുവല്‍ കോമ്പിനേഷന്‍ തിരികെ വന്നിട്ടുണ്ടെന്നതാണ് ഹൈലൈറ്റ്. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി വരുന്ന പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് കിയ കാരെന്സിലേക്ക് ചേര്‍ത്തിരിക്കുന്നത്. U2 1.5 VGT ഡീസല്‍ മാനുവല്‍ ഓപ്ഷന് ആറ്, ഏഴ് സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാകും. പ്രീമിയം, പ്രീമിയം (O), പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നിങ്ങനെയുള്ള വേരിയന്റുകളിലാണ് ഈ കോമ്പിനേഷന്‍ കിട്ടുന്നത്.
മറ്റ് വേരിയന്റുകളിലും കിയ കൂടുതല്‍ ഫീച്ചറുകള്‍ ചേര്‍ത്തിട്ടുണ്ട്. 6 സ്പീഡ് ഓട്ടോമാറ്റിക്, 7 സ്പീഡ് ഡിസിടി ഗിയര്‍ബോക്സുകളില്‍ ലഭ്യമായ പ്രസ്റ്റീജ് പ്ലസ് (O) ട്രിമ്മിലേക്ക് സണ്‍റൂഫ്, എല്‍ഇഡി മാപ്പ് ലാമ്പ്, റൂം ലാമ്പ് എന്നിവ അവതരിപ്പിച്ചതാണ് ഇതില്‍ ഹൈലൈറ്റ്. കാരെന്‍സിന്റെ പ്രസ്റ്റീജ് (O) ഇപ്പോള്‍ ആറ് സീറ്റുകളും ഏഴ് സീറ്റ് കോണ്‍ഫിഗറേഷനുകളും സ്വന്തമാക്കാനും അവസരമുണ്ട്. അതോടൊപ്പം തന്നെ ലെതറെറ്റ് ഗിയര്‍ നോബ്, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ടോടുകൂടിയ സ്മാര്‍ട്ട് കീ, എല്‍ഇഡി റിയര്‍ കോമ്പിനേഷന്‍ ലാമ്പ്, എല്‍ഇഡി ഡിആര്‍എല്ലുകള്‍, പൊസിഷനിംഗ് ലാമ്പ് എന്നിവയും അധികമായി കിട്ടും. കീലെസ് എന്‍ട്രി, 8-സ്പീക്കര്‍ ഓഡിയോ സിസ്റ്റം, സ്റ്റിയറിംഗ് വീലുകളില്‍ മൗണ്ടഡ് കണ്ട്രോള്, ഷാര്‍ക്ക് ഫിന് ആന്റിന, ബര്‍ഗ്ലാര്‍ അലാറങ്ങള്‍, മെച്ചപ്പെടുത്തിയ സുരക്ഷാ ഫീച്ചറുകള്‍ തുടങ്ങിയ സവിശേഷതകളും കാരെന്‍സിന്റെ പ്രീമിയം (O) ട്രിമ്മില്‍ ഒരുക്കിയിട്ടുണ്ട്.
1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് എന്നിവ ഉള്‍പ്പെടുന്ന മൂന്ന് എഞ്ചിന് ചോയ്സുകളോടെയാണ് കിയ കാരെന്‍സ് വാഗ്ദാനം ചെയ്യുന്നത്. U2 1.5 VGT ഡീസല്‍ എഞ്ചിന് ഇപ്പോള്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സിന് പുറമെ പുതിയ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും ലഭിക്കുന്നുണ്ട്. ഇത് 113 bhp കരുത്തില്‍ 250 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ഇതിന് കഴിയും.






