
തെലുഗു സിനിമ ലോകത്ത് 'യംഗ് ടൈഗര്‍' എന്ന് വിളിപ്പേരുള്ള താരമാണ് ജൂനിയര്‍ എന്‍ടിആര്‍. ഇപ്പോള്‍ ഒരു പുത്തന്‍ മെര്‍സിഡീസ് ബെന്‍സ് മെയ്ബാക്ക് S-ക്ലാസ് S 580 ആഡംബര കാര്‍ സ്വന്തമാക്കിയിരിയ്ക്കുകയാണ് ജൂനിയര്‍ എന്‍ടിആര്‍. താരം ഖൈര്‍താബാദ് റോഡ് ട്രാന്‍സ്പോര്‍ട്ട് ഓഫീസ് സന്ദര്‍ശിക്കുന്നതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ തരംഗമായിരിക്കുകയാണ്. ജൂനിയര്‍ എന്‍ടിആര്‍ കാഷ്വല്‍ വസ്ത്രം ധരിച്ച് സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് പുറത്തേക്ക് വരുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
നിരവധി ആഡംബര കാറുകള്‍ ജൂനിയര്‍ എന്ടിആറിനുണ്ട്. രാജ്യത്തെ ഏറ്റവും വില കൂടിയ കാറുകളും ഇക്കൂട്ടത്തില്‍ പെടുന്നു. മെര്‍സിഡീസ് ബെന്‍സ് GLS, ലംബോര്‍ഗിനി ഉറൂസ്, റേഞ്ച് റോവര്‍ വോഗ്, ബിഎംഡബ്ല്യു 7-സീരീസ്, പോര്‍ഷ 718 കായെന് എന്നിവയാണ് അതില്‍ ചിലത്. ഇപ്പോള്‍ മെര്‍സിഡീസിന്റെ ലക്ഷ്വറി സെഡാന് കൂടി ചേര്‍ത്ത് തന്റെ ഗരാജ് വീണ്ടും വലുതാക്കിയിരിക്കുകയാണ് ജൂനിയര്‍ എന്‍ടിആര്‍. മെര്‍സിഡീസ്-മെയ്ബാക്ക് കാറുകള്‍ ഇന്ത്യന്‍ സെലിബ്രിറ്റികള്‍ക്കിടയില്‍ ജനപ്രിയമാണ്. മെര്‍സിഡീസ് ബെന്‍സ് ഇന്ത്യയുടെ മുന്‍നിര സെഡാന് മോഡലായ മെയ്ബാക്ക് S580-ക്ക് 2.70 കോടി രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. നോട്ടിക് ബ്ലൂ നിറത്തില്‍ ഫിനിഷ് ചെയ്തിരിക്കുന്ന കാറാണ് താരം സ്വന്തമാക്കിയതെന്നാണ് സൂചന.
48V മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റമുള്ള 4.0-ലിറ്റര്‍ V8 ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ് ഈ മെര്‍സിഡീസ് സെഡാന്റെ ഹൃദയം. 496 bhp പവറും 700 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 4MATIC ഓള്-വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേര്‍ഡായി 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്സ്മിഷന് വഴി നാല് വീലുകളിലേക്കും പവര്‍ അയക്കുന്നു. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ ഈ ലക്ഷ്വറി സലൂണ്‍ വെറും 4.8 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്ക് കുതിച്ചെത്തും. ടോപ് സ്പീഡ് മണിക്കൂറില്‍ 250 കിലോമീറ്ററായി ഇലക്ട്രോണിക്കലി പരിമിപ്പെടുത്തിയിട്ടുണ്ട്. ഈ കാറിന്റെ അകത്തളത്തില്‍ നിരവധി സാങ്കേതിക, സുഖ സൗകര്യങ്ങള്‍ കുത്തിനിറച്ചതായി കാണാം.
എല്ലാ സീറ്റുകള്‍ക്കും മള്‍ട്ടി-കോണ്ടൂര് മസാജ്, ഹീറ്റഡ് ആംറെസ്റ്റുകള്‍, ഡോര്‍ പാനലുകള്‍, സീറ്റ് വെന്റിലേഷന്, റിയര്‍സീറ്റ് ഫുട്റെസ്റ്റിനുള്ള കാള്‍ഫ് മസാജര്‍ അടക്കമുള്ള ഫീച്ചറുകള്‍ ഒരുക്കിയിട്ടുണ്ട്. മുന്നിലും മധ്യത്തിലും 12.8 ഇഞ്ച് സ്ക്രീനും 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും ഉള്ള ഏറ്റവും പുതിയ MBUX ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് മോഡല്‍ പ്രവര്‍ത്തിപ്പിക്കുന്നത്. രണ്ട് 11.6 ഇഞ്ച് റിയര്‍സീറ്റ് എന്റര്ടെയ്ന്മെന്റ് സ്ക്രീനുകളും 1,750 വാട്ട് ബര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റവും കാറിലുണ്ട്. സേഫ്റ്റി ഫീച്ചറുകള്‍ കൊണ്ടും സമ്പന്നമാണ് മെര്‍സിഡീസ് മെയ്ബാക്ക് S580. എവേസിവ് സ്റ്റിയറിംഗ് അസിസ്റ്റ്, ആക്റ്റീവ് ബ്രേക്ക് അസിസ്റ്റ്, ക്രോസ്-ട്രാഫിക് ഫംഗ്ഷന് എന്നിവയടക്കം ലെവല്‍ 2 ഓട്ടോണോമസ് ഡ്രൈവിംഗുമായാണ് ഇത് എത്തുന്നത്. രണ്ട് ബെല്‍റ്റ്-ബാഗുകളും റിയര്‍ എയര്‍ബാഗുകളും ഉള്‍പ്പെടെ 13 എയര്‍ബാഗുകളാണ് ഇതില്‍ ഓഫര്‍ ചെയ്യുന്നത്. യാത്രകള്‍ കൂടുതല്‍ സുഖകരമാക്കാന്‍ റിയര്‍-ആക്സില്‍ സ്റ്റിയറിംഗും എയര്‍മാറ്റിക് എയര്‍ സസ്പെന്‍ഷനും ഓപ്ഷണലായി ലഭിക്കുന്നു.






