
യുഎഇയിലെ അബുദാബിയിലും അല്‍ ഐനിലും ചില പ്രദേശങ്ങളില്‍ മഴ. ഇന്ന് രാവിലെയാണ് കനത്ത മഴയും ഇടിമിന്നലുമുണ്ടായത്. ഇന്ന് പകല്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും ചില തീരപ്രദേശങ്ങളിലും തെക്ക് കിഴക്കന്‍ പ്രദേശങ്ങളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
അബുദാബിയിലും അല്‍ ദഫ്ര, അല്‍ ഖസ്ന, അല്‍ വത്ബ, അല്‍ ഷവാമേഖ് എന്നിവിടങ്ങളിലും മഴ പെയ്തതായി കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു. ദേശീയ കാലാവസ്ഥ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉള്‍പ്രദേശങ്ങളില്‍ പരമാവധി താപനില 32 മുതല്‍ 36 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.
അല്‍ഐനിലെ റക്നായില് രാവിലെ 6.30നാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. 10.6 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്. അബുദാബിയിൽ 32 ഡിഗ്രി സെൽഷ്യസിലേയ്ക്കും ദുബൈയിൽ 31 ഡിഗ്രി സെൽഷ്യസിലേയ്ക്കും താപനില ഉയരും. എങ്കിലും അബുദാബിയിൽ 20 ഡിഗ്രി സെൽഷ്യസും ദുബായിൽ 21 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 12 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാം.
വടക്കൻ പ്രദേശങ്ങളില്‍ രാത്രിയിലും വെള്ളിയാഴ്ച രാവിലെയും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുളളതിനാല്‍ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്ന് അബുദാബി അധികൃതർ അറിയിച്ചു.





