
തൃശൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പേരിൽ ഗുരുവായൂർ ആനക്കോട്ടയിൽ ആനയൂട്ട് വഴിപാട്. അങ്കമാലി സ്വദേശിനി ശോഭനാ രാമകൃഷ്ണന്റെ വകയാണ് ആനയൂട്ട്. രാഹുൽ ഗാന്ധി എംപി വയനാട് എന്ന പേരിലാണ് വഴിപാട് ശീട്ടാക്കിയത്. 20,000 രൂപയാണ് വഴിപാട് തുക.
2019ലെ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍നിന്നു വിജയിച്ചത്. ഇത്തവണ രാഹുലിനെതിരെ മത്സരിക്കുന്നത് സിപിഐ ദേശീയ നേതാവ് ആനി രാജയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമാണ്
രാഹുല്‍ ഇന്നലെ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലാണു സ്വത്തുവിവരങ്ങള്‍ വ്യക്തമാക്കിയത്. 11.5 കോടി രൂപയുടെ സ്ഥാവര ആസ്തികളും 9.24 കോടിയുടെ ജംഗമ ആസ്തികളും ഇതില്‍ ഉള്‍പ്പെടും.
55,000 രൂപ പണമായും 26.25 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപമായുമുണ്ട്. 4.33 കോടി രൂപയുടെ ഓഹരി നിക്ഷേപവും 3.81 കോടി രൂപയുടെ മ്യൂച്ചല്‍ ഫണ്ടുമുണ്ട്. 15.21 ലക്ഷം രൂപയുടെ സ്വര്‍ണ ബോണ്ടുകളും 4.20 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും രാഹുലിന് ഉള്ളതായി രേഖ വ്യക്തമാക്കുന്നു.






