
രാജ്യത്തെ റെയില്‍ യാത്രകളില്‍ തന്നെ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ വന്ദേഭാരത് എക്സ്പ്രസിന് സാധിച്ചിരുന്നു. വേഗത്തില്‍ എത്തുന്നത് കൂടാതെ പ്രീമിയം യാത്ര അനുഭവം കൊണ്ടും വന്ദേഭാരത് അതിവേഗം യാത്രക്കാരുടെ ഇഷ്ട ട്രെയിനുകളില്‍ ഒന്നായി മാറി. വന്ദേഭാരതുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങള്‍ മിക്ക ദിവസവും വാര്‍ത്തയാകാറുണ്ട്. ഇപ്പോള്‍ ഗുജറാത്തില്‍ നിന്നുള്ള ഒരാള്‍ക്ക് വന്ദേഭാരതില്‍ പെട്ട് പോയ അവസ്ഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഭാര്യയെ സഹായിക്കുന്നതിനായി വന്ദേഭാരതില്‍ കയറിയ ആള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാതെ പോവുകയായിരുന്നു. കോഷ എന്ന യുവതിയാണ് സംഭവം എക്സില്‍ പോസ്റ്റ് ചെയ്തത്. തന്റെ അമ്മ തന്നെ കാണാനായാണ് വഡോദരയില്‍ നിന്ന് മുംബൈയിലേക്കുള്ള വന്ദേഭാരത് ട്രെയിന്‍ ബുക്ക് ചെയ്തത്. ആദ്യമായിട്ടാണ് അമ്മ വന്ദേഭാരതില്‍ യാത്ര ചെയ്യുന്നത്. രണ്ട് വലിയ ബാഗുകള്‍ അമ്മയ്ക്കുണ്ടായിരുന്നു. അതുകൊണ്ട് എല്ലാ ഇന്ത്യന്‍ പുരുഷന്മാരെയും പോലെ തന്റെ അച്ഛന് ആ ബാഗുകള്‍ ട്രെയിനിന് അകത്ത് വയ്ക്കാന്‍ കയറി. രണ്ട് പേരും അകത്തുള്ളപ്പോള്‍ വന്ദേഭാരതിന്റെ ഡോര്‍ ബീപ്പ് ശബ്ദം മുഴക്കുകയും അച്ഛനും അമ്മയ്ക്കും കാര്യം മനസിലാകുന്നതിന് മുമ്പ് ട്രെയിന്‍ നീങ്ങി തുടങ്ങുകയും ചെയ്തു.
ടിടിഇയെ കണ്ട് കണ്ട് കാര്യം പറഞ്ഞെങ്കിലും ട്രെയിന്‍ വേഗം കൈവരിച്ച് കഴിഞ്ഞതിനാല്‍ ഇനി രക്ഷയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ അടുത്ത സ്റ്റേഷനായ സുറത്ത് വരെ അമ്മയ്ക്കും അച്ഛനും ഒന്നിച്ച് ഒരു പ്രീമിയം വന്ദേഭാരത് യാത്ര ലഭിച്ചുവെന്നാണ് കോഷ എക്സില്‍ കുറിച്ചത്. പോസ്റ്റ് അതിവേഗം തന്നെ വൈറലായി മാറി. രസകരമായ ഒരു കമന്റുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.






