
മൂന്നാര്‍: കൈയേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കു നേരെ സി.പി.എം. നേതാവും എം.എല്‍.എയുമായ എസ്. രാജേന്ദ്രന്റെ ഭാര്യ ലതയുടെ ശകാരവര്‍ഷം. ഞാന്‍ എം.എല്‍.എയുടെ ഭാര്യയാണ്, കൈയേറ്റമൊഴിപ്പിക്കരുതെന്ന ആജ്ഞയുമായി എത്തിയ ലത നടപടികള്‍ തുടര്‍ന്ന ഉദ്യോഗസ്ഥരോടു കയര്‍ത്തതായും ആക്ഷേപമുണ്ട്. എം.എല്‍.എ യുടെ വസതിക്കടുത്ത പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം ഒഴിപ്പിക്കുന്നതിനിടയിലാണ് ലതാ രാജേന്ദ്രന് എതിര്‍പ്പുമായെത്തിയത്.
ടൗണിനു സമീപത്തുള്ള ഇക്കാനഗറില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് സര്‍വേ നമ്പര്‍ 62/9 ഉള്‍പ്പെടുന്ന സ്ഥലത്തെ നാലു കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഉദ്യോഗസ്ഥരെത്തിയത്. ഇവിടം കൈയേറിയ സെല്‍വരാജ്, വളര്‍മതി എന്നിവരെയാണ് ആദ്യം ഒഴിപ്പിച്ചത്. മുന്നറിയിപ്പില്ലാതെ ഒഴിപ്പിക്കാനെത്തി എന്നുപറഞ്ഞ് കൈയേറ്റക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിഞ്ഞതോടെ ഇവര്‍ പോലീസിന്റെ സഹായം തേടുകയും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയുമായിരുന്നു. സംഘര്‍ഷത്തിനിടെ ഒഴിപ്പിക്കല്‍ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കു മര്‍ദനമേറ്റു. ഇതോടെ മടങ്ങിയ ഇവര്‍ സി.ഐ: സാം ജോസ്. എസ്.ഐ: ജിതേഷ്, ദേവികുളം സി.ഐ: പ്രമോദ് എന്നിവരുടെ അകമ്പടിയോടെ മടങ്ങിയെത്തി.
എം.എല്‍.എ അടക്കമുള്ള സി.പി.എം. നേതാക്കള്‍ താമസിക്കുന്ന ഈ പ്രദേശം ദേവികുളം ഡിവിഷനിലെ മുഴുവന്‍ പോലീസ് സേനയെയും വിളിച്ചുവരുത്തിയാണ് ഒഴിപ്പിച്ചത്. ഗിരിജ എന്ന വ്യക്തി കൈയേറി നിര്‍മിച്ച കെട്ടിടം ഒഴിപ്പിക്കുന്നതിനിടയിലാണ് എതിര്‍പ്പുമായി എം.എല്‍.എ യുടെ ഭാര്യ രംഗത്തെത്തിയത്. താന്‍ എം.എല്‍.എ യുടെ ഭാര്യയാണെന്നും ഈ കെട്ടിടം ഒഴിപ്പിക്കരുതെന്നും ഉദ്യോഗസ്ഥരോട് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും പോലീസിന്റെയും ഭൂസംരക്ഷണ സേനയുടെയും സഹായത്തോടെ ഉദ്യോഗസ്ഥര്‍ നടപടി തുടര്‍ന്നു. കൈയേറ്റം നടത്തിയ നാലു വ്യക്തികളെയും ഒഴിപ്പിച്ചു.
വന്കിടകൈയേറ്റക്കാരെ തൊടാതെ ചെറിയ കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നു എന്നാരോപിച്ച് ഒരു വിഭാഗം ആളുകളും രംഗത്തെത്തിയിട്ടുണ്ട്. അഡീഷനല്‍ തഹസില്‍ദാര്‍ ഷൈജു.പി.ജേക്കബ്, കെ.ഡി.എച്ച് ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.പി.രാജന്, എക്സിക്യുട്ടീവ് എഞ്ചിനിയര്‍ പി.വി.രാജന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭൂസംരക്ഷണ സേനയുടെയും പോലീസിന്റെയും സഹായത്തോടെ ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. വാഗവാരയിലെ കൈയേറ്റങ്ങളും പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചു. വാഗവാര പഞ്ചായത്ത് വെയിറ്റിങ് ഷെഡിന് സമീപത്തെ രണ്ടേക്കര്‍ സ്ഥലത്തെ കൈയേറ്റമാണ് പഞ്ചായത്ത് സെക്രട്ടറി എ.പി. ഫ്രാന്‍സീസിന്റെ നേതൃത്വത്തില്‍ ഒഴിപ്പിച്ചത്.






