
കലാപാരമ്പര്യമുളള കുടുംബത്തില്‍ നിന്നെത്തി മലയാളസിനിമയില്‍ തിളങ്ങിയ താരങ്ങള്‍ അനവധിയാണ്. അഭിനയ രംഗത്ത് വർഷങ്ങളുടെ അനുഭവസമ്പത്തുള്ള അന്തരിച്ച വിഖ്യാത നടൻ കൊട്ടാരക്കര ശ്രീധരൻ നായറുടെ കുടുംബത്തില്‍ നിന്ന് മലയാളസിനിമയിലെത്തിയവരാണ് മക്കളായ ശോഭമോഹനും സായ് കുമാറും ഷൈലജയുമൊക്കെ. അക്കൂട്ടത്തില്‍ ശ്രീധരന് നായരുടെ കൊച്ചുമക്കളായ അനുമോഹനും വിനുമോഹനും യുവതലമുറയ്ക്ക് ഏറെയിഷ്ടമുള്ള താരങ്ങളാണ്. നടൻ മോഹൻ കുമാറിന്റെയും നടി ശോഭ മോഹന്റെയും മക്കളായ ഇവര്‍ രണ്ടാളും മലയാള സിനിമയില്‍ തിളങ്ങി നില്ക്കുന്ന താരങ്ങളാണ്. ലോഹിതദാസ് ഒരുക്കിയ സിനിമയാണ് നിവേദ്യം എന്ന സിനിമയിലൂടെയാണ് വിനു മോഹൻ അഭിനയ രംഗത്തേക്കെത്തുന്നത്. വിനു മോഹനെയും ഭാമയെയും കേന്ദ്രകഥാപാത്രങ്ങളാക്കിയ ഈ സിനിമ മികച്ച വിജയം നേടിയിരുന്നു. വിനുവിന് നല്ലൊരു ആരാധകവൃന്ദവും അതിലൂടെ കിട്ടി.
ഇപ്പോഴിതാ വിനു മോഹന്‍ അന്നുണ്ടായിരുന്ന ആരാധക വൃന്ദത്തെക്കുറിച്ച് സംസാരിക്കുകയാണ് സഹോദരൻ അനു മോഹൻ. വിനു മോഹന്‍ അന്ന് പ്രണയ ലേഖനങ്ങള്‍ ഒരുപാട് വന്നിരുന്നെന്നും അതില്‍ രക്ത തുള്ളികള്‍ ഉണ്ടായിട്ടുള്ള കത്തുകളുമടങ്ങിയിരുന്നുവെന്നും അനു പറയുന്നു. ‘‘വീട്ടില്‍ എഴുത്തുകള്‍ വരുമായിരുന്നു. അന്ന് വാട്സാപ്പൊന്നും ഇല്ല. നമ്മുടെ കൈയിലൊക്കെ ഫോണ്‍ കിട്ടിത്തുടഫോണ് കിട്ടിത്തുടങ്ങുന്ന സമയം. കത്തുകള്‍ അട്ടിക്ക് വരും. അതില്‍ രക്ത തുള്ളികള്‍ ഉണ്ടാകും. എത്രയോ കത്തുകള്‍ വന്നു. പകുതി ഞാനാണ് വായിക്കുന്നത്. അസൂയ തോന്നുന്ന കത്തുകളൊന്നും ചേട്ടനെ കാണിക്കില്ലായിരുന്നു.
ഒരു പെണ്‍കുട്ടി വീട്ടില്‍ വന്നു. അച്ഛനും ഞാനം കൂടെ മുറ്റത്ത് നിന്ന് കാർ കഴുകിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ഓട്ടോയില്‍ ഒരു പെണ്‍കുട്ടി വന്നു. ബാഗൊക്കെയുണ്ട്. ഇത് മോഹനകൃഷ്ണന്റെ വീടല്ലേ എന്ന് ചോദിച്ചു. സിനിമയിലെ ക്യാരക്ടറിന്റെ പേരാണ് പറയുന്നത്. ചേട്ടന്റെ കൂടെ താമസിക്കാനാണ് വരവ്. മോഹനകൃഷ്ണനൊപ്പം താമസിക്കാന്‍ വന്നിരിക്കുകയാണെന്ന് പറഞ്ഞു. അവസാനം അച്ഛൻ പോയി എന്തൊക്കെയോ സംസാരിച്ച് ഓട്ടോയില്‍ തിരിച്ച് വിട്ടു. ഞാനിത് മാറി നിന്ന് കണ്ടത് ഇപ്പോഴും ഓർമയുണ്ട്. അത്തരം രസകരമായ സംഭവങ്ങളുമുണ്ടായിട്ടുണ്ട്....’’ അനു പറയുന്നു.
അനുവിനൊപ്പം അഭിമുഖത്തില്‍ അമ്മ ശോഭ മോഹനുമുണ്ടായിരുന്നു. അനു മോഹൻ സിനിമയിലേക്ക് കടന്ന് വന്നതിനെക്കുറിച്ച് പറഞ്ഞത് ശോഭ മോഹനാണ്. ‘‘ഇവനെ ഒരു സിനിമയിലേക്കും ഞാൻ റെക്കമന്റ് ചെയ്തിട്ടില്ല. എന്റെ അച്ഛൻ ഞങ്ങളെ ആരെയും റെക്കമെന്റ് ചെയ്തിട്ടില്ല. എല്ലാവരും അവരവരുടെ രീതിയില്‍ സിനിമയിലേക്ക് വന്ന് പെട്ടതാണ്. മകൻ തന്നെ സിനിമകള്‍ കണ്ട് പിടിച്ചതാണ്....’’ ശോഭ മോഹന്‍ പറയുന്നു.
നായക വേഷങ്ങളില്‍ നിന്ന് മാറി സഹനായക വേഷങ്ങളിലാണ് വിനു മോഹനെ ഇന്ന് കൂടുതല്‍ കാണാറുള്ളത്. തുടക്ക കാലത്ത് നായക വേഷങ്ങളാണ് വിനു മോഹൻ ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് ക്യാരക്ടർ റോളുകള്‍ ചെയ്യാനും നടൻ തയ്യാറായി. നടി വിദ്യ മോഹനെയാണ് വിനു വിവാഹം ചെയ്തിരിക്കുന്നത്. ഈ തിരക്കിനിടയില്‍ എന്ന സിനിമയില്‍ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അനുമോഹനും സഹനായിക വേഷങ്ങളിലാണ് നിറഞ്ഞു നില്‍ക്കുന്നത്. ഇപ്പോഴിറങ്ങുന്ന മിക്ക സിനിമകളിലും അനുവിന്റെ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ഉണ്ടാവാറുണ്ട്.






