
മോഹൻലാലിനെ നായകനാക്കി 2000ൽ സിബിമലയിൽ സംവിധാനം ചെയ്ത ചിത്രമാണ് ദേവദൂതൻ. തിയറ്ററിൽ വലിയ വിജയമായി ചിത്രം മാറിയില്ലെങ്കിലും പിന്നീട് ചിത്രം ഏറെ ചർച്ചചെയ്യപ്പെട്ടു. ഇപ്പോൾ ചിത്രത്തെ വീണ്ടും തിയറ്ററിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് സിബി മലയിൽ. സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം തന്നെയാണ് ആരാധകരെ സന്തോഷവാർത്ത അറിയിച്ചത്.
ദേവദൂതൻ റീമാസ്റ്റേർഡ് 4 K അറ്റ്മോസ് പതിപ്പ് തയ്യാറായിക്കൊണ്ടിരിക്കുകയാണ് എന്ന കുറിപ്പിലാണ് സിബി മലയിൽ ഫോട്ടോ പോസ്റ്റ് ചെയ്തത്. ചിത്രത്തിൻ്റെ റീറിലീസ് എന്നായിരിക്കുമെന്ന് സംവിധായകൻ വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും മോഹൻലാൽ ഫാൻസിനെ ആവേശത്തിലാക്കിയിരിക്കുകയാണ് വാർത്ത.
നിരവധി പേരാണ് ചിത്രം വീണ്ടും എത്തുന്നതിൽ സന്തോഷം പങ്കുവച്ചത്. സ്ഫടികം റീ റിലീസ് പോലെ ഈ സിനിമയും തിയേറ്ററുകളിൽ കാണാൻ കാത്തിരിക്കുകയാണ് എന്നാണ് കമന്റുകൾ. സിബി മലയിലിന് ചില നിർദേശങ്ങളും ചിലർ നൽകുന്നുണ്ട്. കുറച്ച് റീ എഡിറ്റിംഗ് കൂടി ചെയ്താൽ നന്നായിരിക്കുമെന്നാണ് ചിലർ പറയുന്നത്.
മിസ്റ്ററി ഹൊറർ ചിത്രമായാണ് ദേവദൂതൻ എത്തിയത്. ഒരു കോളജിനെ പശ്ചാത്തലമാക്കി ഒരുക്കി ചിത്രത്തിൽ ജയപ്രദ, വിനീത് കുമാർ, മുരളി, ജഗതി ശ്രീകുമാർ, ജഗദിഷ് തുടങ്ങിയവർ അഭിനയിച്ചു. രഘുനാഥ് പലേരിയാണ് തിരക്കഥ. വിദ്യാസാഗറിന്റെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.






