
ഒരേ ഒരു ചോദ്യം, അത് തിയേറ്ററുകളിൽ അലയടിച്ചു തരംഗമായി മാറുക... ചിലപ്പോഴൊക്കെ വെള്ളിത്തിരയിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന അത്ഭുതങ്ങളാണവ. ഒന്നോ രണ്ടോ സീനുകളിൽ മാത്രം വന്നു പോകുന്ന ചില കഥാപാത്രങ്ങൾ മനസ്സിൽ കയറിക്കൂടുന്നത് അവരെ നമ്മളിൽ ഒരാളായി കാണാൻ കഴിയുന്നത് കൊണ്ടാണ്. മുൻപൊരിക്കലും അവരെ കണ്ടിട്ടുണ്ടാകില്ലെങ്കിലും എവിടയോ കണ്ടു മറന്ന മുഖമായി അവർ മാറും. അത്തരത്തിൽ അടുത്തിടെ പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞൊരു മുഖമുണ്ട്, നീരജ രാജേന്ദ്രൻ. ഇങ്ങനെയൊരു കുറവ് മലയാള സിനിമയ്ക്ക് ഉണ്ടായിരുന്നു എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് നീരജ ആവേശത്തിൽ മികച്ച പ്രകടനം നൽകിയത്. അഭിനേത്രി എന്ന് ടൈറ്റിലിനൊപ്പം നീരജയെ പ്രേക്ഷകർക്ക് അറിയാം, നടി ദർശനാ രാജേന്ദ്രന്റെ അമ്മ. ആ ലേബലിനപ്പുറം ചെറിയ കാലയളവിനുള്ളിൽ തന്മയത്വത്തോടെയുള്ള അഭിനയം കൊണ്ട് ശ്രദ്ധ നേടിയ താരമാണ് നീരജ. ‘‘ബിബി മോൻ ഹാപ്പി ആണോ?’’ എന്ന്എപ്പോഴും ആകുലപ്പെടുന്ന അമ്മ കഥാപാത്രത്തേക്കുറിച്ചും സിനിമ യാത്രയെക്കുറിച്ചും നീരജ മനസ്സ് തുറക്കുന്നു...
ഇത്രയും വലിയൊരു സ്വീകാര്യത ബിബി മോന്റെ അമ്മയ്ക്ക് കിട്ടുമെന്ന് ചിന്തിച്ചിരുന്നോ?
ഒരിക്കലുമില്ല. സ്ക്രിപ്റ്റ് കേട്ടപ്പോള്‍ ഒരു സാധാരണ കഥാപാത്രം പോലെയാണ് തോന്നിയത്. മുഴുവന്‍ സമയവും ഉള്ള കഥാപാത്രവുമല്ല. ഡബ്ബ് ചെയ്തപ്പോഴും എനിക്കൊന്നും തോന്നിയില്ല. എങ്കിലും അതിലെ അമ്മയെ എനിക്കൊരുപാട് ഇഷ്ടപ്പെട്ടു. ആ ഇഷ്ടമാണ് പ്രേക്ഷകര്‍ക്കും വന്നത്. പ്രെസ്സ് മീറ്റിനു ചെന്നപ്പോള്‍ പലരും പറഞ്ഞു, നല്ല രസമുണ്ട് കാണുമ്പോള്‍ ചേച്ചി ഹാപ്പിയാകും എന്ന്. അന്ന് സിനിമ മുഴുവന്‍ കണ്ടിട്ടില്ലല്ലോ. ഡബ്ബ് ചെയ്തപ്പോള്‍ രണ്ടോ മൂന്നോ സീന്‍ കണ്ടു എന്നല്ലാതെ ഒന്നുമറിയില്ലല്ലോ. ഇത്രയ്ക്കും ഇംപാക്ട് പ്രതീക്ഷിച്ചില്ല. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ സിനിമ കണ്ടപ്പോഴാണ് എന്റെ കഥാപാത്രത്തിന്റെ പ്രധാന്യം മനസ്സിലായത്. രണ്ടോ മൂന്നോ സീനുകളില്‍ വന്നു പോകുന്നതാണെങ്കിലും സിനിമയില്‍ ഉടനീളമുളമായി ആ കഥാപാത്രം മാറി. അതിലെ ‘ബിബി മോന് ഹാപ്പി അല്ലേ’ എന്ന് ചോദിക്കുന്നത് ശരിക്കും തരംഗമായി മാറുകയും ചെയ്തു. മോൻ ഹാപ്പി അല്ലേ, ഈ ചോദ്യം ഇത്രയും ആവേശ തരംഗമാകുമെന്ന് ചിന്തിച്ചിരുന്നില്ല. നല്ല പ്രതികരണങ്ങൾ വരുമ്പോൾ ഒത്തിരി സന്തോഷം. എന്റെ കഥാപാത്രം മാത്രമല്ല സിനിമ മുഴുവനായും എനിക്കിഷ്ടമായി. ശരിക്കുമൊരു രോമാഞ്ചം തന്നെയായിരുന്നു സിനിമ. വാക്കുകളില്‍ കൂടിയത് പറയാനാവില്ല.
എങ്ങനെയാണ് ആവേശത്തിലേക്ക് എത്തിയത് ?
ഞാൻ ജിത്തുവിന്റെ ആദ്യത്തെ പരസ്യത്തിൽ അഭിനയിച്ചിട്ടുണ്ട്. അന്നുമുതല്‍ ആ അടുപ്പമുണ്ട്. ‘രോമാഞ്ചം’ പ്രിമിയർ ഷോയ്ക്കു ചെന്നപ്പോള്‍ ‘ആവേശ’ത്തെപ്പറ്റി ജിത്തു പറഞ്ഞിരുന്നു. ചേച്ചിയ്ക്കുള്ള ഒരു കഥാപാത്രം എന്റെ മനസ്സിലുണ്ട്. എപ്പോഴും ഹാപ്പി ആയിട്ടിരിക്കുന്ന ഒരു കഥാപാത്രം ആണെന്ന് ജിത്തു പറഞ്ഞു. ഒരു ആകാംക്ഷയ്ക്ക് എന്താണ് സിനിമ എന്ന് ചോദിച്ചു, ‘‘ചേച്ചി ടെൻഷൻ ആകേണ്ട, ഹാപ്പി ആയ സിനിമയാണ്, അന്നേരം വരുന്ന പോലെ ചെയ്യാം’’ എന്ന് പറഞ്ഞു. പിന്നെ ഒന്നും ചോദിച്ചില്ല. ഒരു ഒഴുക്കിനങ്ങു വലിയ പ്ലാനിങ്ങുകൾ ഒന്നുമില്ലാതെ ചെയ്ത കഥാപാത്രമാണ്.
‘‘ചേച്ചി ഹാപ്പി അല്ലെ’’ എന്ന ചോദ്യം ഒരു തരംഗമായി മാറുമെന്ന് കരുതിയിരുന്നോ ?
എന്റെ ആ ചോദ്യത്തിന് അത്രയ്ക്കും കഴമ്പുണ്ടാകുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. അതെനിക്ക് മനസ്സിലാകാനുളള ഒരു കാരണമായത് ഫഹദാണ്. എന്റെ സീനുകള്‍ ഷൂട്ട് ചെയ്യുന്നതിനിടയില്‍ ആദ്യമായി സിനിമയില്‍ ജോയിന്‍ ചെയ്യാന്‍ ഫഹദെത്തി. ബംഗ്ലൂരുവില്‍ വച്ചായിരുന്നു അത്. അന്ന്
ഫഹദ് വണ്ടിയിറങ്ങി വരുമ്പോള്‍ എന്നെ കണ്ടിരുന്നു. കണ്ടപ്പോഴേ ചോദിച്ചത് ‘‘ഹായ് ആന്റി, ഹാപ്പി അല്ലെ’’ എന്നായിരുന്നു. അത് കേട്ടപ്പോഴേ എനിക്ക് തോന്നി എന്തോ രസകരമായ ഒന്നാണിത് എന്ന്. അണിയറയിൽ എനിക്കുള്ള കഥാപാത്രം രസകരമാണെന്ന് മനസ്സിലായി. നീളൻ ഡയലോഗുകളൊന്നും ഇല്ലല്ലോ എന്റെ കഥാപാത്രത്തിന്. പക്ഷേ റിപ്പീറ്റഡ്ലി ഈ സിനിമയില്‍ പല തവണയിത് പറയുന്നുണ്ട്. അത് തരംഗമാകുന്നുവെന്ന് ഫഹദിന്റെ അടുത്ത് നിന്ന് ഈ ഡയലോഗ് കേട്ടപ്പോഴാണ് മനസ്സിലായത്. എന്റെ കഥാപാത്രത്തില്‍ ആകെയുള്ളതിനെല്ലാം തിയറ്ററിൽ ഓളമുണ്ടാക്കാന്‍ കഴിഞ്ഞു.
സിംപിൾ ആയിട്ടുള്ള കാര്യങ്ങളാണ് ബിബി മോന്റെ അമ്മ ചോദിക്കുന്നത്. അതുകൊണ്ട് കഥാപാത്രം ഉൾക്കൊണ്ടു ചെയ്യാന്‍ കഴിഞ്ഞു. പ്രത്യേകിച്ച് തയാറെടുപ്പുകൾ ഒന്നും ആവശ്യമില്ലായിരുന്നു. ഇതുവരെ ചെയ്തിട്ടുള്ളതും അമ്മ വേഷങ്ങളായതു കൊണ്ട് വലിയ ഒരുക്കങ്ങളൊന്നും വേണ്ടി വന്നില്ല. അല്ലെങ്കിലും വലിയ പ്ലാനിങ്ങുകൾ ഒന്നുമില്ലാതെയാണ് ഞാൻ എപ്പോഴും ലൊക്കേഷനിലേക്ക് എത്താറുള്ളത്. അതു തന്നെയാണ് നല്ലതെന്നാണ് എന്റെയൊരു വിചാരവും.
സിനിമ എന്നും കൂടെയുണ്ടായിരുന്ന സ്വപ്നമാണോ ?
വളരെ ചെറുപ്പം മുതല്‍ സത്യം പറഞ്ഞാല്‍ ഓര്‍മ്മ വച്ച കാലം മുതല്‍ സിനിമ തന്നെയാണ് മനസ്സില്‍. കലാ സാഹിത്യ പാരമ്പര്യമുള്ള കുടുംബമാണ് ഞങ്ങളുടേത്. പക്ഷേ സിനിമ ഒരിക്കലും കൈയ്യെത്തി പിടിക്കാവുന്ന ദൂരത്തിലായിരുന്നില്ല. അതുകൊണ്ട് അതിനെപ്പറ്റി ചിന്തിക്കുകയോ ശ്രമിക്കുകയോ ചെയ്തിട്ടില്ല. അതൊരു ആഗ്രഹമായി മാത്രം നിന്ന് പോകുമെന്ന് കരുതി. അച്ഛൻ ഡോ. ചന്ദ്രശേഖരൻ നായർ കോളജ് പ്രൊഫസറും സാഹിത്യകാരനും പത്മശ്രീ ജേതാവുമാണ്. ജ്യേഷ്ഠൻ ശരത് ചന്ദ്രൻ പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും പരിസ്ഥിതി പ്രവർത്തകനുമാണ്. ചേട്ടൻ എനിക്ക് വലിയ പിന്തുണയായിരുന്നു. ഇന്ന് കൂടെയില്ല, എങ്കിലും ആ വെളിച്ചം പ്രചോദനമായി ഒപ്പമുണ്ട്. ഇന്ന് കൂടെയുണ്ടായിരുന്നെങ്കില്‍ വലിയൊരു വഴികാട്ടിയായേനേം. എന്റെ അമ്മയുടെ അച്ഛനാണ് എം.പി മന്മദൻ. അപ്പൂപ്പന് യാചകന് എന്ന സിനിമയില്‍ മിസ് കുമാരിയുടെ നായകനായി അഭിനയിച്ചിട്ടുണ്ട്. കുടുംബത്തിലെ മിക്ക ആളുകളും നാടകങ്ങളും ഓള് ഇന്ത്യ റേഡിയോ എന്നിവയിലൊക്കെ ബന്ധമുള്ളവരായിരുന്നു. അങ്ങനെയൊക്കെയാണ് എന്റെ സിനിമ ബന്ധങ്ങൾ.
ഞാൻ ആദ്യം കാണുന്ന സിനിമ ശ്രീദേവി അഭിനയിച്ച ‘പൂമ്പാ’റ്റയാണ്. അന്ന് മനസ്സിൽ കയറിയതാണ് സിനിമ. ഹാത്തി മേരെ സാത്തി എന്നിങ്ങനെ മലയാളം ഹിന്ദി സിനിമകളൊക്കെ കണ്ടിരുന്നു. ഞാനാണെങ്കില്‍ സ്കൂള്‍ കാലം മുതല്‍ വേദികളില്‍ സജീവമായിരുന്നു. പക്ഷേ അച്ഛന് അല്‍പ്പം കര്‍ക്കശക്കാരനായിരുന്നു. നൃത്തം പഠിപ്പിക്കുന്നുണ്ടെങ്കിലും ആട്ടക്കാരിയാകണ്ട എന്നൊരു തീരുമാനമായിരുന്നു അച്ഛന്. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഞാനഭിനയിച്ച നാടകം കാണാന്‍ അച്ഛന് മൂന്നു വര്‍ഷവും വന്നിട്ടുണ്ട്. മനസ്സു കൊണ്ടുള്ള പിന്തുണ എപ്പോഴും തരുമായിരുന്നു. എത്രയൊക്കെ കര്‍ക്കശക്കാരനായിരുന്നെങ്കിലും എല്ലാ സിനിമകളും അച്ഛന് തിയേറ്ററില്‍ കൊണ്ടു പോയി കാണിക്കുമായിരുന്നു. പിന്നീട് വിവാഹശേഷം മക്കളുമൊത്ത് റിയാദിലായിരുന്നു. റിയാദില്‍ ഉണ്ടായിരുന്ന കാലത്തെല്ലാം ഞാന്‍ നൃത്ത അദ്ധ്യാപികയായിരുന്നു. അദ്ദേഹം എന്നും എപ്പോഴും നല്ല പിന്തുണയാണ്. നാട്ടിലേക്ക് പോന്നതിനുശേഷമാണ് സിനിമ മോഹം പൊടിതട്ടിയെടുത്തത്. സൗഹൃദങ്ങൾ തന്നെയായിരുന്നു അതിനു കാരണം. അതിനിടെ ഗായിക രശ്മി സതീഷ് ‘തൃശ്ശിവപേരൂർ ക്ലിപ്തം’ എന്ന സിനിമയിലേക്ക് ഒരു അമ്മ വേഷത്തിന് ഓഡിഷൻ നടക്കുന്നുണ്ട് എന്നു പറഞ്ഞു. അങ്ങനെയാണ് അതിലെ കഥാപാത്രം ചെയ്യുന്നത്. പിന്നീട് അമ്പതോളം സിനിമകളുടെ ഭാഗമായി. ആദ്യ സിനിമ വന്ന നാൾ മുതൽക്ക് തന്നെ കുറെയേറെ ആളുകൾ ശ്രദ്ധിച്ചിരുന്നു. അന്നൊക്കെ പലരും ചോദിച്ചിട്ടുണ്ട് എവിടെയായിരുന്നു ഇതുവരെ എന്ന്. അത് കേൾക്കുന്നത് സന്തോഷമാണ്. പക്ഷേ ഈ സിനിമയിലെ കഥാപാത്രത്തിനാണ് ഇത്രയേറെ ശ്രദ്ധ കിട്ടുന്നത്. ഭര്‍ത്താവും പറഞ്ഞത്, ഇതു വരെ ചെയ്തതില്‍ ഏറ്റവും നല്ലതാണ് ഈ സിനിമയെന്നാണ്. ഇന്ത്യയ്ക്ക് വെളിയിൽ നിന്നൊക്കെ ഒരുപാട് കോളുകൾ സിനിമ പുറത്തിറങ്ങിയതിനു ശേഷം വന്നു. അത് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സന്തോഷവും മൂല്യവത്തായ കാര്യവുമാണ്.
റീല്‍ ലൈഫില്‍ ബിബിന്റെ അമ്മ, റിയല്‍ ലൈഫില്‍ ദര്‍ശനയുടെ അമ്മ... വീട്ടില്‍ എങ്ങനെയുള്ള അമ്മയാണ് ?
മക്കൾക്കൊപ്പം വളർന്ന ഒരു അമ്മയാണ് ഞാൻ. അതു പറയുന്നതാണ് എന്റെ സന്തോഷവും ഇഷ്ടവും. വളരെ കൂളാണ് ഞാന്‍ അവരുടെ കാര്യത്തിൽ. അവരുടെ ഇഷ്ടങ്ങൾക്കാണ് എന്നും ഞങ്ങൾ രണ്ടുപേരും പ്രാധാന്യം കൊടുത്തിരുന്നത്. ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ പോലും ഒരു തരത്തിലും ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചിരുന്നേയില്ല. അന്നുമിന്നും അവർക്ക് ഇഷ്ടമുള്ളത് ചെയ്തോട്ടെ എന്നൊരു പോളിസി ആയിരുന്നു. മക്കളായ ദര്‍ശനയും ഭാവനയും ചെറുപ്പം മുതല്‍ കലാപരമായ ടേസ്റ്റ് കാണിച്ചിരുന്നു. അവര്‍ സബ്ജക്ട് ഒക്കെ പഠിക്കുന്നതിലും എനിക്കിഷ്ടം കലാക്ഷേത്ര പോലെയുള്ളതില്‍ ചേരുന്നതായിരുന്നു. മുതിര്‍ന്നപ്പോള്‍ അവര്‍ രണ്ടാളും നാടകം ചെയ്യുന്നുണ്ടായിരുന്നു. സിനിമയിലേക്ക് എത്തുമെന്ന് അന്നൊന്നും ചിന്തിച്ചിരുന്നില്ല. കുട്ടികളുടെ നാടകങ്ങള്‍ കാണാന്‍ എവിടെയായിരുന്നാലും ഞങ്ങള്‍ പോകുമായിരുന്നു. ലണ്ടനില്‍ പോയി മാസ്റ്റേഴ്സ് എടുത്ത ശേഷം രണ്ടുപേരും മികച്ച ജോലികളിൽ ഇരിക്കുന്ന സമയത്താണ് നാടകവും സിനിമയുമാണ് ഇഷ്ടമെന്ന് പറഞ്ഞത്. ഞങ്ങളതിന് ഒപ്പം നിന്നു. ജോലി റിസൈൻ ചെയ്താണ് സിനിമയിലേക്കും നാടകത്തിലേക്കും മാറിയത്. ഇപ്പോള്‍ ഞങ്ങള്‍ മൂന്നു പേരും സിനിമ ചെയ്യുന്നുണ്ട്. മൂത്ത മകള്‍ നാടകം മാത്രമാണ് ചെയ്യുന്നത്.
ചെന്നൈയിൽ വച്ച് നാടകത്തിന്റെ പ്രാക്ടീസും ജോലിയും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയില്ല എന്ന് മനസ്സിലാക്കിയിട്ട് ജോലി വേണ്ടെന്നു വച്ചാലോ എന്ന് ദർശന വിളിച്ചു പറഞ്ഞപ്പോൾ എനിക്ക് ഒരു സങ്കടവും ഉണ്ടായിരുന്നില്ല. അവർ അവരുടെതായ വഴികളിലേക്ക് പോകുന്നതിനോടൊപ്പം നിൽക്കുന്ന അമ്മയാണ് ഞാൻ. ഒരു ഓഫീസില്‍ ജോലി ചെയ്യുന്നതിനേക്കാള്‍ കുട്ടികള്‍ക്കിഷ്ടം കലാമേഖലയാണെന്ന് പറഞ്ഞപ്പോള്‍ സന്തോഷമേ തോന്നിയുള്ളൂ. സിനിമ ഒരു അനിശ്ചിതത്വം നിറഞ്ഞ മേഖലയായിട്ട് കൂടി നല്ല ജോലി ഉപേക്ഷിച്ച് വരുന്നതിനോട് എനിക്ക് ഒട്ടും ആവലാതികളും ഇല്ലായിരുന്നു. വരുന്നത് വരുന്നിടത്ത് വച്ച് കാണാം, നല്ലത് സംഭവിക്കും എന്നൊരു പ്രതീക്ഷയാണ് മുന്നോട്ടു നയിച്ചത്.
സിനിമയില്‍ കാണുന്നതിലും കൂളായ അമ്മയാണ് ഞാന്‍. മക്കളുടെ കൂട്ടുകാരൊക്കെ എന്റെയും കൂട്ടുകാരാണ്. എന്നെ വിളിക്കുകയും വിശേഷങ്ങള്‍ ചോദിക്കുകയും ചെയ്യുന്നതില്‍ മക്കളുടെ കൂട്ടുകാര്‍ എപ്പോഴും മുന്നിലാണ്. മനസ്സു കൊണ്ട് ഞാന്‍ കുട്ടികളേക്കാള്‍ ചെറുതാണ്. വീട്ടിൽ ഭർത്താവും മക്കളും ഒക്കെ എന്നെക്കാൾ കൂളാണ്. ഒരുപക്ഷേ അവരുടെ ഇടയിലെ ഏറ്റവും ചെറിയ കുട്ടി ഞാനായിരിക്കും.
വെള്ളിത്തിരയില്‍ അതിശയിപ്പിച്ച താരങ്ങള്‍ ?
സിനിമ എപ്പോഴും എനിക്കൊരു അത്ഭുതമാണ്. അതില്‍ അഭിനയിക്കുന്ന താരങ്ങളും എനിക്കെപ്പോഴും പ്രിയപ്പെട്ട താരങ്ങളാണ്. എന്റെ ജീവിതത്തിന്റെ വലിയൊരു കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച അഭിനയ പ്രതിഭ മോഹന്‍ലാലാണ്. ഇതുവരെ ഒരുമിച്ചൊരു പ്രൊജക്ട് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഒരിക്കലൊരു പരസ്യചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടില്ല. മോഹന്‍ലാലിനെ എന്നും കാണാന്‍ ആഗ്രഹിച്ചിരുന്നൊരു ആളാണ് ഞാന്‍. നേരിട്ട് കണ്ട് സംസാരിക്കുന്നതും ഒരുമിച്ച് അഭിനയിക്കുന്നതും ഒരു ഫാന്‍ ഗേള്‍ മൊമെന്റാകും. ഒരിക്കല്‍ ജിസ് ജോയി വിളിച്ചിട്ട് നിറപറയുടെ പരസ്യചിത്രത്തില്‍ മോഹന്ലാലിനൊപ്ം അഭിനയിക്കാന്‍ അവസരം കിട്ടിയതാണ്. പക്ഷേ അന്നത് നടന്നില്ല. അന്ന് ഞാന്‍ കിച്ചണ്‍ ട്രെഷേഴ്സ് പരസ്യചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രണ്ടും കൂടി ശരിയാവില്ല എന്നുള്ളതു കൊണ്ട് അത് വേണ്ടെന്നു വയ്ക്കേണ്ടി വന്നു. പക്ഷേ ആ പരസ്യത്തില്‍ മോഹന്‍ലാലിന് സാമ്പാര്‍ വിളിമ്പിക്കൊടുക്കുന്നത് ഞാനാണ്. എങ്കിലും അദ്ദേഹത്തിനൊപ്പം ഒരു സ്ക്രീന്‍ സ്പേസ് ഷെയര്‍ ചെയ്യുന്നത് ഒരു വലിയ സ്വപ്നമാണ്. അതൊക്കെ സമയമാകുമ്പോൾ നടക്കും എന്നാണ് ഞാൻ കരുതുന്നത്.
മമ്മൂട്ടിയ്ക്കൊപ്പം മൂന്നു സിനിമ ചെയ്തിട്ടുണ്ട്. ഭയങ്കര ഹെല്പ്പ്ഫള്ളാണ് മമ്മൂക്ക. ഒപ്പം ചെയ്യുന്ന അഭിനേതാക്കളെ നന്നായി സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ് മമ്മൂക്ക. ശരിക്കും നല്ലൊരു എക്സ്പീരിയന്‍സ് തന്നെയായിരുന്നു ആ സിനിമകള്‍.
മോഹൻലാലാണ് എന്റെ . ഇപ്പോൾ ഫഹദിനോടാണ് ആണ് ഇഷ്ടം. അതുപോലെ തന്നെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള ഒരു വ്യക്തി ഉർവശിയാണ്. ഇത്രയും ഈസിയായി കോമഡി ചെയ്യാന്‍ കഴിയുന്ന മറ്റൊരു അഭിനേത്രിയെയും ഞാന്‍ കണ്ടിട്ടില്ല. ഉർവശിയോട് അടങ്ങാത്ത ഒരു ഇഷ്ടമുണ്ട്. ഒപ്പം അഭിനയിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയും ഉർവശിയാണ്. അവർക്കൊപ്പം ഒരു കഥാപാത്രം ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ട്. ഒരിക്കല്‍ വളരെ പണ്ട് റിയാദില്‍ വച്ച് ഉര്‍വശിയെ കണ്ടിട്ടുണ്ട്. അന്നുപക്ഷേ നേരിട്ട് സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഉർവശിയെ പോലെ തന്നെ കൽപ്പനയുടെ അഭിനയത്തോടും വലിയ ഇഷ്ടമായിരുന്നു. എങ്കിലും ഏറ്റവും കൂടുതൽ ഇഷ്ടമുള്ള കഥാപാത്രങ്ങളെ ചെയ്തത് ഉർവശിയാണ്. അവരുടെ ഹാസ്യ കഥാപാത്രങ്ങൾ വലിയ ആവേശമായിരുന്നു. എനിക്ക് അത്തരം കഥാപാത്രങ്ങൾ ചെയ്യാനുമിഷ്ടമാണ്.
പിന്നെ അടുത്തിടെയായി മോഹന്‍ലാലിനൊപ്പം തന്നെ എനിക്ക് വളരെ ഇഷ്ടമുള്ള നടനായി ഫഹദ് ഫാസില്‍ മാറി. ആവേശം എന്ന സിനിമ കൊണ്ടു മാത്രമല്ല. അതിനു മുമ്പു തന്നെ ഫഹദിന്റെ കഥാപാത്രങ്ങളോട് വലിയ ഇഷ്ടം തോന്നിയിട്ടുണ്ട്.എന്നെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന നടനാണ് ഫഹദ് ഫാസിൽ. ഫഹദിനൊപ്പം എന്നത് തന്നെയായിരുന്നു എനിക്കേറ്റവും സന്തോഷം നൽകിയ കാര്യവും.
ബിഗ്സ്ക്രീനില്‍ പ്രത്യക്ഷപ്പെടുക എന്നതാണോ സിനിമയെ ഇഷ്ടപ്പെടാനുള്ള കാരണം ?
നമുക്ക് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ മറ്റുള്ളവര്‍ ചെയ്തു കാണിക്കുമ്പോഴുള്ള ഒരു എക്സൈറ്റ്മെന്റ് തന്നെയാണ് എന്നും സിനിമയെ ഇഷ്ടപ്പെടാനുള്ള കാരണം. ഇന്നും സിനിമയോട് അത്ര തന്നെ എക്സൈ്റ്റ്മെന്റ് ഉണ്ട്. ആ എക്സൈ്റ്റ്മെന്റ് സിനിമയെ സ്നേഹിക്കുന്ന എല്ലാവര്‍ക്കുമുള്ളതാണ്. ഒരിക്കലും ചെയ്യാന്‍ പറ്റില്ല എന്നു കരുതുന്ന വേഷങ്ങള്‍ കെട്ടിയാടാന്‍ സിനിമയിലൂടെ പറ്റും. അതും റിയലിസ്റ്റിക്ക് എന്നു തോന്നുന്ന തരത്തില്‍ തന്നെ. വിസ്മയിപ്പിക്കാറുണ്ട് സിനിമകളും അതിലെ ഓരോ കഥാപാത്രങ്ങളും. ഏറെയിഷ്ടത്തോടെയാണ് ഞാന്‍ ഓരോ സിനിമയും ചെയ്യുന്നത്. സിനിമകള്‍ പോലെ തന്നെ ആസ്വദിച്ചാണ് പരസ്യചിത്രങ്ങളും ചെയ്യുന്നത്.
പുതിയ പ്രൊജക്ടുകള്‍, സ്വപ്നങ്ങള്‍, അന്യഭാഷാചിത്രങ്ങള്‍ ?
‘വൈറസ്’ കഴിഞ്ഞതിനുശേഷം കുറെ ഓഫറുകൾ ഒക്കെ വന്നിരുന്നു. കുറെ നല്ല കഥാപാത്രങ്ങളും ചെയ്തു. എന്റെ മകൾ ദർശനയാണ് എന്റെ ഏറ്റവും വലിയ വിമർശക എന്ന് പറയുന്നത്. അവൾ തന്നെ പറഞ്ഞു അമ്മ വരുന്നതെല്ലാം ചെയ്യാൻ നിൽക്കണ്ട, ഒത്തിരി സിനിമകൾ ചെയ്യുന്നതിലല്ല വർഷത്തിൽ ഒരെണ്ണം ആയാലും അത് മികച്ച സിനിമയാണോ എന്നതിലാണ് കാര്യമെന്ന്. പക്ഷേ എനിക്ക് അത്തരം ചിന്തകളോ പ്ലാനിങ്ങോ ഒന്നുമില്ല. ഇനി എന്റെ നാലോളം സിനിമകൾ പുറത്തു വരാനുണ്ട്. ഞാൻ ഒരു കഥാപാത്രത്തെക്കുറിച്ചോ സിനിമയിലെ അവസരങ്ങളെ കുറിച്ചോ ഒന്നും ഓർത്ത് തല പുണ്ണാക്കാത്ത ഒരു വ്യക്തിയാണ്.
അഭിനയിച്ച മൂന്നു നാല് പരസ്യചിത്രങ്ങള്‍ വരാനുണ്ട്. അഭിലാഷം, പണി, ചേര, ജമ്നാപ്യാരി സിനിമയുടെ സംവിധായകന്റെ ഒരു സിനിമ... ഇതൊക്കെയാണത്. കുറെ ഹ്രസ്വചിത്രങ്ങളും വരാനുണ്ട്. ഈ സിനിമകളിലെല്ലാം തന്നെ അത്യാവശ്യം നല്ല കഥാപാത്രങ്ങള്‍ തന്നെയാണ്. ഹിന്ദിയിലും രണ്ട് സിനിമകളും ചെയ്തു. സാറ്റലൈറ്റ് ശങ്കര്‍, സിതാര എന്നീ സിനിമകള്‍ ചെയ്തു. തമിഴിലും രണ്ടു മൂന്നു സിനിമകള്‍ക്ക് ഓഫറുകള്‍ വന്നു. ഞാനതില്‍ അത്ര കംഫര്‍ട്ടല്ല. തമിഴിലും സംഭാഷണങ്ങള്‍ മനഃപാഠമാക്കേണ്ടി വരും. എന്റെ തമിഴ് അക്സന്റ് അത്ര ശരിയല്ല. പറ്റാത്തൊരു കാര്യം ചെയ്ത് മോശമാക്കേണ്ട കാര്യമില്ലല്ലോ. അതു കൊണ്ടാണ് തമിഴ് സിനിമകള്‍ ഒഴിവാക്കുന്നത്.
ഇപ്പോൾ അപ്രതീക്ഷിതമായിട്ടാണ് ആവേശത്തിന്റെ കഥാപാത്രം വന്നത് അതുപോലെ എല്ലാം നടക്കും എന്ന് കരുതുന്നു. ഒരു കാര്യം കൂടി പറയാതെ വയ്യ ഇവരെയൊക്കെ പോലെ തന്നെ ഞാൻ എന്റെ മകളുടെയും വലിയൊരു ഫാനാണ്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടിമാർ ആരൊക്കെ എന്ന് ആരെങ്കിലും ചോദിച്ചാൽ അതിൽ ഒരാൾ എന്റെ മകളാണ് എന്ന പറയുന്ന വലിയ സന്തോഷം കൂടിയുണ്ട്. വലിയ വലിയ പ്രതീക്ഷകളൊന്നും ഇല്ല. മുന്നോട്ടു പോകാനുള്ള വഴി ഈശ്വരന് വഴി തെളിയിച്ചു തന്നിട്ടുണ്ട്. എവിടെയൊക്കയോ എന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഭാഗ്യവും കിട്ടി.