
പാലാ: വോട്ടിങ് യന്ത്രത്തില് വോട്ട് കൂടുതലുള്ളതിനെച്ചൊല്ലി തര്ക്കം. കടനാട് പഞ്ചായത്തിലെ വല്യാത്ത് ഗവ.എല്.പി. സ്കൂളിലെ 25-ാം നമ്പര് ബൂത്തിലാണ് സംഭവം. രേഖകളിലുള്ളതില് കൂടുതല് വോട്ട് യന്ത്രത്തിലുണ്ടായതാണ് തര്ക്കത്തിനിടയാക്കിയത്. രേഖകള് പ്രകാരം 715 വോട്ടുകളാണ് ഈ ബൂത്തില് ഇന്നലെ പോള് ചെയ്തത്. എന്നാല് വോട്ടിങ് യന്ത്രത്തില് 719 വോട്ടുകളാണ് കാണിച്ചത്.
നാല് വോട്ടുകള് കൂടുതല്. വൈകിട്ട് വോട്ടിങ് അവസാനിപ്പിച്ച് നടപടികള് പൂര്ത്തിയാക്കുമ്പോഴാണ് ഇതു സംബന്ധിച്ച് തര്ക്കമുണ്ടായത്. എല്.ഡി.എഫും യു.ഡി.എഫും വരണാധികാരിക്കു പരാതി നല്കി.
മുഖ്യമന്ത്രിയുടെ പ്രിന്സിപ്പല് സെക്രട്ടറി കെ.എം. ഏബ്രഹാമിന് ലോക്സഭാ തെരഞ്ഞെടുപ്പില് വോട്ട് ചെയ്യാനായില്ല. ഏബ്രഹാമിന്റെ വോട്ടര് ഐ.ഡി. കാര്ഡിന്റെ അതേ നമ്പറില് മറ്റൊരു തിരിച്ചറിയല് കാര്ഡ് കൂടിയുണ്ടെന്ന് കണ്ടെത്തിയതോടെയാണിത്.
കെ.എം ഏബ്രഹാം ജഗതിയില് വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തിരിച്ചറിയല് കാര്ഡിന്റെ നമ്പര് ഒരു സ്്രതീയുടെ പേരില് വോട്ടേഴ്സ് ലിസ്റ്റില് ഉള്പ്പെട്ട വിവരം അറിയുന്നത്. പിന്നാലെ അദ്ദേഹം ജില്ലാ കലക്ടര്ക്ക് പരാതി നല്കി.
സംസ്ഥാനത്ത് പലയിടങ്ങളിലും വോട്ടിങ് മെഷീനുകളില് തകരാര് സംഭവിച്ചത് ബോധപൂര്വമായ നടപടിയുടെ ഭാഗമായാണോയെന്നു സംശയമുണ്ടെന്ന് കെ.പി.സി.സി. ആക്ടിങ് പ്രസിഡന്റ് എം.എം. ഹസന്. മന്ദഗതിയിലെ പോളിങ്, മണിക്കൂറുകളോളം വോട്ടിങ് നിര്ത്തിവയ്ക്കേണ്ടി വന്ന സാഹചര്യം, പാളിങ് ബൂത്തുകളില് ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാതിരുന്നത് തുടങ്ങിയ കാര്യങ്ങളും ചൂണ്ടിക്കാട്ടി കോണ്ഗ്രസ് തെരഞ്ഞെടുപ്പ് മുഖ്യഓഫീസര് സഞ്ജയ് കൗളിന് പരാതി നല്കിതായും ഹസന് വാര്ത്താസമ്മേളനത്തില് പറഞ്ഞു.
ഉദ്യോഗസ്ഥരുടെ അപര്യാപതയും വോട്ടിങ് മെഷീനില് വോട്ട് രേഖപ്പെടുത്തുന്നതിന് വേണ്ടിവന്ന സമയദൈര്ഘ്യവും കാരണം വോട്ടര്മാര്ക്ക് ഏറെനേരം കാത്തുനില്ക്കേണ്ടിവന്നെന്നു പരാതിയുണ്ട്. നാലു മണിക്കൂറോളം വോട്ട് ചെയ്യാനായി കാത്തുനിന്നവരുണ്ട്. മനസുമടുത്ത് വോട്ടു ചെയ്യാതെ പോയവരുമുണ്ട്. ബട്ടണില് വോട്ട് കുത്തിയിട്ടും മുമ്പെങ്ങുമില്ലാത്ത വിധം ഏറെനേരമെടുത്താണ് വോട്ട് രേഖപ്പെടുത്തിയത്.
സാധാരണ ഏഴു സെക്കന്റിനുള്ളില് വോട്ട് രേഖപ്പെടുത്തപ്പെടും. പക്ഷെ, ഇത്തവണ അത് 20 സെക്കന്റിലേറെ അധികരിച്ചുവെന്നും പോളിങ് ബൂത്തില് നീണ്ട നിരയുണ്ടാകാന് ഇതൊരു കാരണമായി. മൊത്തത്തില് വോട്ടിങ് മെഷീനുകള്ക്ക് തകരാര് വന്നത് ബോധപൂര്വമായ ഏതെങ്കിലും നടപടിയുടെ ഭാഗമാണോയെന്ന് സംശയമുണ്ട്. ഇതേക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് അന്വേഷിക്കണം.- ഹസന് ആവശ്യപ്പെട്ടു.
പത്തനംതിട്ടയില് മൂന്നുമണിക്കൂറോളം വോട്ടിങ് നിര്ത്തിവച്ചിട്ടും അവിടെ വോട്ടിങ്ങിന് കൂടുതല് സമയം അനുവദിച്ചില്ല. ഇതുസംബന്ധിച്ച് പരാതിപ്പെട്ടപ്പോള്, ആറുമണിവരെ ക്യൂവില് നിന്നവര്ക്ക് വോട്ടു ചെയ്യാനുള്ള അവസരം നല്കുമെന്ന സാധാരണ മറുപടി മാത്രമാണ് ലഭിച്ചത്. കാസര്ഗോഡ്, കണ്ണൂര് മണ്ഡലങ്ങളിലെ പാര്ട്ടി ഗ്രാമങ്ങളില് കള്ളവോട്ടും ബൂത്തുപിടുത്തവും ഉണ്ടായി. വടകരയില് ഓപ്പണ് വോട്ടിലെ ക്രമക്കേടിന് കൂട്ടുനിന്ന രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്ഡ് ചെയ്യുന്ന സാഹചര്യവുമുണ്ടായി.-ഹസന് പറഞ്ഞു.







Comments