
ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രമായ ആവേശം ആരാധകര്‍ ആഘോഷമാക്കുകയാണ്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയ ടാലന്റ് ടീസറും സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്ങാണ്.
ഫഹദ് അവതരിപ്പിക്കുന്ന രംഗന് എന്ന കഥാപാത്രത്തിന്റെ കരിങ്കാളിയല്ലേ എന്ന റീല്‍സാണ് ഈ ടാലന്റ് ടീസറിലെ ഹൈലൈറ്റ്. സിനിമാ താരങ്ങളുള്‍പ്പെടെ നിരവധി പേരാണ് ഇപ്പോള്‍ കരിങ്കാളി റീല്‍ അനുകരിച്ച് വീഡിയോ പോസ്റ്റ് ചെയ്യുന്നത്.
നടിയും നര്‍ത്തകിയുമായ ആശാ ശരത്തും കുടുംബവും കരിങ്കാളിയല്ലേ എന്ന ഗാനത്തിന് റീല്‍സ് ചെയ്യുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഭര്‍ത്താവ് ശരത്തിനും മക്കളായ ഉത്തര കീര്‍ത്തന എന്നിവര്‍ക്കൊപ്പമാണ് താരത്തിന്റെ വീഡിയോ.
രചന നാരായണന്‍കുട്ടി ഉള്‍പ്പെടെയുളള ചിച്ചിത്ര താരങ്ങള്‍ വീഡിയോയില്‍ കമന്റ് ചെയ്തിട്ടുണ്ട്. അടുത്തിടെ, നടി ഗ്രേസ് ആന്റണി പങ്കുവച്ച കരങ്കാളി റീലും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു.
ജിത്തു മാധവന് സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം 'ആവേശം' ബോക്സോഫീസില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന് ജെഎസ്, റോഷന് ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.






