
തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ ചികിൽസാ വിവാദം വീണ്ടും ചർച്ചയാക്കി മകൻ ചാണ്ടി ഉമ്മൻ എംഎൽഎ. പിതാവ് ഉമ്മൻ ചാണ്ടി കോവിഡ്
വാക്സിൻ സ്വീകരിച്ചില്ലെന്നും പിതാവിന്റെ് ആരോഗ്യത്തിന് ദോഷം വരാതിരിക്കാൻ ആണ് കോവിഡ് വാക്സിൻ നൽകാതിരുന്നത് എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. വാക്സിന്റെ പാർശ്വ ഫലങ്ങളുമായി ബന്ധപ്പെട്ട വാർത്തകളുടെ പശ്ചാത്തലത്തിലാണ് ചാണ്ടിയുടെ വിശദീകരണം.
കഴിഞ്ഞ ദിവസം കൊവിഡ് സമയത്ത് ഇന്ത്യയിലും മറ്റും വിതരണം ചെയ്തിരുന്ന അസ്ട്രസെനെക വാക്സിൻ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് നിർമ്മാതാക്കൾ തുറന്നു പറഞ്ഞിരുന്നു. മറ്റെല്ലാ ചികിത്സകളും പിതാവിന് നൽകിയിരുന്നുവെന്നും കുടുംബപരമായി എടുത്ത തീരുമാനമാണ് വാക്സിൻ നൽകേണ്ടതില്ല എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
അദ്ദേഹത്തിന് ദോഷം വരുന്നതൊന്നും ചെയ്യരുതെന്ന് കരുതിയാണ് വാക്സീൻ നൽകാതിരുന്നതെന്നാണ് ചാണ്ടിയുടെ വിശദീകരണം. ഉമ്മൻചാണ്ടിക്ക് ചികിത്സ നൽകിയില്ല എന്ന തരത്തിൽ വാർത്ത പ്രചരിപ്പിച്ച മറുനാടൻ മലയാളി മാപ്പു പറയണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് ലൈവിലാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം.






