മുണ്ടക്കയം: എല്ലാവരും മഴയ്ക്കായി കാത്തിരിക്കുമ്പോള്‍, മഴക്കാറ് കാണുമ്പോള്‍ ഉള്ളുരുകുന്ന ഒരു കുടുംബമുണ്ട് വേലനിലത്ത്. മഴയില്‍ ചോര്‍ന്ന് ഒലിക്കുന്ന വീട് നിലംപൊത്തുമോയെന്ന ആശങ്കയില്‍ കഴിയുന്ന സിവ്യൂ കവല പുത്തന്‍പുരയ്ക്കല്‍ പി.കെ. ശശിയും കുടൂംബവുമാണിത്. 45 വര്‍ഷം പഴക്കമുളള വീട് നിലം പൊത്തുമോ ഭീതിയാണ് ശശിയെയും കുടുംബത്തെയും അലട്ടുന്നത്.
കൂലിപ്പണിക്കാരനായ ശശിയും തൊണ്ണൂറുകാരിയായ മാതാവ് മീനാക്ഷിയമ്മയും ഭാര്യ അമ്പിളിയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മകള്‍ ശ്രേയയും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി സഞ്ജയും അടങ്ങുന്നതാണു കുടുംബം. ഒരു അപകടത്തില്‍ കാലിനു പരുക്കേറ്റ ശശി മൂന്നു മാസമായി ജോലിക്ക് പോവുന്നില്ല. 2023ലെ മഴക്കാലത്തു വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് റോഡിലേക്ക് നിലംപൊത്തിയിരുന്നു. വായ്പയായും പലിശയ്ക്കും സ്വരൂപിച്ച പണം ഉപയോഗിച്ചാണ് സംരക്ഷണ ഭിത്തി പുനര്‍ നിര്‍മിച്ചത്.വീടിന്റെ ഓട് പല ഭാഗങ്ങളിലും പൊട്ടിയടര്ന്നിരിക്കുകയാണ്. ഷീറ്റ് പൊട്ടിയും ഭിത്തി പിളര്ന്നുമൊക്കെ അനുദിനം ആശങ്ക വളരുന്ന സാഹചര്യമാണ്. ചാറ്റല്‍ മഴയില്‍ പോലും വെള്ളം വീടിനുള്ളിലേക്ക് എത്തുന്നതിനാല്‍ ഉറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമാണ്. തകര്‍ച്ചയിലായ വീടായിട്ടും ലൈഫ് മിഷനില്‍ പോലും അവഗണനയാണെന്നു ശശി പറയുന്നു. ആകെ മൂന്നു സെന്റ് സ്ഥലം മാത്രമാണുള്ളത്. ലൈഫ് മിഷനില്‍ രണ്ടു തവണ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നിഷേധിച്ചു.വരാന്‍ പോകുന്ന മഴക്കാലം എങ്ങനെ കഴിഞ്ഞുകൂടുമെന്നറിയാതെ ആകുലതയില്‍ നീറുകയാണു ശശിയും കുടുംബവും. വരുമാന മാര്‍ഗവും നിലച്ചതിനാല്‍ സുമനസുകളുടെ സഹായം മാത്രമാണ് ആശ്രയം.
ശശി അക്കൗണ്ട് നമ്പര്‍ : ശശി പി.കെ.
എസ്.ബി.ഐ. കൂട്ടിക്കല്‍: 57049871550
ഐ.എഫ്.എസ്.സി. എസ്.ബി.ഐ. ആര്. 0000131





