
രണ്ടു ദിവസമായി സോഷ്യല്‍ മീഡിയ മുഴുവന്‍ നിറയുന്നത് ജയറാമിന്റെയും പാര്‍വ്വതിയുടെയും മകള്‍ മാളവിക ജയറാമിന്റെ വിവാഹാഘോഷചിത്രങ്ങളാണ്. പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷുമായുള്ള മാളവികയുടെ വിവാഹം ഗുരുവായൂരില്‍ വച്ചായിരുന്നു. ഗുരുവായൂരില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളെ കൂടാതെ സുരേഷ് ഗോപിയും ഭാര്യ രാധികയും പങ്കെടുത്തു. രാവിലെ 6.15നായിരുന്നു മുഹൂർത്തം. വിവാഹത്തിന്റെ റിസപ്ഷന് തൃശൂർ ഹയാത്ത് ഹോട്ടലില്‍ വച്ചായിരുന്നു. സിനിമാ മേഖലയിലെ ഒട്ടുമിക്ക താരങ്ങളും റിസപ്ഷനില്‍ പങ്കെടുക്കാനെത്തിയിരുന്നു. കുടുംബസമേതമാണ് ദിലീപ് ചടങ്ങിനെത്തിയത്. ഭാര്യ കാവ്യാ മാധവൻ മക്കളായ മീനാക്ഷി, മഹാലക്ഷ്മി എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ഇപ്പോഴിതാ അതിനിയിടയില് കാവ്യ മാധവനോട് ഒരാള്‍ പുതിയ സിനിമയെക്കുറിച്ച് ചോദിക്കുന്നതാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. കാവ്യയുടെ കൈപിടിച്ച് മഹാലക്ഷ്മി നടക്കുമ്പോഴാണ് ഒരാള്‍ ആ ചോദ്യം ചോദിച്ചത്. ‘കാവ്യ ചേച്ചി കുറെ ആയല്ലോ കണ്ടിട്ട്... കാവ്യ ചേച്ചി പുതിയ സിനിമയില്‍ വരാൻ സാദ്ധ്യതയുണ്ടോ ’? എന്നായിരുന്നു ചോദ്യം. ‘ഇല്ല’ എന്നായിരുന്നു കാവ്യയുടെ മറുപടി. മകളെ നോക്കുന്ന തിരക്കിലാണോയെന്ന് ചോദിക്കുമ്പോള്‍ അതെയെന്നും കാവ്യ പറയുന്നത് വീഡിയോയില്‍ കാണാം. പട്ടുസാരിയില്‍ കാവ്യ അതിസുന്ദരിയായിരുന്നു, മകള്‍ മഹാലക്ഷ്മിയാണെങ്കില്‍ സെറ്റിന്റെ പട്ടുപാവാടയും ബ്ലൗസുമണിഞ്ഞ് ക്യൂട്ടായി റിസപ്ഷനില്‍ തിളങ്ങി.
കഴിഞ്ഞ ഡിസംബർ ഒൻപതിനായിരുന്നു നവനീതിന്റെയും മാളവികയുടെയും വിവാഹ നിശ്ചയം നടന്നത്. കൂർഗ് ജില്ലയിലെ മടിക്കേരിയിലെ ഒരു റിസോർട്ടില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.






