
ബോളിവുഡിന്റെ ബിഗ്ബിയാണ് അമിതാഭ് ബച്ചനെങ്കില് തമിഴകത്തിന്റെ തലൈവറാണ് രജനികാന്ത്. ഇവര്‍ ഒരുമിച്ചെത്തുന്ന വേദികള്‍ പോലും ആരാധകര്‍ക്ക് അവിസ്മരണീയമാണ്, അപ്പോള്‍പ്പിന്നെ വെള്ളിത്തിരയില്‍ ഈ മാജിക് വന്നാലോ. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത് രജനികാന്ത് നായകനായി വേഷമിട്ട് ഒരുങ്ങുന്ന ചിത്രമാണ്.
സൂര്യ നായകനായ ജയ് ഭീമിന്റെ സംവിധായകൻ എന്ന നിലയില്‍ രാജ്യത്തൊട്ടാകെ പേരുകേട്ട ടി ജെ ജ്ഞാനവേലിന്റെ തമിഴകം കാത്തിരിക്കുന്ന സിനിമയാണ് രജനികാന്തിന്റെ വേട്ടൈയൻ. ഈ സിനിമയുടെ പുതിയ ഷൂട്ടിംഗ് സ്റ്റില്ലുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. രജനികാന്തും ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചനും ഒന്നിച്ച് എത്തുന്ന രംഗങ്ങളുടെ ഷൂട്ടിംഗാണിപ്പോള് നടക്കുന്നത്. ഇതിന്റെ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരുന്നു.
ഇപ്പോഴിതാ രജനികാന്തിനൊപ്പമുള്ള ചിത്രം പങ്കിട്ടിരിക്കുകയാണ് അമിതാഭ് ബച്ചന്. ‘‘തല ദ ഗ്രേറ്റ് രജനിക്കൊപ്പം വീണ്ടും ഉണ്ടാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു, പദവിയുണ്ട്, പക്ഷേ അവൻ ഒട്ടും മാറിയിട്ടില്ല...സ്ട്രാറ്റോസ്ഫെറിക് മഹത്വം ഉണ്ടായിരുന്നിട്ടും അതേ എളിമയുള്ള സുഹൃത്ത്...’’ എന്നാണ് ചിത്രങ്ങള്‍ പങ്കിട്ട് അമിതാഭ് ബച്ചന് കുറിച്ചത്. ചിത്രത്തിന്റെ താഴെ നിരവധി ആരാധകരാണ് ആവേശത്തോടെ കാത്തിരിക്കുന്നു എന്നതടക്കം കമന്റുകളിടുന്നത്.






