
വന്യൃമശല്യം നമ്മുടെ നാട്ടിലടക്കം രൂക്ഷമായി വരുകയാണെങ്കിലും വന്യമൃഗങ്ങളെ സംബന്ധിക്കുന്ന വീഡിയോകള്‍ ആളുകള്‍ക്കെന്നും കൗതുകമാണ്. അതില്‍ തന്നെ ആന, കടുവ, പുലി, സിംഹം ഒക്കെയാണ് പലരുടേയും ഇഷ്ടപ്പെട്ട മൃഗങ്ങള്‍. അതില്‍ തന്നെ ആനകളുടെ അനേകക്കണക്കിന് വീഡിയോയാണ് ഓരോ ദിവസവും വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ നമുക്ക് മുന്നിലെത്തുന്നത്. ആളുകള്‍ക്ക് അത് കാണാനിഷ്ടവുമാണ്. സമാനമായ ഒരു വീഡിയോയാണ് ഇതും.
@sightingsbyphil എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ കാണുന്നത് ഒരു കുട്ടിയാന തന്റെ അമ്മയാനയ്ക്ക് വേണ്ടി തിരയുന്ന കാഴ്ചയാണ്. കെനിയയിലെ അംബോസെലി നാഷണല്‍ പാര്‍ക്കില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. വീഡിയോയില്‍ നിരവധി ആനകളെ കാണാം. അതിനിടയിലൂടെ ഒരു കുട്ടിയാന തന്റെ അമ്മയാനയേയും തിരക്കി നടക്കുകയാണ്.
ഓരോ ആനയുടെ അടുത്തെത്തുമ്പോഴും ഇതാണോ തന്റെ അമ്മ എന്ന നിലയില്‍ കുട്ടിയാന നോക്കുന്നുണ്ട്. എന്നാല്‍, ഇതൊന്നുമല്ല എന്ന് മനസിലാവുന്തോറും വീണ്ടും അത് മുന്നോട്ട് പോകുന്നു. ഒടുവില്‍ തന്റെ അമ്മയുടെ അടുത്തെത്തി നില്ക്കുന്ന കുട്ടിയാനയേയാണ് വീഡിയോയില്‍ കാണുന്നത്.
മിക്കവാറും കെനിയയിലെ നാഷണല്‍ പാര്‍ക്കുകളില്‍ നിന്നുള്ള അനവധി വീഡിയോകള്‍ വൈറലായി മാറാറുണ്ട്. അതുപോലെ നെറ്റിസണ്‍സിന്റെ സ്നേഹം പിടിച്ചുപറ്റാറുമുണ്ട്. ഈ വീഡിയോയും നെറ്റിസണ്‍സിന് ഇഷ്ടമായി. കണ്ടാല്‍ കണ്ടുകൊണ്ടേയിരിക്കാന്‍ തോന്നുന്നത്ര മനോഹരം തന്നെയാണ് ഈ കാഴ്ച. വീഡിയോയുടെ കമന്റില്‍ ഒരാള്‍ ചോദിച്ചത് കുട്ടിയാനയ്ക്ക് എങ്ങനെയാണ് തന്റെ അമ്മയെ തിരിച്ചറിയാന്‍ സാധിച്ചത് എന്നാണ്. അതിന്റെ രൂപം, ശബ്ദം, ഗന്ധം, ഒരു കുഞ്ഞിന് അമ്മയോട് തോന്നുന്ന വികാരങ്ങള്‍ എന്ന് വീഡിയോ ഷെയര്‍ ചെയ്ത യൂസര്‍ അതിന് മറുപടി നല്കിയിരിക്കുന്നതും കാണാന്‍ കഴിയുന്നുണ്ട്.






