
കുട്ടികള്‍ പലപ്പോഴും മുതിര്‍ന്നവര്‍ക്കുപോലും മാതൃകയാകാറുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒട്ടനവധി വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സഹപാഠിയുടെ ഉച്ചഭക്ഷണത്തിനുള്ള കടം വീട്ടിത്തീര്‍ക്കാന്‍ വേണ്ടി അഞ്ച് ലക്ഷം രൂപ സമാഹരിച്ച അഞ്ചാം ക്ലാസുകാരന്റെ വാര്‍ത്തയാണ് ശ്രദ്ധനേടുന്നത്. യുഎസിലെ മിസോറിയിലെ തോമസ് അള്ട്ടിക്കന് എലിമെന്ററി സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് തന്റെ സഹപാഠിയുടെ കടം തീര്‍ക്കാന്‍ വേണ്ടി ഇങ്ങനെയൊരു കാര്യം ചെയ്തത്.
കന്‍സാസ് സിറ്റി ഏരിയയില്‍ നിന്നുള്ള 11 വയസുകാരനായ ഡാകെന്‍ ക്രാമറാണ് തന്റെ സുഹൃത്തിന്റെ കടം തീര്‍ക്കാന്‍ മുന്‍കയ്യെടുത്തത്. ബ്ലൂ സ്പ്രിംഗ്സ് സ്കൂള്‍ ഡിസ്ട്രിക്റ്റ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉച്ചഭക്ഷണവും, ആവശ്യമുള്ളവര്‍ക്ക് സൗജന്യ പ്രഭാതഭക്ഷണവും നല്‍കുന്നുണ്ടെങ്കിലും, പല സ്കൂളുകളിലും $225,000 (ഏകദേശം 18 ലക്ഷം രൂപ) ഉച്ചഭക്ഷണത്തില്‍ മാത്രം കടം ഉണ്ടായിട്ടുണ്ട്.
മിഡില്‍ സ്കൂളിലേക്ക് പോകാന്‍ രണ്ടാഴ്ച മാത്രം സമയം ബാക്കിയുള്ളപ്പോഴാണ് ഡാകെന്‍ സഹപാഠിയുടെ കടം തീര്‍ക്കാന്‍ പണം ശേഖരിച്ച് തുടങ്ങിയത്. അതിനായി ഒരു PayPal അക്കൗണ്ടും തുടങ്ങി. 'ഭക്ഷണം കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഉച്ചഭക്ഷണം കഴിക്കാതെ ഒരു കുട്ടിക്ക് കഴിയാന്‍ പറ്റുമെന്ന് തോന്നുന്നില്ല' എന്നാണ് ഡാകെന്‍ പണം ശേഖരിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. അവന്റെ അമ്മ വനേസ ക്രാമര്‍ പറഞ്ഞത്, 'നമുക്ക് ഒരുമിച്ച് നില്ക്കാന് കഴിയുമെന്ന ബോധ്യം എല്ലാവര്ക്കും വന്നാല്‍ ഇവിടെ നമുക്ക് ഒരു മാറ്റമുണ്ടാക്കാന്‍ കഴിയും' എന്നാണ്.
സ്കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിന് സംഭാവനകള്‍ ലഭിക്കാറുണ്ട്. എന്നാല്‍, സംഭാവനകള്‍ ലഭിച്ചിട്ടും പലപ്പോഴും ഉച്ചഭക്ഷണത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കടബാധ്യതയുണ്ടാകാറുണ്ട്. തങ്ങളുടെ കീഴിലുള്ള പ്രൈമറി സ്കൂളിന് മാത്രം 3,000 ഡോളറിലധികം (ഏകദേശം 2.50 ലക്ഷം രൂപ) കടമുണ്ട് എന്നും ജില്ലയുടെ മൊത്തം കടം 225,000 ഡോളര്‍ കവിഞ്ഞു എന്നുമാണ് തോമസ് അള്ട്ടിക്കന് എലിമെന്ററിയുടെ പ്രിന്‍സിപ്പല്‍ ഡോ. അലിസണ് ലോങ്വെല് പറഞ്ഞത്.






