
ന്യൂഡല്‍ഹി; മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ ആനന്ദ് മഹീന്ദ്ര റോഡരികില്‍ തട്ടുകട നടത്തുന്ന ആണ്‍കുട്ടിയുടെ വീഡിയോ പങ്കുവച്ചു.ജസ്പ്രീത് എന്ന പത്ത് വയസുകാരന്റെ വീഡിയോയാണ് പങ്കിട്ടത്. ആര്‍ക്കെങ്കിലും അവന്റെ നമ്പര്‍ അറിയാമെങ്കില്‍ പങ്കിടൂവെന്നും കുട്ടിയുടെ വിദ്യാഭ്യാസത്തിനുള്ള സഹായം ചെയ്തു നല്‍കുമെന്നും എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോയില്‍ എഗ്ഗ് റോള്‍ ഉണ്ടാക്കുന്ന ജസ്പ്രീതിനെ കാണാം. ജസ്പ്രീതിന്റെ പിതാവ് അടുത്തിടെ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു. 14 വയസുള്ള ഒരു സഹോദരിയുണ്ട് ജസ്പ്രീതിന്. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മടിച്ച് അമ്മ തങ്ങളെ ഉപേക്ഷിച്ചുവെന്നാണ് ജസ്പ്രീത് പറയുന്നത്. രാവിലെ സ്കൂളില്‍ പോവുകയും വൈകുന്നേരങ്ങളില്‍ തട്ടുകടയില്‍ ജോലി ചെയ്തുമാണ് ജസ്പ്രീത് സഹോദരിയുടെയും തന്റെ ഭക്ഷണത്തിനും മറ്റ് ചിലവുകള്‍ക്കുകള്‍ക്കുമുള്ള വരുമാനം കണ്ടെത്തുന്നത്.
ഡല്‍ഹിയിലെ തിലക് നഗറിലാണ് ജസ്പ്രീത് ഉള്ളത്. ആര്‍ക്കെങ്കിലും അവന്റെ കോണ്ടാക്റ്റ് നമ്പര്‍ അറിയാമെങ്കില്‍ ദയവായി അത് പങ്കിടുക. മറ്റുള്ള കാര്യങ്ങള്‍ എങ്ങനെ വേണമെന്ന് മഹീന്ദ്ര ഫൗണ്ടേഷന് ടീം അന്വേഷിക്കും. അവന്റെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും ആനന്ദ് മഹീന്ദ്ര കുറിച്ചു.






