
തിരുവനന്തപുരം : കെ.സുധാകരന് കെപിസിസി പ്രസിഡന്റൊയി തിരികെയെത്തുന്നു. ഹൈക്കമാൻഡ് നിർദേശം നൽകിയതോടെ നാളെ സുധാകരൻ അധ്യക്ഷനായി ചുമതലയേൽക്കും. വോട്ടെടുപ്പു കഴിഞ്ഞ സാഹചര്യത്തിൽ കെപിസിസി പ്രസിഡന്റിന്റെ ചുമതലകൾ തിരികെ ലഭിക്കണമെന്ന് എഐസിസി നേതൃത്വത്വത്തോടു സുധാകരൻ ആവശ്യപ്പെട്ടിരുന്നു. ‘പാർലമെന്റ് തിരഞ്ഞെടുപ്പ് അവസാനിക്കും വരെ’ പ്രസിഡന്റിന്റെ ചുമതല നിർവഹിക്കാനുള്ള കത്തായിരുന്നു എഐസിസി താല്കാലിക പ്രസിഡന്റായ എം.എം. ഹസനു നൽകിയിരുന്നത്.
കെപിസിസി പ്രസിഡന്റ് സ്ഥാനം തനിക്ക് തരേണ്ട കാര്യമില്ലെന്നും പോയി ഒപ്പിട്ട് എടുക്കാവുന്നതേ ഉള്ളൂ എന്നും കെ സുധാകരൻ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടിക്കുള്ളിൽ തനിക്കെതിരെ ഒരു തന്ത്രവും മെനയുന്നില്ല. തനിക്ക് ആരോടും ഒരു പരാതിയുമില്ലെന്നും കെ സുധാകരൻ പറഞ്ഞു. സംസ്ഥാനത്ത് എല്‍ഡിഎഫ് 20 ൽ 20 സീറ്റും തോൽക്കാൻ പോകുകയാണ്. അത് കാണാൻ സാധിക്കാതെ പോയതാകും മുഖ്യമന്ത്രിയെന്നും കെ സുധാകരൻ വിമര്‍ശിച്ചു.
അതേസമയം, മുഖ്യമന്ത്രിയുടെ വിദേശ യാത്രയെ വിമര്‍ശിച്ച് കൊണ്ട് കെ സുധാകരൻ രംഗത്തെത്തി. ആലയിൽ നിന്ന് പശുക്കൾ ഇറങ്ങി പോകും പോലെയാണ് മുഖ്യമന്ത്രി കുടുംബവുമായി പോയിരിക്കുന്നതെന്ന് കെ സുധാകരൻ വിമര്‍ശിച്ചു. സ്പോൺസർഷിപ്പ് ആണോ എന്ന് സംശയമുണ്ട്. മുഖ്യമന്ത്രിക്ക് വിദേശത്ത് പോയപ്പോള്‍ സംസ്ഥാനത്തിന്റെ ചാർജ് ആർക്കെങ്കിലും കൊടുത്തിട്ടുണ്ടോ. ഇടതുപക്ഷത്തിന് ആകെ ഉള്ള മുഖ്യമന്ത്രിയല്ലേ ഇത്. മറ്റ് സംസ്ഥാനങ്ങളിൽ പ്രചാരണത്തിനു പോകേണ്ടേ. എന്ത് രാഷ്ടീയ ഉത്തരവാദിത്തമാണ് മുഖ്യമന്ത്രിക്ക് ഉള്ളതെന്നും സുധാകരന് ചോദിച്ചു.






