
പിസ ഇഷ്ടമില്ലാത്തവരായി അധികമാരും ഉണ്ടാകില്ല. പലരുടെയും ഇഷ്ട ഭക്ഷണങ്ങളിലൊന്നാണ് പിസ. എന്നു കരുതി ആളുകള്‍ ദിവസവും പിസ കഴിക്കാറില്ല. ഇടയ്ക്ക് ആഗ്രഹം തോന്നുമ്പോള്‍ മാത്രമാണ് ആളുകള്‍ പിസ കഴിക്കാറ്. എന്നാല്‍ ഇവിടെ ഇതാ ഒരു യുവാവ് ദിവസവും പിസയുടെ ഒരു കഷണമെങ്കിലും കഴിക്കുമത്രേ.
യുഎസ്സിലെ കണക്ടിക്കട്ടില്‍ നിന്നുള്ള കെന്നി വൈല്ഡ്സ് എന്ന ഈ യുവാവ് പറയുന്നത് താന്‍ കഴിഞ്ഞ ആറ് വര്‍ഷമായി പിസയുടെ ഒരു കഷണമെങ്കിലും കഴിക്കാത്ത ഒറ്റ ദിവസവം പോലും ഇല്ല എന്നാണ്. ദ ഗാര്ഡിയന് നല്കിയ അഭിമുഖത്തില്‍ വൈല്ഡ്സ് പറയുന്നത്, ജീവിതകാലം മുഴുവനും ഇങ്ങനെ പിസ കഴിക്കണം എന്നാണ് തന്റെ ആഗ്രഹം എന്നാണ്. ഒപ്പം അതുമായി ബന്ധപ്പെട്ട ഒരു കരിയര്‍ തുടങ്ങാനാണ് തന്റെ ആഗ്രഹം എന്നും വൈല്ഡ്സ് പറയുന്നുണ്ട്.
അതേസമയം താന്‍ ആരോഗ്യവാനാണ് എന്നും ഫിറ്റ് ആയിട്ടാണ് ഇരിക്കുന്നതും എന്നും യുവാവ് പറയുന്നു. Kenny V's എന്ന പേരില്‍ തന്റെ അച്ഛന് ഒരു പിസ ഷോപ്പുണ്ടായിരുന്നു. തനിക്ക് മൂന്നുവയസ്സാകുന്നത് വരെ കടയുണ്ടായിരുന്നു. അതിനാല്‍ തന്നെ വളരെ ചെറുപ്രായത്തില്‍ തന്നെ താന്‍ പിസ കഴിച്ച് തുടങ്ങി എന്നും വൈല്ഡ്സ് പറയുന്നു. ഒരു ഹീറ്റിംഗ് ആന്‍ഡ് കൂളിംഗ് സിസ്റ്റം കമ്പനിയിലാണ് താന്‍ ജോലി ചെയ്യുന്നയ്. അവിടുത്തെ സഹപ്രവര്ത്തകന് ഒരുദിവസം തന്നോട് ഒരു ബെറ്റ് വച്ചു. എല്ലാ ദിവസവും ഒരു പിസ കഷ്ണമെങ്കിലും കഴിക്കണം എന്നതായിരുന്നു ബെറ്റ്. താന്‍ ഒരു മാസം അത് ചെയ്തു. തനിക്കത് വളരെ എളുപ്പമായിരുന്നു എന്നും യുവാവ് പറയുന്നു.
എന്നാല്‍ ആളുകള്‍ തന്റെ ഈ ശീലത്തെ വളരെ ആശങ്കയോടെയാണ് കാണുന്നത്. പക്ഷേ തന്റെ ആരോഗ്യത്തിന് പ്രശ്നമൊന്നുമില്ല എന്നതുകൊണ്ട് തന്നെ അത് ബാധിച്ചിട്ടില്ല എന്നും വൈല്‍ഡ് പറഞ്ഞു.






