
ജീവിതത്തിലെ ഏറ്റവും സുപ്രധാന മുഹൂര്‍ത്തമാണ് വിവാഹം. അതുകൊണ്ട് തന്നെ വിവാഹം ഏറ്റവും അവിസ്മരണീയമാക്കാനാണ് ആളുകള്‍ ശ്രമിക്കുന്നത്. വിവാഹാഘോഷങ്ങള്‍ക്കായി ലക്ഷങ്ങളും കോടികളും മുടക്കാന്‍ ആളുകള്‍ ഇന്ന് തയ്യാറാണ്. ഇതുമായി ബന്ധപ്പെട്ട ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ നാം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഹൈദരാബാദില്‍ നിര്‍മ്മിച്ച ഒരു കൂറ്റന്‍ വിവാഹ വേദിയുടെ ചിത്രങ്ങളാണ് കുറച്ച് ദിവസമായി സൈബര്‍ ലോകത്ത് ശ്രദ്ധനേടുന്നത്. 106,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പന്തലാണ് നെറ്റിസണ്‍മാരില്‍ അമ്പരപ്പുണ്ടാക്കുന്നത്.
ലാവെന്‍ഡര്‍ തീമിലുള്ള പടുകൂറ്റന്‍ വേദിയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. 75 ദിവസമെടുത്താണ് പന്തലിന്റെ നിര്‍മ്മാണം. ലാവെന്‍ഡര്‍ നിറത്തിലൊരുക്കിയിരിക്കുന്ന വേദി, ഇതേ നിറത്തിലുള്ള പൂക്കളും, കസേരകളും മേശകളും മറ്റ് അലങ്കാരങ്ങളും കൊണ്ട് ആകര്‍ഷകമായാണ് നിര്‍മ്മിച്ചിരിക്കുന്നത്. റോഡുകളും പാര്‍ക്കിംഗ് ഏരിയകളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഈ ആഡംബര വേദിക്ക് അനുബന്ധമായി നിര്‍മ്മിച്ചിട്ടുണ്ട്. രണ്ട്വ്യത്യസ്ത ഡൈനിംഗ് സോണുകളിലായാണ് ഭക്ഷണം വിളമ്പുന്നത്. വിവാഹ വേദിയുടെ നിര്‍മ്മാണം മുതല്‍ വധുവരന്മര് ചടങ്ങില്‍ പങ്കെടുക്കുന്നത് വരെയുള്ള വീഡിയോയും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഡംബര വേദിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വീഡിയോയില്‍ നിറയുന്നത്.






