
സിനിമ സമരം പരിഹരിച്ചിട്ടും പരിഹരിക്കാനാകാതെ റിലീസ് പ്രശ്നങ്ങള്‍. ഡിസംബര്‍ മുതല്‍ മുടങ്ങി കിടക്കുന്ന ചിത്രങ്ങളുടെ റിലീസ് ഏതു വിധേനയായാലും സിനിമ ലോകത്തെ മുഴുവന്‍ ബാധിക്കുമെന്ന് വ്യക്തം. റിലീസിനായി ഇരിക്കുന്നത് എല്ലാം സൂപ്പര്‍ താര ചിത്രങ്ങളാണ്. നിര്‍മ്മാതാക്കളെല്ലാം വന്‍ പ്രതീക്ഷയിലാണ് ഈ ചിത്രങ്ങള്‍ നിര്‍മ്മിച്ചത്. എന്നാല്‍ സിനിമയെ മുഴുവന്‍ വെട്ടിലാക്കിയ സമരം ഇനിയും നിര്‍മ്മാതാക്കളെ സാരമായി ബാധിക്കും.
നിലവില്‍ ഓരോ ആഴ്ച ഇടവിട്ടാണ് ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇതൊന്നും നഷ്ടം കുറയ്ക്കാന്‍ പര്യപ്തമല്ല. പുതിയ ധാരണ അനുസരിച്ച് സത്യന് അന്തിക്കാട്-ദുല്‍ഖര്‍ സല്‍മാന്റെ ജോമോന്റെ സുവിശേഷങ്ങളാണ് ആദ്യം തീയറ്ററില്‍ എത്തുക. ജനുവരി 19നാണ് റിലീസ്. മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ പൃഥ്വിരാജിന്റെ എസ്ര, ജയസൂര്യയുടെ ഫുക്രി എന്നിവയും ഓരോ ആഴ്ചത്തെ ഇടവേളയിലെത്താനാണ് ധാരണ.
എന്നാല്‍ ഇതിനെതിരെ മുന്തിരിവള്ളികളുടെ നിര്‍മ്മാതാവ് സോഫിയ പോള്‍ രംഗത്തെത്തിയതും സാഹചര്യം മോശമാക്കുന്നു. മുന്തിരിവള്ളി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന ജനുവരി 26ന് നാല് അന്യഭാഷ ചിത്രങ്ങളെത്തുന്നത് ചിത്രത്തെ മോശമായി ബാധിക്കും. അതിനാല്‍ മുന്തിരിവള്ളികള്‍ ആദ്യം നിശ്ചയിച്ച ജനുവരി 20ന് തന്നെ വേണമെന്നാണ് ആവശ്യം.






