
ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ നിമിഷമാണ് വിവാഹം. അതുകൊണ്ട് തന്നെ അന്നേ ദിവസം ഏറ്റവും അവിസ്മരണീയമാക്കാനാണ് ആളുകള്‍ ശ്രമിക്കുന്നത്. ചിലര്‍ എല്ലാ ആഘോഷങ്ങളും ഒഴിവാക്കി രജിസ്റ്റര്‍ വിവാഹം ചെയ്ത് വ്യത്യസ്തരാകുമ്പോള്‍ മറ്റ് ചിലര്‍ ബഹിരാകാശത്തിലും കടലിന് അടിയിലും ഹിമാനിയിലും വിമാനത്തിലും വച്ച് വിവാഹിതരാകുന്നു. ഓരോരുത്തരും ശ്രമിക്കുന്നത് തങ്ങളുടെ വിവാഹം അവിസ്മരണീയമാക്കാണ്. ഇന്ന് ഇന്ത്യയിലെ അതിസമ്പന്നരുടെ വിവാഹങ്ങള്‍ ആഴ്ചകളോളം നീണ്ട് നില്ക്കുന്ന ആഘോഷമാണ്. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ ഏറെപ്പേരുടെ ശ്രദ്ധനേടി.
വിവാഹ ദിനം വധുവിനെ കണ്ട സഹോദരന്റെ ഭാവമായിരുന്നു കാഴ്ചക്കാരുടെ ശ്രദ്ധനേടിത്. @whatekanshiwore എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്ന്, 'മിസ് യു ഭായി' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. ഒരാള്‍ വാതില്‍ തുറന്ന് കൊടുക്കുമ്പോള്‍ വധുവിന്റെ സഹോദരനും സുഹൃത്തുക്കളും മുറിയിലേക്ക് പ്രവേശിക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. വധുവിന്റെ വേഷത്തില്‍ സഹോദരിയെ കണ്ട സഹോദരന് ഉടനെ ഒരു വിസില്‍ അടിക്കുന്നു. പിന്നെ മുന്നോട്ട് നീങ്ങി പെങ്ങളെ കെട്ടിപ്പിടിക്കുന്നു. സഹോദരന്റെയും സഹോദരിയുടെയും വികാരനിര്‍ഭരമായ രംഗം കൂടെയുള്ളവര്‍ തങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തുന്നു.
തന്റെ സഹോദരന്റെ സ്നേഹപ്രകടനത്തില്‍ വധു വികാരാധീനയാകുന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. വീഡിയോ സാമൂഹിക മാധ്യമങ്ങളിലും പെട്ടെന്ന് തന്നെ വൈറലായി. നിരവധി കാഴ്ചക്കാര്‍ സഹോദരങ്ങളുടെ ബന്ധം എന്ത് മനോഹരമാണെന്ന് കുറിച്ചു. 'സ്നേഹമുള്ള സഹോദരനും സഹോദരിയും എന്നായിരുന്നു ഒരു കാഴ്ചക്കാരന് എഴുതിയത്. 'വളരെ മനോഹരവും വിലയേറിയതുമായ നിമിഷം,' മറ്റൊരു കാഴ്ചക്കാരനെഴുതി. വീഡിയോ കണ്ട് താനെന്തിന് വികാരാധീനനാകണം എന്ന് കുറിച്ചവരും ഉണ്ടായിരുന്നു. കമന്റ് ബോക്സില്‍ ഹൃദയത്തിന്റെ ഇമോജികള്‍ നിറച്ചവരും കുറവല്ല.






