
തിരുവനന്തപുരം : തെക്കൻ കേരളത്തിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം മഴ തുടരുമെന്ന് അറിയിപ്പ്.ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് ഉണ്ട്. പത്തനംതിട്ടയിലും ഇടുക്കിയിലുമാണ് റെഡ് അലേര്‍ട്ട്. ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. നാളെ എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആയിരിക്കും. അടുത്ത അഞ്ചു ദിവസം സംസ്ഥാനത്തുടനീളം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട്-ആന്ധ്രാ തീരത്തിന് അകലെയായി ന്യുനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യുനമർദ്ദം മെയ് 24 രാവിലെയോടെ മധ്യ ബംഗാൾ ഉൾകടലിൽ തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. 30 മുതൽ 40 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റും വീശും. ഒറ്റപെട്ട സ്ഥലങ്ങളിൽ ഇന്ന് (മെയ് 22) അതിതീവ്രമായ മഴയ്ക്കും, നാളെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മെയ് 25 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.






