
ഇന്ത്യയിൽ ഒന്നാമത്തെ നഗരമായി തിരുവനന്തപുരം തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷം പങ്കുവെച്ച് മേയര്‍ ആര്യ രാജേന്ദ്രൻ. ഓക്സ്ഫോർഡ് എക്കണോമിക്സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് 2024 പ്രകാരമാണ് ജീവിതനിലവാരത്തിൽ തിരുവനന്തപുരം ഒന്നാമതെത്തിയത്. സാമ്പത്തികം, മാനവ വിഭവം,പരിസ്ഥിതി, ജീവിതനിലവാരം, ഭരണ നിർവഹണം എന്നിങ്ങനെ അഞ്ച് വിഭാഗത്തെ അടിസ്ഥാനമാക്കിയാണ് മികച്ച ജീവിതനിലവാരമുള്ള നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്.
വിവിധ സൂചികകളിൽ തൃശൂർ, വിവിധ സൂചികകളിൽ കൊല്ലം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നീ നഗരങ്ങളും പട്ടികയിലുണ്ട്. കേരളം ലോകത്തിന് മുന്നിൽ അഭിമാനത്തോടെ തലയുയർത്തി തന്നെ മുന്നോട്ട് പോകുമെന്ന് മേയര്‍ പറഞ്ഞു. വിമർശനങ്ങളും ആക്രമണങ്ങളും തുടരട്ടെ, തലസ്ഥാന നഗരം വികസനത്തിന്റെയും ക്ഷേമത്തിന്റെയും എല്ലാ മേഖലകളിലും ഒന്നാമതായി മുന്നേറാൻ ആഗ്രഹിക്കുന്നവരാണ് നഗരവാസികൾ. അവരുടെ പ്രതീക്ഷയ്ക്കും ആഗ്രഹത്തിനും ഒപ്പമാണ് നഗരസഭ. നമ്മളൊരുമിച്ച് നേടുന്നതാണ് ഈ നേട്ടങ്ങളെല്ലാം. നമുക്കാകെ അഭിമാനിക്കാനുള്ളതാണ് ഈ അംഗീകാരങ്ങളെന്നും മേയര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പട്ടിക ലോകമെമ്പാടുമുള്ള 1000 നഗരങ്ങളെ താരതമ്യം ചെയ്താണ് തയ്യാറാക്കിയത്. ലോകമെമ്പാടുമുള്ള 1,000 വലിയ നഗരങ്ങളെ റാങ്ക് ചെയ്യുന്ന ഒരു വാർഷിക റിപ്പോർട്ടാണ് ഓക്സ്ഫോർഡ് ഇക്കണോമിക്സ് ഗ്ലോബൽ സിറ്റി ഇൻഡക്സ്.






