
സിനിമാപ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് സുകുമാര്‍ സംവിധാനം ചെയ്ത അല്ലു അര്ജുന് നായകനായി എത്തിയ പുഷ്പയുടെ രണ്ടാംഭാഗം. പുഷ്പ 2 ഉണ്ടാകുമെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ അതിന്റെ ഓരോ അപ്ഡേറ്റുകളും വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 2021 ല്‍ പുറത്തിറങ്ങിയ പാൻ ഇന്ത്യൻ ചിത്രമായ പുഷ്പയുടെ രണ്ടാം ഭാഗമാണ് പുഷ്പ 2. ആദ്യ ഭാഗത്തിലേത് പോലെ പുഷ്പ 2 ലും ഫഹദ് ഫാസിലാണ് വില്ലൻ. രശ്മിക മന്ദനയാണ് നായിക.
ഇപ്പോഴിതാ ചെയ്യുന്ന പുഷ്പ 2-വിലെ പുതിയ ഗാനം പുറത്തിറങ്ങിയ സന്തോഷം പങ്കിടുകയാണ് ഗായിക ശ്രേയ ഘോഷാല്‍. 6 ഭാഷകളിൽ ഈ ഗാനം പാടിയ സന്തോഷമാണ് ശ്രേയ പങ്കിട്ടിരിക്കുന്നത്. ‘‘6 ഭാഷകളിൽ ഈ സൂപ്പർ ഡ്യൂപ്പർ ഗാനം ആലപിച്ചപ്പോൾ ഒരു ബ്ലാസ്റ്റ് തന്നെയായി... പുഷ്പ രാജ്, ശ്രീവല്ലി എന്നിവരോടൊപ്പം ചേരൂ, അവരോടൊപ്പം ആകർഷകമായത് ആസ്വദിക്കൂ...’’ എന്ന ക്യാപ്ഷനും നല്‍കിയാണ് ശ്രേയ ഗാനരംഗം പങ്കിട്ടിരിക്കുന്നത്.
ആവേശത്തോടെ ആരാധകര്‍ ഏറ്റെടുത്ത ഈ ഗാനത്തില്‍ അല്ലു അർജുന്റേയും രശ്മികയുടെയും ഗംഭീര നൃത്തചുവടുകളാണ് വിഡിയോയുടെ ഹൈലൈറ്റ്. ചിത്രത്തിലെ നായികാനായകന്മാരായ അല്ലു അര്‍ജുനും രശ്മികയും അവതരിപ്പിക്കുന്ന പുഷ്പയും ശ്രീവല്ലിയും തമ്മിലുള്ള പ്രണയനിമിഷങ്ങളുടെ ചിത്രീകരണമാണ് ‘സൂസേക്കി അങ്കരവ്വമാടേന ഉണ്ടാടേന സാമി’ എന്നു തുടങ്ങുന്ന ഈ ഗാനരംഗത്തിലുടനീളം.
പുഷ്പയുടെ ആദ്യഭാഗത്തില്‍ ഹിറ്റടിച്ച ‘സാമി’ ഗാനത്തോട് കിടപിടിക്കും വിധം സിഗ്നേച്ചർ ചുവടുകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ഗാനത്തിന്റെ ചിത്രീകരണം. ദേവി ശ്രീ പ്രസാദ് ഈണം നല്കിയ ഗാനത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി, കന്നട, മലയാളി, ബംഗാളി പതിപ്പുകള്‍ റിലീസ് ആയി. ശ്രേയ ഘോഷാല്‍ ആണ് എല്ലാ ഭാഷയിലും ആലാപനം. ഗണേശ് ആചാര്യയാണ് കൊറിയോഗ്രാഫി. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് 15ന് തിയേറ്ററില്‍ എത്തും.






