
സൽമാൻ രാജാവിന്റെ അതിഥികളായി 2322 പേർ ഇത്തവണ ഹജ്ജിനെത്തും. ചൊവ്വാഴ്ചയാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് ആതിഥേയത്വം വഹിക്കാൻ സൽമാൻ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചത്.
പലസ്തീൻ രക്തസാക്ഷികളുടെയും തടവുകാരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളിൽ നിന്നുള്ള 1000 പേർ, 88 ലധികം രാജ്യങ്ങളിൽ നിന്നുള്ള 1300 തീർഥാടകർ, സൗദിയിൽ വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് വിധേയരായ സയാമീസ് ഇരട്ടകളുടെ കുടുംബാംഗങ്ങളിൽ നിന്ന് 22 പേർ ഇതിലുൾപ്പെടും. ഖാദിമുൽ ഹറമൈൻ ഹജ്ജ്, ഉംറ, സിയാറ പദ്ധതിയുടെ ഭാഗമായാണ് ഇത്രയും പേർ ഹജ്ജിനെത്തുക.
സൗദി മതകാര്യ വകുപ്പ് ആണ് ഇത് നടപ്പിലാക്കുന്നത്. തീർഥാടകർ സ്വദേശത്ത് നിന്ന് പുറപ്പെട്ടതു മുതൽ ഹജ്ജ് കഴിഞ്ഞു തിരിച്ചുപോകുന്നതുവരെയുള്ള യാത്ര, താമസം, ഭക്ഷണം തുടങ്ങി മുഴുവൻ ചെലവുകൾ സൗദി ഭരണകൂടമാണ് വഹിക്കുക.
2322 തീർഥാടകരെ ആതിഥേയത്വം വഹിക്കാനുള്ള രാജകീയ ഉത്തരവിന് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് നന്ദി പറഞ്ഞു.





