
കോഫി ഇഷ്ടമില്ലാത്തതായി അധികമാരും ഉണ്ടാകില്ല. അതുകൊണ്ട് തന്നെ കഫേകള്‍ ഭൂരിഭാഗം ആളുകളുടെയും പ്രിയപ്പെട്ട ഇടമാണ്.
അതിനാല്‍ തന്നെ വളരെ മനോഹരമായ, വ്യത്യസ്തമായ അനുഭവം പകരുന്ന ഷോപ്പുകളില്‍ പോകാന്‍ പലരും ശ്രദ്ധിക്കാറുണ്ട്. അതുപോലെ വെറൈറ്റി കോഫി ഷോപ്പുകളും ഇഷ്ടം പോലെയുണ്ട്. എന്നാല്‍, ഇവിടെ ഒരു കഫെ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്.
ഉത്തര്‍ പ്രദേശിലെ നോയ്ഡയിലാണ് ഈ കോഫി ഷോപ്പ് ഉള്ളത്. ഇവിടെ നമുക്ക് പോലീസുകാര്‍ക്കൊപ്പം കാപ്പി കുടിക്കാനുള്ള അവസരമാണ് ലഭിക്കുക. നോയിഡയില്‍ ഉത്തര്‍പ്രദേശ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് നടത്തുന്ന കഫേ റിസ്റ്റയാണത്. സെക്ടര്‍ 108 -ല്‍ സ്ഥിതി ചെയ്യുന്ന കഫേ റിസ്റ്റയ്ക്ക് പോലീസ് സേനയ്ക്കും പൊതുജനങ്ങള്‍ക്കും ഇടയിലുള്ള വിടവ് നികത്തുക എന്ന ലക്ഷ്യം കൂടിയുണ്ട്. ഐപിഎസ് ലക്ഷ്മി സിംഗ്, ഐപിഎസ് ബബ്ലൂ കുമാര്‍ എന്നിവരുടെ മാര്‍ഗനിര്‍ദേശപ്രകാരം ഐപിഎസ് പ്രീതി യാദവാണ് ഈ സംരംഭത്തിന് നേതൃത്വം നല്‍കുന്നത്. പോലീസ് കമ്മീഷണറേറ്റിനുള്ളിലെ കുടുംബ തര്‍ക്ക പരിഹാര ക്ലിനിക്ക് / കൗണ്‍സിലിംഗ് ആന്റ് മീഡിയേഷന് സെന്ററിന് സമീപമാണ് കഫേ സ്ഥിതി ചെയ്യുന്നത്.
വളരെ കുറഞ്ഞ നിരക്കില്‍ ഇവിടെ ഭക്ഷണം ലഭിക്കും. പുറത്ത് നിന്നുള്ളവര്‍ക്കും ഇവിടെ ഭക്ഷണം കഴിക്കാം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ശേഷമാണ് ഈ കഫേയെ കുറിച്ച് കൂടുതല്‍ ആളുകള്‍ അറിഞ്ഞത്. വീഡിയോയില്‍ പ്രീതി യാദവ് ഐപിഎസ് ഈ കഫെയെ കുറിച്ചും അതിന്റെ ലക്ഷ്യങ്ങളെ കുറിച്ചും വിശദീകരിക്കുന്നത് കാണാം. ഇവിടെ മസ്റ്റ് ട്രൈ ഇനമായി പറഞ്ഞിരിക്കുന്നത് സാന്ഡ്വിച്ച്, പറാത്ത, കോഫി എന്നിവയാണ്.
വളരെ മനോഹരമായിട്ടാണ് ഈ കഫെ ഒരുക്കിയിരിക്കുന്നതെന്നും ദൃശ്യങ്ങളില്‍ കാണാം.






