
വളര്‍ത്തുമൃഗങ്ങളില്‍ മനുഷ്യനുമായി ഏറ്റവും അധികം ആത്മബന്ധം പുലര്‍ത്തുന്ന ആളുകളാണ് നായ്ക്കള്‍. അതുകൊണ്ട് തന്നെ സ്വന്തം വീട്ടിലെ അംഗത്തെ പോലെ തന്നെയാണ് പലരും അവയെ കാണുന്നതും. പെറ്റ് മോം, പെറ്റ് ഡാഡ് എന്ന വാക്കുകള്‍ പോലും വളരെയേറെ സുപരിചിതമാണ്. കുട്ടികള്‍ വേണ്ട പെറ്റുകളുണ്ടല്ലോ എന്ന് പറയുന്നവരും അനേകമുണ്ട്. ആദ്യമായി സ്വന്തമായി ഒരു പെറ്റ് ഡോഗിനെയോ കാറ്റിനെയോ കിട്ടുമ്പോഴുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഇത്തരത്തില്‍ നിരവധി ആളുകളുടെ പ്രതികരണ വീഡിയോകള്‍ നാം കണ്ടിട്ടുണ്ട്. സമാനമായ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഫേസ്ബുക്കിലാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. തന്റെ ഗ്രാജ്വേഷന് ദിനത്തില്‍ യുവതിക്ക് ഒരു പട്ടിക്കുട്ടിയെ സമ്മാനമായി ലഭിക്കുന്ന വീഡിയോയാണ് ഇത്. നഴ്സിംഗ് വിദ്യാര്‍ത്ഥിനിയാണ് അവള് എന്നാണ് കരുതുന്നത്. വീഡിയോയിലുള്ളത് അവളുടെ സഹോദരിമാരാണ് എന്നാണ് വീഡിയോ കാണുമ്പോള്‍ മനസിലാവുന്നത്. വീഡിയോയില്‍ സഹോദരിയെന്ന് തോന്നിക്കുന്ന ഒരു യുവതി പെണ്‍കുട്ടിക്ക് അരികിലേക്ക് വരുന്നത് കാണാം. 'അമ്മ അടുത്തില്ലാത്ത ഗ്രാജ്വേഷന് ദിനം നിനക്ക് വലിയ വേദനയായിരിക്കും അല്ലേ' എന്ന് അവള് ചോദിക്കുന്നത് കേള്‍ക്കാം. അതെ എന്ന അര്‍ത്ഥത്തില്‍ പെണ്‍കുട്ടി തലയാട്ടുന്നു. അപ്പോഴാണ് അവള്‍ക്കൊരു സര്‍പ്രൈസുണ്ട് എന്ന് സഹോദരി പറയുന്നത്. പെണ്‍കുട്ടി കണ്ണടച്ച് നില്ക്കുന്നു.
എന്നാല്‍ കണ്ണ് തുറക്കുമ്പോള്‍ അവള് കാണുന്നത് ഒരു പട്ടിക്കുട്ടിയെയാണ്. അവള് വികാരാധിക്യത്താല്‍ കരയാന്‍ പോകുന്നതാണ് പിന്നെ കാണുന്നത്. പിന്നീടവള്‍ ആ പട്ടിക്കുട്ടിയെ വാങ്ങി തന്നോട് ചേര്‍ത്ത് പിടിക്കുന്നതും കാണാം. വളരെ പെട്ടെന്നാണ് വീഡിയോ വൈറലായത്. അനവധിപ്പേര്‍ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. പട്ടിക്കുട്ടിയെ നോക്കുന്നത് വളരെ വലിയ അധ്വാനമുള്ള പണിയാണ് എന്നാണ് മിക്കവരും ഓര്‍മ്മിപ്പിച്ചത്. ചിലരൊക്കെ അങ്ങനെയൊരു സമ്മാനം നല്‍കിയതിന് വിമര്‍ശനവും ഉന്നയിച്ചു.






