
മലയാള സിനിമാപ്രേക്ഷകരുടെ മനസ്സിലെ ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്. യൂത്തിന്റെ ഹരമായിരുന്ന താരം പിന്നീടിങ്ങോട്ട് പക്വതയുള്ള ഒരുപാട് കഥാപാത്രങ്ങളും വില്ലന്‍ വേഷങ്ങളുമടക്കം പലതും വെള്ളിത്തിരയിലെത്തിച്ചിട്ടുണ്ട്. തന്റെ കരിയറിന്റെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് താരം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയായ ‘ഗര്‍ര്‍ര്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന മോജോ എന്ന സിംഹത്തെ പരിചയപ്പെടുത്തുകയാണ് കുഞ്ചാക്കോ ബോബന്. ചിത്രത്തിൽ തനിക്കൊപ്പം അഭിനയിക്കുന്ന സിംഹം ഗ്രാഫിക്സ് സൃഷ്ടി ആണെന്ന് കരുതിയവർക്കു തെറ്റിയെന്നും മാന്തു കിട്ടിയത് തനിക്കാണെന്നുമുള്ള കുറിപ്പിനൊപ്പമാണ് ചാക്കോച്ചന്റെ വീഡിയോ. ‘‘സിംഹം ഗ്രാഫിക്സ് ആണത്രേ ഗ്രാഫിക്സ്. …അതും മാന്ത് കിട്ടിയ എന്നോട്… എന്ന ക്യാപ്ഷന്‍ നല്‍കിയാണ് കുഞ്ചാക്കോ ബോബന് മോജോയെ പരിചയപ്പെടുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്. യഥാർത്ഥ സിംഹത്തിൻ്റെ പരിശീലന വീഡിയോയാണ് താരം പങ്കിട്ടിരിക്കുന്നത്. ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള മോജോ ‘ദര്ശന്’ എന്നു പേരുള്ള സിംഹമായാണ് ചിത്രത്തിലെത്തുന്നത്.
ജെയ് കെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജൂണ്‍ 14-ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യാനൊരുങ്ങുകയാണ്. മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് മദ്യപിച്ച് കയറിച്ചെല്ലുന്ന യുവാവായാണ് കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തില്‍ വേഷമിടുന്നത്.






