
പ്രിയതമയുടെ അപ്രതീക്ഷിത വിയോഗം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് ഇപ്പോഴും പുറത്തുകടക്കാനായിട്ടില്ല സംഗീത സംവിധായകൻ ബിജിബാലിന്. ഇപ്പോൾ ശാന്തിയുടെ പിറന്നാൾ ദിനത്തിൽ ബിജിബാൽ പങ്കുവച്ച വിഡിയോ ആണ് ആരാധകരുടെ മനം കവരുന്നത്. സ്വന്തമായി പാടിയ പാട്ടിനൊപ്പമാണ് ബിജിബാൽ പിറന്നാൾ ആശംസകൾ നേർന്നത്.
ഠമാർ പടാർ' എന്ന ചിത്രത്തിനു വേണ്ടി റഫീഖ് അഹമ്മദ് എഴുതി ബിജിബാൽ തന്നെ ഈണമിട്ട 'നീയില്ലാതെ ജീവിതം വേണ്ടാ പൊന്നേ വേണ്ടാ' എന്ന ഗാനമാണ് അദ്ദേഹം ആലപിച്ചത്. ശാന്തിയുടെ മനോഹരമായ ചിത്രങ്ങളും വിഡിയോയിൽ ചേർത്തിട്ടുണ്ട്.. എന്റെ ആത്മാവിനുള്ള ഗാനം. ബര്‍ത്ത്ഡേ ഗേള്‍.- എന്ന അടിക്കുറിപ്പിലായിരുന്നു വിഡിയോ പങ്കുവച്ചത്.
നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുകൾ ചെയ്യുന്നത്. ബിജീ, നിങ്ങൾ എത്ര സുന്ദരമായിട്ടാണ് പ്രണയിക്കുന്നത് എന്നായിരുന്നു ഒരാളുടെ കമന്റ്. നിങ്ങളാണ് ബിജിയേട്ടാ യഥാർത്ഥ കാമുകൻ എന്നാണ് മറ്റൊരാൾ കുറിച്ചത്. ബിജിബാലിന്റെ സംഗീതത്തിലൂടെ ശാന്തി ഇന്നും ജീവിക്കുകയാണെന്ന് ആരാധകർ പറയുന്നു.
2017 ഓഗസ്റ്റിലാണ് ശാന്തി ബിജിബാൽ അന്തരിച്ചത്. തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്നായിരുന്നു മരണം. അതിനു ശേഷമുള്ള ഓരോ വിശേഷ ദിവസങ്ങളിലും ബിജിബാൽ ശാന്തിയുടെ ഓർമകൾ പങ്കുവയ്ക്കുന്ന വിഡിയോകൾ പുറത്തിറക്കാറുണ്ട്. 2002ലാണ് ബിജിബാലും ശാന്തിയും വിവാഹിതരായത്. രണ്ടു മക്കളുണ്ട്.






