
ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മര്‍ ജൂനിയറിന്റെ മകളുടെ മാമോദിസ ബ്രസീലില്‍ വെച്ച് നടന്നു. 2023 ഒക്ടോബര്‍ ആറിന് ആയിരുന്നു നെയ്മറിനും പങ്കാളിയും മോഡലും ഇന്‍ഫ്ളുവന്‍സറുമായ ബ്രൂണ ബിയാന്‍കാര്‍ഡിക്കും പെണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്നതിനെ തുടര്‍ന്ന് നവംബറില്‍ ഇരുവരും ബന്ധം പിരിഞ്ഞിരുന്നു. എന്നാല്‍ മകളുടെ മാമോദീസയ്ക്ക് വേണ്ടി ഇരുവരും ഒന്നിച്ചിരിക്കുകയാണ്.
നെയ്മറിന്റെയും ബ്രൂണയുടെയും മകള്‍ മാവിക്ക് ഇപ്പോള്‍ എട്ടു മാസമാണ് പ്രായം. മകളുടെ മാമ്മോദീസയ്ക്ക് വേണ്ടി അഭിപ്രായ വിത്യാസങ്ങള്‍ എല്ലാം മാറ്റിവെച്ച് നെയ്മറും ബ്രൂണയും ഇരുവരുടെയും കുടുംബങ്ങളും ഒന്നിക്കുകയായിരുന്നു.
ബ്രസീലിലെ കോചിയയിലെ ഔര്‍ ലേഡി ഓഫ് ഫാത്തിമ ചര്‍ച്ചില്‍ വെച്ചായിരുന്നു മാമ്മോദീസ. ഇതേ ചടങ്ങില്‍ വെച്ച് ബ്രൂണയുടെ അടുത്ത സുഹൃതത് ഹന്ന കാര്‍വല്‍ഹോയുടെ മകളും മാമ്മോദീസ സ്വീകരിച്ചു.
ബ്രൂണയുടെ മകളുടെ തലതൊട്ടമ്മ ഹന്നയും ഹന്നയുടെ മകളുടെ തലതൊട്ടമ്മ ബ്രൂണയുമായിരുന്നു. മാമ്മോദീസയുടെ വീഡിയോ ബ്രൂണ തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ പങ്കുവെച്ചിട്ടുണ്ട്. മാവിയുടെ മാമ്മോദീസ ചടങ്ങിന്റെ ചിത്രങ്ങള്‍ നെയ്മറും തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. കൂപ്പുകൈ, ലവ് ഇമോജികള്‍ക്ക് ഒപ്പമാണ് നെയ്മര്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.
എംബ്രോഡറി ചെയ്ത കുഞ്ഞു വെളളയുടുപ്പ് ധരിച്ചാണ് മാവി മാമ്മോദീസയ്ക്കായി എത്തിയത്. മാമ്മോദീസയ്ക്ക് ശേഷം പുതിയതായി മറ്റൊരു വെളള കുഞ്ഞുടുപ്പ് ധരിച്ചു. മകളുടെ മാമ്മോദീസയ്ക്കായി എത്തിയ നെയ്മര്‍ സന്തോഷവാനായി കാണപ്പെട്ടു. കുഞ്ഞുമായി കളികളില്‍ ഏര്‍പ്പെട്ട നെയ്മര്‍ കുഞ്ഞു മാവിയെ നടക്കാന്‍ സഹായിക്കുന്നതും കാണാം.




