
ന്യൂഡല്‍ഹി: എല്ലാം തമാശയ്ക്ക് ചെയ്ത് തുടങ്ങിയതായിരുന്നെന്നും പിന്നീട് 16 വര്‍ഷമായി നിരന്തരമായി ചെയ്തെന്നും ബാലപീഡകന്റെ വെളിപ്പെടുത്തല്‍. നൂറു കണക്കിന് കുട്ടികളെ പീഡിപ്പിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത 38 കാരന് സുനില്‍ റസ്തോഗിയുടേതാണ് വെളിപ്പെടുത്തല്‍. ഏഴിനും 11 നും ഇടയില്‍ പ്രായക്കാരായ 500 ലധികം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തെന്ന ആരോപണത്തില്‍ കുടുങ്ങിയ റസ്തോഗി 2001 ലാണ് ആദ്യ ഇരയെ കണ്ടെത്തിയതെന്നും പോലീസിനോട് പറഞ്ഞു.
തനിക്ക് അസാധാരണ ശക്തിയുണ്ടെന്ന് വിശ്വസിച്ചിരുന്ന ഇയാള്‍ താമസിച്ചിരുന്ന രുദ്രാപൂരില്‍ നിന്നും ഡല്‍ഹിയിലേക്ക് പതിവായി പോയിരുന്നത് സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസ്സിലായിരുന്നു. തന്റെ ഭാഗ്യചിഹ്നം എന്ന് വിശ്വസിച്ച് ഒരു ചുവപ്പ് ജാക്കറ്റും ഇയാള്‍ പതിവായി അണിഞ്ഞിരുന്നു. ന്യൂ അശോക്നഗറിലെ ഖരോളി ഏരിയയില്‍ താമസിച്ചിരുന്ന ഇയാള്‍ മാതാപിതാക്കളെ കാണാനായി പതിവായി എത്തിയിരുന്ന സമയത്താണ് കൊച്ചു പെണ്‍കുട്ടികളായ ഇരകളെ കണ്ടെത്തിയിരുന്നത്.
ജനുവരി 14 ന് അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നത് തനിക്ക് എന്നും ഹരമായിരുന്നെന്നാണ് പോലീസിനോട് വെളിപ്പെടുത്തിയത്. കുട്ടികളുമായി ചങ്ങാത്തം സ്ഥാപിച്ച ശേഷം അവരെ തന്നില്‍ വിശ്വസിപ്പിച്ച ശേഷമായിരുന്നു ഇയാള്‍ ഇരകളാക്കിയിരുന്നത്. ഒരിക്കല്‍ പ്രായം കൂടുതലുള്ള പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ അവള് തിരിച്ചടിക്കുകയും ഒച്ചവെയ്ക്കുകയും ചെയ്തു. അതിന് ശേഷമാണ് ഏഴിനും 11 നും ഇടയില്‍ പ്രായക്കാരെ മാത്രം ഇരയാക്കിയത്.
ഉത്തരാഖണ്ഡിലെ രുദ്രാപൂരില്‍ വെച്ചായിരുന്നു ആദ്യ ഇരയെ ഇയാള്‍ ഉപയോഗിച്ചത്. അതിന് ശേഷം ഇവിടെയും ന്യൂ അശോകാ നഗറിലും ഗസിയാബാദിലുമായി അനേകം കുട്ടികളെ ഉപയോഗിച്ചു. എത്രപെണ്കുട്ടികളെ ഉപയോഗിച്ചെന്ന് പോലും കൃത്യമായി ഓര്‍ത്തെടുക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. തന്റെ പിതാവ് വസ്ത്രങ്ങളും വിലപ്പെട്ട വസ്തുക്കളും തന്നുവിട്ടിട്ടുണ്ടെന്ന് ഇയാള്‍ കുട്ടികളോട് പറയും. അവര്‍ വിശ്വസിച്ചില്ലെങ്കില്‍ വിശ്വസിപ്പിക്കാനായി പിതാവിനെ ഫോണ്‍ വിളിക്കുന്നത് പോലെ അഭിനയിക്കും. ചിലപ്പോഴൊക്കെ പിതാവ് സ്വര്‍ണ്ണാഭരണങ്ങള്‍ തന്നുവിട്ടെന്ന് പോലും ഇയാള്‍ കുട്ടികളോട് പറഞ്ഞിരുന്നു.
ന്യൂ അശോക നഗറിലെ ഇരകളെ കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നെ അവിടെ തന്നെ ഇയാള്‍ തങ്ങും. ഈ ഭാഗത്തെ ഇരുണ്ടതും വിജനവുമായ ഇടങ്ങള്‍ ഇയാള്‍ക്ക് അറിയാം. ഇതിനൊപ്പം കുറ്റം നടത്തിയ ശേഷം എളുപ്പം രക്ഷപ്പെടാനുള്ള വഴി വരെ നോക്കി വെച്ച ശേഷമാണ് ഇരകളെ കൊണ്ടുവരിക. മിക്കവാറും പുലര്‍ച്ചെ വരികയും വൈകിട്ട് പോകുകയും ചെയ്യുന്നതിനാലാണ് ഇയാള്‍ ഇതുവരെ പിടിക്കപ്പെടാതെ ഇരുന്നത്. സമൂഹത്തെ ഭയന്ന് പലരും പരാതി നല്‍കാനും തയ്യാറാകാതിരുന്നത് ഇയാള്‍ക്ക് വളമായി മാറി. എന്നാല്‍ പിടിയിലായതറിഞ്ഞ ശേഷം അനേകരാണ് ഇയാള്‍ക്കെതിരേ പരാതിയുമായി എത്തിയത്. കഴിഞ്ഞ വര്‍ഷം രുദ്രാപൂരില്‍ നിന്നും ഇതേ കേസിന് പിടിയിലായ ഇയാളെ പിന്നീട് ജാമ്യം നല്കി വിടുകയായിരുന്നു.
