
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കടന്നാക്രമിച്ച് പട്ടേല് സമരനായകന് ഹര്ദിക് പട്ടേല്. ലക്ഷങ്ങള് വിലയുള്ള സ്യുട്ട് ധരിച്ച് ചര്ക്ക പിടിച്ചാല് ഗാന്ധിയാകുമോ എന്ന് ഹര്ദിക് ചോദിച്ചു. സൂറത്തില് ഒന്പത് മാസത്തെ ജയില്വാസവും ഉദയ്പൂരിലെ ആറ് മാസത്തെ നാട് കടത്തിലിനും ശേഷം ഇന്നാണ് ഹര്ദിക് ഗുജറാത്തില് തിരിച്ചെത്തിയത്.
പട്ടേല് സംവരണത്തിന് വേണ്ടിയുള്ള സമരം വീണ്ടും ആരംഭിക്കുമെന്ന് ഹര്ദിക് വ്യക്തമാക്കി. കാലങ്ങളായി പിന്തുണച്ചിരുന്ന പട്ടേല് വിഭാഗത്തെ ബി.ജെ.പി വഞ്ചിക്കുകയാണ്. തനിക്കെതിരായ കേസുകള് മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും ഹര്ദിക് കൂട്ടിച്ചേര്ത്തു. യു.പി തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തില് ബി.ജെ.പിക്കെതിരെ പ്രചരണത്തിനിറങ്ങും. തങ്ങള്ക്കൊപ്പം നില്ക്കുന്ന പാര്ട്ടിക്കൊപ്പം രംഗത്തിറങ്ങുമെന്നും ഹര്ദിക് പറഞ്ഞു.
ഗുജറാത്തിലേക്കുള്ള ഹര്ദിക് പട്ടേലിന്റെ തിരിച്ചുവരവിന് ഏറെ രാഷ്ട്രീയ പ്രാധാന്യമാണ് കല്പ്പിക്കപ്പെടുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പില് ആം ആദ്മി പാര്ട്ടി പട്ടേല് സമുദായത്തിന്റെ പിന്തുണ തേടിയിരുന്നു. ഗുജറാത്തില് ബി.ജെ.പിക്കെതിരെ സംയുക്ത പ്രചരണത്തിന് ബീഹാര് മുഖ്യമന്ത്രി നിതീഷ് കുമാറും ഹര്ദിക്കിന്റെ പിന്തുണ തേടിയിരുന്നു.







Comments