
ദിലീപിനെ ജനപ്രിയ നായകനാക്കുന്നത് കലാകാരൻ എന്ന നിലയിൽ മാത്രമല്ല വ്യക്തി ജീവിതത്തിൽ താരം മറ്റുള്ളവരോട് കാണിക്കുന്ന സഹാനുഭൂതി കൂടിയാണ്.
ഇപ്പോഴിതാ മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോന്റെ വീട്ടില്‍ സർപ്രൈസ് എൻട്രി നടത്തിയിരിക്കുകയാണ് ദിലീപ്. എറണാകുളം കോലഞ്ചേരിയിലുള്ള മഹേഷിന്റെ വീട്ടിലാണ് സമ്മാനങ്ങളുമായി ദിലീപെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ മഹേഷ് തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. മഹേഷിന് നല്‍കാനായി കൊണ്ടുവന്ന സമ്മാനങ്ങളും ദിലീപ് കൈമാറി. കാറപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിഞ്ഞിരുന്ന മഹേഷിന്റെ സുഖവിവരങ്ങള്‍ അന്വേഷിക്കാനാണ് ദിലീപ് നേരിട്ട് മഹേഷിന്റെ വീട്ടിലെത്തിയത്.
മലയാളികളുടെ പ്രിയ കലാകാരൻ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ മഹേഷും ഉള്‍പ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ മഹേഷ് മാസങ്ങളോളം ചികിത്സയിലായിരുന്നു.
ഗായകൻ വിനീത് ശ്രീനിവാസന്റെ ശബ്ദാനുകരണവും രൂപ സാദൃശ്യവും മഹേഷിനെ പ്രേക്ഷകർക്കിടയില്‍ ശ്രദ്ധേയനാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, വിജയ് സേതുപതി, വിനയ് ഫോർട്ട്, രാജ് ബി ഷെട്ടി, പുനീത് രാജ്കുമാർ, ബാബുരാജ്, വിനായകൻ, വിനയ് ഫോർട്ട്, ദുല്‍ഖർ സല്മാൻ തുടങ്ങിയ നിരവധി താരങ്ങളുടെ ശബ്ദങ്ങള്‍ മഹേഷ് അനുകരിക്കാറുണ്ട്.






