
കൊല്‍ക്കത്ത: പോലീസ് സന്നാഹമുള്ള രാജ്ഭവനില്‍ താന്‍ സുരക്ഷിതനല്ലെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്. രാജ്ഭവനില്‍ നിലവില്‍ കൊല്‍ക്കത്ത പോലീസിന്റെ സാന്നിധ്യമുള്ളതിനാല്‍ തന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്ഭവന് പരിസരത്ത് നിന്ന് പോലീസ് ഉദ്യോഗസ്ഥരോട് ഒഴിയാന്‍ ഉത്തരവിട്ടതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന. എന്നിരുന്നാലും, അവര്‍ ഇപ്പോഴും ഗവര്‍ണര്‍ ഹൗസില്‍ ഡ്യൂട്ടിയിലാണ്. ''നിലവിലെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെയും അദ്ദേഹത്തിന്റെ സംഘത്തിന്റെയും സാന്നിധ്യം എന്റെ സ്വകാര്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വിശ്വസിക്കാന്‍ എനിക്ക് കാരണങ്ങളുണ്ട്.'' അദ്ദേഹം പറഞ്ഞു.
രാജ്ഭവനില്‍ നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ നിരന്തരം ഒളിച്ചുകളി നടത്തുന്നുണ്ടെന്ന് ഗവര്‍ണര്‍ ബോസ് സംസ്ഥാന സര്‍ക്കാരിന് പരാതി നല്‍കിയിട്ടുണ്ടെന്നും സ്വാധീനിച്ചവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അവര്‍ ഇത് ചെയ്യുന്നതെന്ന് തനിക്ക് മനസ്സിലായെന്നും ഗവര്‍ണര്‍ ഹൗസ് വൃത്തങ്ങള്‍ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
