
കാര്‍ത്തിക ആര്യന് പ്രധാന വേഷത്തിലെത്തിയ ചന്തു ചാമ്പ്യന്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോള്‍ കാര്‍ത്തിക് ആര്യന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കപില്‍ ദേവ് രംഗത്തെത്തിയിരിക്കുകയാണ്.
ചിത്രം കണ്ട് ചിരിക്കുകയും കരയുകയും അഭിമാനം തോന്നുകയും ചെയ്തു എന്നാണ് അദ്ദേഹം കുറിച്ചത്. ചിത്രത്തിന്റെ സംവിധായകനായ കബിര്‍ ഖാനെയും കപില്‍ ദേവ് പ്രശംസിച്ചു.
ചാന്തു ചാമ്പ്യന്‍. നിങ്ങള്‍ നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത സിനിമ. ഞാന്‍ സ്പോര്‍ട്സ് ചിത്രങ്ങള്‍ കാണുകയും പ്രശംസിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇത് സ്പോര്‍ട്സ് ഫിലിം എന്നതിനേക്കാള്‍ അപ്പുറമാണ്. വളരെ ഏറെയാണ്. സിനിമ കണ്ടിരുന്ന് ഞാന്‍ ചിരിച്ചു കരഞ്ഞു അഭിമാനം തോന്നി വീണ്ടും കുറച്ചുകൂടി കരഞ്ഞു. കബീര്‍ ഖാന് കയ്യടികള്‍. നിങ്ങള്‍ വീണ്ടും ചെയ്തിരിക്കുന്ന. ഗംഭീരമായ സിനിമ നിങ്ങളുണ്ടാക്കി. കാര്‍ത്തിക് ആര്യന്റെ എത്ര മികച്ച പ്രകടനമാണ്. നിന്റെ അധ്വാനവും കഴിവും ഇതില്‍ കാണാം. ഈ സിനിമ ഞങ്ങളിലെത്തിച്ച എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍. നിങ്ങള്‍ എല്ലാവരും ചാമ്പ്യന്മാരാണ്.- അദ്ദേഹം കുറിച്ചു.
പിന്നാലെ കപില്‍ ദേവിന് നന്ദി പറഞ്ഞുകൊണ്ട് കാര്‍ത്തിക് ആര്യന് രംഗത്തെത്തി. ആദ്യ ക്രിക്കറ്റ് ലോകകപ്പിനെ ആസ്പദമാക്കി 83 എന്ന ചിത്രം ഒരുക്കിയത് കബിർ ഖാനായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന കപിൽ ദേവിന്റെ റോളിൽ രൺവീർ സിങ്ങാണ് എത്തിയത്.






