
തിരുവനന്തപുരം: ടിപി ചന്ദ്രശേഖര്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കം കേരള സമൂഹത്തോടുള്ള വെല്ലുവിളിയെന്നും ഇത് അനുവദിക്കില്ലെന്നും നിയമപരമായി നേരിടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ഈ നീക്കത്തെ നിയമപരമായും രാഷ്ട്രീയ പരമായും നേരിടുമെന്നും തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി കിട്ടിയിട്ടും സര്‍ക്കാര്‍ ഒരു പാഠവും പഠിച്ചിട്ടില്ലെന്നും വി.ഡി. സതീശന് പരിഹസിച്ചു.
ഒരു പൊതുപ്രവര്‍ത്തകനെ ക്രൂരമായി കൊലപ്പെടുത്തിയ ക്രിമിനലുകളെയാണ് സര്‍ക്കാര്‍ സംരക്ഷിക്കാന്‍ നോക്കുന്നത്. കെകെ രമ നിയമസഭയില്‍ ചോദിച്ചിട്ടു പോലും സര്‍ക്കാര്‍ അഞ്ചുമാസമായി മറുപടി നല്കുകയുണ്ടായിട്ടില്ല. ഇഷ്ടപ്പെട്ട ഭക്ഷണവും മദ്യവും ഉള്‍പ്പെടെ ജയിലില്‍ ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളാണ് പ്രതികള്‍ക്ക് നല്കിക്കൊണ്ടിരിക്കുന്നത്. ജയിലില്‍ നിന്നു തന്നെ ഇവര്‍ക്ക് ക്വട്ടേഷനും, സാമ്പത്തീക ഇടപെടലുകള്‍ നടത്താനും ജയില്‍ അധികൃതര്‍ അവസരം ചെയത്ുകൊടുത്തു. ആവശ്യത്തിന് പരോള്‍ കിട്ടി മിക്കവാറും ഇവര്‍ ജയിലിന് പുറത്തായിരിക്കും.
സിപിഎം തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്ക് പോകുകയാണ്. ഇപ്പോഴും ഒരു അപരിഷ്കൃത പാര്‍ട്ടിയെപ്പോലെ പ്രവര്‍ത്തിക്കുകയാണ്. എന്തും ചെയ്യാന്‍ മടിയില്ലാത്ത പാര്‍ട്ടിയായി സിപിഎം മാറിയിരിക്കുകയാണ്. അധികാരം ഉപയോഗിച്ച് എന്തും ചെയ്യാമെന്ന ധിക്കാരത്തിനും ധാര്‍ഷ്ട്യത്തിനും ഒരു കുറവും വന്നിട്ടില്ല. ഈ ചെറുത്തു നില്പ്പില് കേരളത്തിന്റെ പ്രതിഷേധത്തിന് മുമ്പില്‍ കോണ്‍ഗ്രസ് ഉണ്ടാകുമെന്നും പറഞ്ഞു.






