
ബോളിവുഡിൽ ഒരു കാലത്ത് തരംഗം സൃഷ്ടിച്ച സിനിമയാണ് 1995-ൽ ഇറങ്ങിയ ബർസാത്ത്. ട്വിങ്കിൾ ഖന്നയും ബോബി ഡിയോളും ആദ്യമായി വെള്ളിത്തിരയിലെത്തുന്നത് ഈ സിനിമയിലെ നായിക നായകന്മാരായിട്ടാണ്. ആദ്യ സിനിമയിലൂടെ തന്നെ തങ്ങളുടെ ഓൺ-സ്ക്രീൻ കെമിസ്ട്രിയിലൂടെ ഇവർ ആരാധകരുടെ ഹൃദയം കവർന്നതാണ്. ഇന്നും ആ കഥാപാത്രങ്ങൾ ഹൃദയത്തിലും മനസ്സിലും പതിഞ്ഞുകിടക്കുന്നതാണ്.
ഇപ്പോഴിതാ തന്റെ സുഹൃത്തും സഹതാരവുമൊക്കയായിരുന്ന ബോബി ഡിയോളിനൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ട് നൊസ്റ്റാൾജിയ പങ്കിടുകയാണ് ട്വിങ്കിൾ ഖന്ന. ബോബിയുടെ കരിയറിൽ ഇത്രയും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിൽ താൻ ത്രില്ലിലാണെന്നാണ് ട്വിങ്കിൾ കുറിച്ചത്. "കൽ , ആജ് കൽ... ഇത് പിങ്കി മാസി മാത്രമല്ല ബോബി ഡിയോളിന്റെ ആരാധിക... അദ്ദേഹം നന്നായി ചെയ്യുന്നത് കാണുന്നതിൽ ഞാൻ ത്രില്ലിലാണ്. നൊസ്റ്റാൾജിയയ്ക്ക് മധുരമായ ഒരു രുചിയുണ്ട്, ഒപ്പം അവതരണങ്ങൾ കേൾക്കുന്നതും രസകരവുമാണ്. പണ്ട് നമ്മൾ ആരായിരുന്നു..." എന്ന ക്യാപ്ഷൻ നൽകിയാണ് ട്വിങ്കിൾ, ബോബി ഡിയോളിനൊപ്പമുള്ള ഇപ്പോഴത്തെ ചിത്രവും അവരുടെ ബർസാത്ത് എന്ന സിനിമയിലെ രണ്ട് ത്രോ ബാക്ക് ചിത്രങ്ങളും പങ്കിട്ട് കുറിച്ചത്.






