
സിംഗപ്പൂരിൽ നാല് മില്യണ്‍ ഡോളർ (33,38,11,000 കോടി രൂപ) ജാക് പോട്ട് അടിച്ചതിന് പിന്നാലെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു . സിംഗപ്പൂരിലെ മറീന ബേ സാൻഡ്സ് കാസിനോയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു .
ജീവിതം മാറ്റിമറിച്ച ഭാഗ്യത്തിൽ ആഹ്ലാദിക്കുന്നതിനിടെയാണ് യുവാവ് കുഴഞ്ഞുവീണത്. കാസിനോയിലുണ്ടായിരുന്നവർ ഇതോടെ പരിഭ്രാന്തരായി.യുവാവിന് കാസിനോയിലെ ജീവനക്കാരും മെഡിക്കൽ സംഘവും പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം . യുവാവ് സ്ഥിരമായി ഈ കാസിനോയിൽ വരാറുണ്ടായിരുന്നു എന്നാണ് വിവരം. ഇത്രയും പണം ഒറ്റയടിക്ക് കയ്യിൽ വന്നതിന്റെ ആവേശത്തിലായിരുന്നു യുവാവെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. കാസിനോയ്ക്കുള്ളിൽ നിന്നുള്ള ദൃശ്യം സോഷ്യൽ മീഡിയിൽ വൈറലായി. എന്നാൽ മരിച്ചയാളുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
സിംഗപ്പൂരിലെ ചൂതാട്ട വ്യവസായവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള ആശങ്കകൾ ഉയരുന്നതിനിടെയാണ് ഈ സംഭവം. വൻതോതിൽ പണമിടപാട് നടക്കുന്നതിനാൽ കാസിനോകള്‍ കേന്ദ്രീകരിച്ചുള്ള ക്രിമിനൽ പ്രവർത്തനങ്ങളെ കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.






