
ഗ്ര്‍ര്‍ര്‍... കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലേക്ക് ഓടിവരുന്നത് സിംഹത്തിന്റെ മുഖമാണ്. അതേ സിംഹത്തിനെ പ്രധാന കഥാപാത്രമാക്കി മലയാളത്തില്‍ ആദ്യമായൊരു സിനിമ ചെയ്യുകയെന്നത് അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ പൃഥ്വിരാജിന്റെ ‘എസ്ര’ എന്ന ഹൊറർ ചിത്രമൊരുക്കി ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകമനസ്സ് കീഴടക്കിയ ജെയ് കെ എന്ന ജയ് ആർ കൃഷ്ണൻ അത് സാധ്യമാക്കി. അരങ്ങേറ്റം കഴിഞ്ഞ് ഏഴ് വർഷത്തിന് ശേഷം, രാജ്കുമാർ സന്തോഷിയുടെയും രാം ഗോപാൽ വർമ്മയുടെയും മുൻ അസിസ്റ്റൻ്റായ ജയ് കെ മറ്റൊരു കൗതുകകരമായ ശ്രമവുമായിട്ടാണ് തിരിച്ചെത്തിയത്. കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഫാമിലി എന്റർടെയ്നറായ ഗ്ർർർ എന്ന സിനിമയാണത്. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള മോജോ എന്ന സിംഹത്തിനെയും കേന്ദ്രകഥാപാത്രമാക്കിയാണ് ജെയ് കെ. ഗ്ര്‍ര്‍ര്‍ ഒരുക്കിയത്. ഹിന്ദിയിൽ ഇമ്രാൻ ഹാഷ്മിയെ നായകനാക്കി ഒരു സിനിമ ചെയ്ത ജെയ് മലയാളത്തിൽ ആണും പെണ്ണും എന്ന ആന്തോളജി മാത്രമല്ല നിരവധി പരസ്യ ചിത്രങ്ങളും ചെയ്തിട്ടുണ്ട്. പ്രേക്ഷകര്‍ കൈയടിയോടെ ഏറ്റെടുത്ത ഗ്ര്‍ര്‍ര്‍ ന്റെ വിശേഷങ്ങളുമായി ജെയ് കെ മംഗളം ഓണ്‍ലൈനിനൊപ്പം ചേരുകയാണ്...
വ്യത്യസ്തമായ ഒരു പ്രമേയമായണല്ലോ ഗര്‍ര്‍ര്‍...ഈ വിഷയം തെരഞ്ഞെടുത്തതിന് പിന്നില്‍ ?
ആദ്യ സിനിമയായ എസ്ര തികച്ചുമൊരു ഹൊറര്‍ സിനിമയായിരുന്നു. ഹൊററിൽ നിന്ന് കോമഡിയിലേക്ക് തരം മാറിയത് ബോധപൂർവമായിരുന്നില്ല. രസകരമായ കഥകൾക്കായി ഞാൻ തിരയുമ്പോഴാണ് അത് സംഭവിച്ചത്. ഒരു കാട്ടുപൂച്ചയുടെ ചുറ്റുപാടിൽ അതിക്രമിച്ച് കയറുന്ന ഒരാളെക്കുറിച്ചുള്ള ഈ ആശയം ഞാൻ കണ്ടപ്പോൾ, സാഹചര്യപരമായ നർമ്മത്തിന് ഇതിന് ശക്തമായ സാധ്യതയുണ്ടെന്ന് ഞാൻ കരുതി. മൃഗശാലയിൽ സിംഹത്തിനു മുന്നിൽ പെട്ടുപോയ മദ്യപനായ യുവാവിന്റെ സംഭവം കേരളത്തില്‍ തിരുവനന്തപുരത്താണ് യഥാര്‍ത്ഥമായി നടന്നിട്ടുള്ളത്. എന്നാല്‍ ലോകത്തിന്റെ പല ഭാഗത്തും ഇത്തരം സംഭവങ്ങള്‍ പലപ്പോഴായി നടന്നിട്ടുണ്ട്. കേട്ടപ്പോഴും അറിഞ്ഞപ്പോഴുമത് ഒരു സിനിമയെന്ന രീതിയില്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു. അങ്ങനെയാണ് ഗ്ര്‍ര്‍ര്‍ സംഭവിച്ചത്. തിരുവനന്തപുരം മൃഗശാല അടിസ്ഥാനമാക്കിയുള്ള സിനിമയാണ് ഗ്ർർർ. മൃഗശാലയിൽ സിംഹത്തിനു മുന്നിൽ പെട്ടുപോയ മദ്യപനായ യുവാവും അയാളെ രക്ഷിക്കാനിറങ്ങിയ മൃഗശാല സൂപ്പർവൈസറുടെയും കഥയാണ് പറഞ്ഞത്. ഫാമിലി പ്രേക്ഷകരെ മുന്നില്‍ കണ്ട് ചെയ്ത സിനിമയാണത്.
സാധാരണ ഒരു സിനിമയെന്നതിലുപരി സിംഹം കേന്ദ്ര കഥാപാത്രമാകുമ്പോള്‍ ചില വെല്ലുവിളികളില്ലേ ?
സിനിമയുടെ കഥ എഴുതിയപ്പോൾ വേറൊന്നും ചിന്തിച്ചില്ല. അതില്‍ത്തന്നെ മുഴുകിയാണ് എഴുതിയത്. സിംഹം എങ്ങനെ സിനിമയിലെത്തും അതിനെ എങ്ങനെ അഭിനയിപ്പിക്കും ഇത് ഷൂട്ടു ചെയ്യാൻ പറ്റുമോ പെർമിഷൻ കിട്ടുമോ എന്ന കാര്യമൊന്നും അന്ന് ആലോചിച്ചില്ല. അങ്ങനെയൊക്കെ ആലോചിച്ചിരുന്നാല്‍ കഥയെഴുതാന്‍ പറ്റില്ലല്ലോ. കഥ എഴുതി തീർത്തപ്പോഴാണ് മുന്നില്‍ പലതരം വെല്ലുവിളികള്‍ വന്നത്. ഇനി ഇപ്പൊ എന്തൊക്കെ ചെയ്യണം, എന്ത് ചെയ്യും എന്ന് ആലോചിച്ചത്. സിംഹത്തെ കാസ്റ്റ് ചെയ്യാൻ അന്വേഷിച്ചപ്പോഴായിരുന്നു ആദ്യ ബുദ്ധിമുട്ട്. ഇന്ത്യയിൽ ഷൂട്ട് ചെയ്യാൻ പറ്റില്ലെന്ന് അറിഞ്ഞത് അപ്പോഴാണ്. അങ്ങനെയാണ് ഇന്ത്യയ്ക്കു പുറത്ത് കുറെ സ്ഥലങ്ങളിൽ പോയത്. ലണ്ടനിലും മൗറീഷ്യസിലും സൗത്ത് ആഫ്രിക്കയിലും ഷൂട്ട് ചെയ്യാൻ പറ്റും എന്ന് അറിഞ്ഞതും ആ യാത്രയിലാണ്. അതോടെ ഞാൻ മൗറീഷ്യസിൽ പോയി സിംഹത്തെ കണ്ടു.
കുഞ്ചാക്കോ ബോബനും സുരാജും തന്നെയായിരുന്നോ കഥയെഴുത്തിന്റെ സമയത്തും മനസ്സിലുണ്ടായിരുന്ന താരങ്ങള്‍ ?
അതെയതെ. അവരെ ചിന്തിച്ചു തന്നെയാണ് കഥയെഴുതിയത്. കഥ കേട്ടപ്പോള്‍ മാറിച്ചിന്തിക്കേണ്ട അവസ്ഥ വന്നതുമില്ല. അവര്‍ക്ക് രണ്ടു പേര്‍ക്കും കഥ വളരെ ഇന്ററസ്റ്റിംഗായി തോന്നി. അങ്ങനെയാണ് സിനിമ വര്‍ക്കൗട്ടാകാന്‍ തുടങ്ങിയത്. പിന്നത്തെ പ്രശ്നം സിംഹം എന്ന കേന്ദ്രകഥാപാത്രത്തെ എങ്ങനെ കണ്ടെത്തും എന്നതായിരുന്നു.
യഥാർഥ സിംഹത്തെ അഭിനയിപ്പിക്കണം എന്നത് ആഗ്രഹമായിരുന്നു. അതിവിടെ ചെയ്യാന്‍ പറ്റില്ല, അങ്ങനെയാണ് സൗത്ത് ആഫ്രിക്കയിൽ പോയത്. കുറെ സ്ഥലങ്ങളില്‍ സിനിമയില്‍ യഥാർഥ സിംഹം ഉണ്ട്, കുറച്ച് അനിമട്രോണിക്സ് ഉണ്ട്, വിഎഫ്എക്സും ഉണ്ട്, ഇത് മൂന്നും കൂടി ചേർന്നാണ് സിംഹത്തിന്റെ സീക്വൻസ് വരുന്നത്. അനിമട്രോണിക്സ് മാത്രം വച്ച ഷൂട്ട് ചെയ്താൽ കോമഡി ആയിപ്പോകും ചില ആംഗിളുകൾക്ക് വേണ്ടി മാത്രമാണ് അനിമട്രോണിക്സ് ഉപയോഗിച്ചത്, ഇതിൽ രണ്ടിലും പറ്റാത്തതാണ് വിഎഫ്എക്സ് ഉപയോഗിച്ചും ചെയ്തു.
കേരളത്തിൽ തിരുവനന്തപുരവും കണ്ണൂരുമായിരുന്നു സിനിമയുടെ ഷൂട്ടിങ്. കുഞ്ചാക്കോ ബോബൻ സൂരജ് വെഞ്ഞാറമൂട് എന്നിവരെ കൂടാതെ മഞ്ജു പിള്ള, രാജേഷ് മാധവൻ, അനഘ, ഷോബി തിലകൻ തുടങ്ങി നിരവധി താരങ്ങൾ ഈ സിനിമയിലുണ്ട്.
സിംഹത്തെ ഒഡിഷനിലൂടെ കണ്ടെത്തുകയായിരുന്നുവെന്ന് കേട്ടിരുന്നു ?
സിംഹത്തെക്കൊണ്ട് സിനിമയ്ക്കുള്ളില്‍ എന്തൊക്കെ വേണമെന്നുള്ളത് സ്റ്റോറി ബോർഡ് സഹിതം ലണ്ടനിലും മൗറീഷ്യസിലും സൗത്ത് ആഫ്രിക്കയിലുമുള്ളവര്‍ക്ക് അയച്ചുകൊടുത്തു. അവർ സിംഹത്തെ ഓഡിഷൻ ചെയ്ത് എടുത്ത് ഇതൊക്കെ ചെയ്യിപ്പിച്ച് വിഡിയോ അയച്ചു തന്നു. അതിൽ ഞങ്ങൾക്ക് എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ടത് സൗത്ത് ആഫ്രിക്കയിലെ സിംഹത്തെയാണ്. അങ്ങനെയാണ് ഒടുവിൽ ലൂക്ക് കോർണൽ എന്നയാളുടെ ഫാമിലെ സിംഹമായ മോജോയെ തിരഞ്ഞെടുത്തത്. കാരണം മറ്റൊന്നുമല്ല ഏറ്റവും ഗാംഭീര്യം അവനായിരുന്നു. മൃഗങ്ങളുടെ രാജാവിനെ റിസ്ക് എടുത്തു ഷൂട്ട് ചെയ്യുമ്പോള്‍ അവന്റെ ഗാംഭീര്യം ഒട്ടും കുറയാൻ പാടില്ലല്ലോ. ഹോളിവുഡിലും ബോളിവുഡിലും താരമായ മോജോയുടെ അഭിനയ പാടവത്തെക്കുറിച്ച് സംശയമൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ഞങ്ങളുടെ ആവശ്യമനുസരിച്ച് ലൂക്ക് മോജോയെ അവിടെ പരിശീലിപ്പിക്കുകയായിരുന്നു. അതിനു ശേഷം ഞങ്ങള്‍ സിനിമയില്‍ സിംഹത്തിനൊപ്പമുള്ള രംഗം ഒഴിവാക്കാനാവാത്ത ആര്‍ട്ടിസ്റ്റുകള്‍ അവിടെ പോയി സിംഹവുമായുള്ളത് ഷൂട്ട് ചെയ്തു. ബാക്കി അനിമട്രോണിക്‌സും വിഎഫ്എക്സും ചേര്‍ത്ത് ഭംഗിയാക്കി.
എങ്ങനെയായിരുന്നു സിംഹവുമൊത്തുള്ള ഷൂട്ടിംഗ് ?
ജീവൻ കയ്യിൽ പിടിച്ചാണ് ഞങ്ങൾ ഷൂട്ട് ചെയ്തത്. സിംഹവുമായി നേരിട്ട് ഇടപെടുന്ന സീനുകളൊന്നും അധികം ഇല്ല, കൂടുതൽ ഇടപഴകാൻ പോയാൽ ഞങ്ങളിൽ പലരും തിരിച്ചു വരാൻ കാണില്ല. വന്യമൃഗം അല്ലേ അതിനു അറിയില്ലല്ലോ നമ്മൾ സിനിമാ സംവിധായകനും നടന്മാരും ഒക്കെ ആണെന്ന് അതിന്റെ മുന്നിൽ നിൽക്കുന്നത് ഒരു ഡിന്നറിലെ മെയിൻ കോഴ്സും സ്റ്റാർട്ടറും ഒക്കെയാണ്. എവിടെ തുടങ്ങണം എന്ന് ചിന്തിച്ചായിരിക്കും സിംഹം നിൽക്കുന്നത്. ട്രെയിനറുമായി ഇണങ്ങിയും പിണങ്ങിയും ആണ് സിംഹം നിന്നത്. കൂടുതൽ പിണക്കം കാണിച്ചാൽ അയാൾ തോക്ക് എടുത്തു കാണിക്കും അപ്പൊ സിംഹം അടങ്ങും. സിംഹത്തെ സെറ്റിലേക്ക് ഒരു കൂട്ടിലിട്ടു കൊണ്ടുവരും, നമ്മൾ കൂട്ടിൽ കയറുമ്പോൾ സിംഹത്തെ പുറത്തിറക്കും, സിംഹം കൂട്ടിൽ കയറുമ്പോൾ നമ്മൾ പുറത്തിറങ്ങും. നടൻമാർ പുറത്തിറങ്ങി ഷൂട്ട് ചെയ്തുകഴിഞ്ഞ ഉടൻ കൂട്ടിൽ കയറും. അങ്ങനെ അല്ലാതെ റിസ്ക് എടുക്കാൻ കഴിയില്ലല്ലോ. അങ്ങനെ സിംഹത്തിന്റെ സൗകര്യത്തിനാണ് ഷൂട്ടിങ് ഷെഡ്യൂൾ ചെയ്യുന്നത്.
സിംഹത്തിനൊപ്പം അഭിനയിക്കുകയെന്നു കേൾക്കുമ്പോൾത്തന്നെ പലർക്കും പേടി തോന്നും. മോജോയെ കൂട്ടിൽ നിന്നിറക്കിക്കൊണ്ടുവരുമ്പോൾ ട്രെയിനറായ ലൂക്ക് കൂടെയുണ്ടെങ്കിൽ പോലും എല്ലാവർക്കും ഒരു പേടിയായിരുന്നു. സിംഹം സട കുലുക്കി ഒന്നു ഗർജിക്കുമ്പോൾ അത് വല്ലാത്തൊരു ഫീലാണ്. കൂട്ടിൽ കയറ്റിയ ശേഷം മറ്റൊരു വലിയ കൂട്ടിൽ ക്യാമറയും സെറ്റ് ചെയ്ത് ഞങ്ങൾ പത്തുപന്ത്രണ്ട് പേരിരിക്കും. ഞങ്ങൾ സുരക്ഷിതമായി കൂട്ടിൽ ഇരിക്കുന്നുവെന്ന് ഉറപ്പാകുമ്പോൾ കൂട് തുറന്ന് മോജോയെ പുറത്തിറക്കും.
സിംഹത്തോട് കൂട്ടുകൂടിയ ലൂക്ക് കോർണൽ എന്ന മനുഷ്യന് മോജോയുമായി വല്ലാത്തൊരു ആത്മബന്ധമുണ്ടായിരുന്നു. പട്ടിണി കിടന്ന് ഭയങ്കര വിശപ്പിലെത്തുന്ന മോജോ, ലൂക്ക് പറയുന്നതനുസരിച്ച് ഓരോ ഷോട്ടിലും വേഗം കാര്യങ്ങൾ ചെയ്യും. ഓരോ ഷോട്ട് കഴിയുമ്പോഴും മോജോയ്ക്ക് കുറച്ച് ഇറച്ചിയിട്ടുകൊടുക്കും. അതു കഴിച്ച ശേഷം അടുത്ത ഷോട്ട് വേഗത്തിൽ ചെയ്ത് ഇറച്ചി കഴിക്കാൻ മോജോ വരും. അതായിരുന്നു ലൂക്കിന്റെ തന്ത്രം.

മലയാളത്തിന്റെ പ്രിയ താരങ്ങള്‍ സിംഹത്തിനൊപ്പമുള്ള ഷൂട്ടിംഗ് ആസ്വദിച്ചിരുന്നോ ?
സിംഹവുമായിട്ടുള്ള ഷൂട്ട് ഉണ്ടെന്ന് പറഞ്ഞ് പറഞ്ഞുതന്നെയാണ് കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും സിനിമയിലേക്ക് എടുത്തത്. എല്ലാം പറഞ്ഞിട്ടാണ് അവരെ കൊണ്ടുപോയത്. അവരോട് കഥ പറഞ്ഞപ്പോൾ അവർ നന്നായി ആലോചിച്ചാണ് ഓക്കേ പറഞ്ഞത്. സിനിമയുടെ റിസ്കിനെക്കുറിച്ച് രണ്ടുപേർക്കും പൂർണ ബോധ്യമുണ്ടായിരുന്നു. അവർ അങ്ങനെ ഒരു റിസ്ക് എടുത്തതുകൊണ്ടാണ് ഈ സിനിമ സംഭവിച്ചത്.
അവർ സാങ്കേതികതയിലേക്ക് കടക്കുന്നില്ലല്ലോ, കഥയിലും അവരുടെ കഥാപാത്രങ്ങളിലും അവര്‍ക്ക് കൗതുകം തോന്നി. അവർ എന്നിൽ വിശ്വസിച്ചു. ചാക്കോച്ചന്‍ ഉടൻ സമ്മതിച്ചു, പക്ഷേ സൂരാജിന് ഒന്നുരണ്ടു കാര്യങ്ങൾ അറിയാൻ ആഗ്രഹമുണ്ടായിരുന്നു. ഞാൻ അതിൽ ഉൾപ്പെട്ടിരിക്കുന്ന അപകടസാധ്യതകൾ വിശദീകരിച്ചതിന് ശേഷം അദ്ദേഹം അത് അവന്റെ വീട്ടുകാരുമായി ചർച്ച ചെയ്‌ത് ബോർഡിൽ കയറി.
ഷൂട്ട് ചെയ്യുന്നതിന്റെ തലേദിവസം സിംഹത്തിന് ഭക്ഷണം കൊടുക്കില്ല. കാരണം വയറു നിറഞ്ഞാൽ മടിപിടിച്ചു കിടക്കും. ഓരോ ഷോട്ട് കഴിയുമ്പോ കുറേശെ ഭക്ഷണം കൊടുക്കും. ഓരോ ഷോട്ടിലും സിംഹം അഭിനയിക്കുന്നത് കൂടുതൽ ഭക്ഷണം കിട്ടും എന്ന പ്രതീക്ഷയിലാണ്. സുരാജിനെ വച്ചാണ് ഷൂട്ട് തുടങ്ങിയത്. ആദ്യത്തെ ഷോട്ട് ഓക്കേ ആയി രണ്ടാമത്തെ ഷോട്ട് ആയപ്പോ സിംഹം ഒന്ന് വയലന്റായി ഒന്ന് അലറി. സുരാജ് പേടിച്ച് ‘എന്റെ അമ്മേ’ എന്ന് വിളിച്ച് ഒറ്റ പോക്ക് പോയി. ദേഹാസ്വാസ്ഥ്യം എന്നാണ് പറഞ്ഞത് പിന്നെയാണ് അറിഞ്ഞത് സുരാജ് പേടിച്ചു പോയതാണെന്ന്. പിന്നെ ചാക്കോച്ചനെ വച്ച് ഷൂട്ട് ചെയ്തു. ചാക്കോച്ചൻ എല്ലാ ഷോട്ടും അഭിനയിച്ചു തീർത്തു. ഭാഗ്യത്തിന് ആർക്കും പരുക്കുകൾ ഒന്നും ഉണ്ടായില്ല. സിംഹത്തിന്റെ അലർച്ച ഭയങ്കരമാണ്. അടുത്തുവന്ന് ഒറ്റ അലർച്ച അലറിയാൽ നമ്മൾ കിടുങ്ങിപ്പോകും. അലർച്ച ഒന്നുരണ്ടു കിലോമീറ്ററിന് അപ്പുറം ഏറെ കേൾക്കാം. ഒരാഴ്ച എടുത്തു ആ സീനുകൾ ഷൂട്ട് ചെയ്തു തീർക്കാൻ.
ചില ദിവസം സിംഹരാജാവ് മടിപിടിച്ചു കിടക്കും അന്ന് ഷൂട്ട് നടക്കില്ല. എനിക്ക് ആ സമയത്ത് പേടി അല്ല, എങ്ങനെയെങ്കിലും ഷൂട്ട് തീർക്കണം എന്നായിരുന്നു ചിന്ത. പേടിച്ചു കഴിഞ്ഞാൽ ഒന്നും ചെയ്യാൻ കഴിയില്ല. ഷൂട്ടിങ് വൈകുന്നേരം അഞ്ചുമണിയോടെ കഴിയുന്ന രീതിയിലാണ് പ്ലാൻ ചെയ്തിരുന്നത്. അഞ്ചുമണിക്ക് മോജോ കൂട്ടിൽ കയറുന്നതോടെ ഞങ്ങൾ കൂട്ടിൽ നിന്ന് പുറത്തിറങ്ങും. ഒരു ദിവസം ഷൂട്ടിങ് കഴിഞ്ഞ് മോജോ കൂട്ടിൽ കയറാൻ തയ്യാറാകാതെ അവിടെയൊക്കെ കറങ്ങിനടക്കാൻ തുടങ്ങി. മണിക്കൂറുകൾ കഴിഞ്ഞിട്ടും അവൻ കൂട്ടിൽ കയറുന്നില്ല. രാത്രി ഒൻപത് മണിയായിട്ടും മോജോ കറക്കം തുടർന്നതോടെ ‘വേഗം കയറെടാ മോനേ’ എന്നൊക്കെയുള്ള ഡയലോഗും പറഞ്ഞ് ഞങ്ങൾ കൂട്ടിൽ അവശരായിരുന്നു. ഒടുവിൽ അവനുതന്നെ തോന്നി പത്തുമണിയോടെ കൂട്ടിൽ കയറിയപ്പോഴാണ് ജീവനുംകൊണ്ട് ഞങ്ങൾ പുറത്തിറങ്ങിയത്.
എസ്രയ്ക്ക് ശേഷം വലിയൊരു ഇടവേളയെടുത്തിരുന്നല്ലോ ?
എസ്ര എന്ന സിനിമ ഇറങ്ങിയിട്ട് ഏഴുവർഷമായി. അത് കഴിഞ്ഞു എന്റെ സിനിമാ കരിയറിൽ വലിയ ഗ്യാപ് ഒന്നും വന്നിട്ടില്ല. എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. മലയാളത്തിൽ ആണും പെണ്ണും എന്നൊരു ആന്തോളജി ചെയ്തു. ഇമ്രാൻ ഹാഷ്മിയെ വച്ച് ഒരു ഹിന്ദി സിനിമയും ചെയ്തിരുന്നു. കോവിഡിന് മുൻപ് വരേണ്ടതാണ് ഗ്ർർർ. കോവിഡ് വന്നതോടെ സിനിമ ചെയ്യാനുള്ള വഴികൾ അടഞ്ഞല്ലോ. പക്ഷേ പാൻഡെമിക് സമയത്ത് ഞങ്ങൾ ജോലി ആരംഭിച്ചു, ഇത് വലിയൊരു അനുഗ്രഹമായിരുന്നു, കാരണം ഇത് വിപുലമായ പ്രീ-പ്രൊഡക്ഷൻ ചെയ്യാൻ ഞങ്ങളെ സഹായിച്ചു. ഞങ്ങൾക്ക് ഇത്രയും സാങ്കേതിക പഠനം നടത്താൻ കഴിയുമോ എന്ന് എനിക്ക് ഉറപ്പില്ല. പോസ്റ്റ്-പ്രൊഡക്ഷൻ മാത്രം ഒരു വർഷം നീണ്ടുനിന്നു. അതുകൊണ്ടാണ് വലിയൊരു ഇടവേള വന്നു എന്ന് തോന്നുന്നത്. പക്ഷേ ആ സമയം മുഴുവൻ ഞാൻ ഈ സിനിമയുടെ മുന്നൊരുക്കങ്ങളിൽ ആയിരുന്നു. ഗ്ർർർ വിദേശത്ത് ഷൂട്ട് ചെയ്യണമായിരുന്നു അതുകൊണ്ട് കാത്തിരുന്നേ മതിയാകൂ. സിനിമയുടെ തിരക്കഥ കാലാനുസൃതമായി മാറ്റങ്ങൾ വരുത്തിക്കൊണ്ടിരുന്നു.
ഗ്ര്‍ര്‍ര്‍ സ്വീകരിച്ച പ്രേക്ഷകരോട് പറയാനുള്ളത് ?
കുട്ടികളാണ് ഈ സിനിമ ഏറെ ആസ്വദിക്കുന്നത്. അത് പലരും സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുന്നുമുണ്ട്. കുട്ടികൾക്കൊക്കെ ഒരു പുതിയ അനുഭവമായിരിക്കും ഈ സിനിമ. കുടുംബ പ്രേക്ഷകരുൾപ്പടെ എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന ഒരു കംപ്ലീറ്റ് എന്റര്‍ടെയ്നറാണിത്. അത് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു ആസ്വദിക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. നല്ല സിനിമകളെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്ന പ്രേക്ഷകരോട് പറയാനുള്ളത് ഒന്നു മാത്രം, ഹൃദയത്തില്‍ ചാലിച്ച നന്ദി...