
അമിത വിമാന ടിക്കറ്റ് നിരക്കിനെതിരെ പ്രതിഷേധവുമായി പ്രവാസി സംഘടനകൾ. പ്രവാസികളോടുള്ള അനീതിയാണ് നിരക്ക് കുറയ്ക്കാനുള്ള നിർദേശങ്ങൾ നടപ്പാക്കാത്തതിന് കാരണമെന്ന് കെഎംസിസി വിമർശിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിമാന യാത്രാരംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടണമെന്ന് ഐസിഎഫ് ആവശ്യപ്പെട്ടു.
ജൂൺ അവസാനത്തോടെ സ്കൂളുകളടച്ച് വേനലവധിക്ക് പ്രവാസി മലയാളികൾ കുടുംബത്തോടെ നാട്ടിലേക്ക് തിരിക്കും. വിമാനനിരക്കും അതുപോലെ കുത്തനെ കയറും. കേന്ദ്രത്തിൽ പുതിയ സർക്കാരും ജനപ്രതിനിധികളും എത്തിയ സാഹചര്യത്തിൽ സമ്മർദം ശക്തമാക്കുകയാണ് പ്രവാസികൾ. അവസാനിക്കാത്ത ആകാശച്ചതികൾ എന്ന പേരിലായിരുന്നു ഐസിഎഫ് യുഎഇയിൽ ജനകീയ സദസ്സുകൾ. ദുബൈ സെൻട്രൽ സംഘടിപ്പിച്ച ജനകീയ സദസ്സിൽ മാധ്യമപ്രവർത്തകരും പൊതുപ്രവർത്തകരുമുൾപ്പടെ ചർച്ചകളിൽ പങ്കെടുത്തു.
വിമാന നിരക്കിലെ ചൂഷണത്തിനെതിരെ സർക്കാരുകൾ ഇടപടാതിരിക്കുന്നത് പ്രവാസികളോടുള്ള അനീതിയാണെന്ന് ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാക്കമ്മറ്റി വിളിച്ചുചേർത്ത പ്രഭാത സംഗമത്തിൽ ചർച്ച ഉയർന്നു. വിമാന നിരക്കിനപ്പുറം ഉത്തരവാദിത്തമില്ലാത്ത വൈകലും റദ്ദാക്കലും സർവ്വീസ് വെട്ടിക്കുറയ്ക്കലുമാണ് പ്രതിഷേധത്തെ ശക്തമാക്കുന്നത്.





